സ്വാധീനിച്ച പുസ്തകങ്ങള്‍ ..

പുസ്തക നിരൂപണം .."യയാതി"(1959)ശ്രീ വി .എസ്.ഖാണ്ഡേക്കര്‍
=================================================
ഔദ്യോഗിക ജീവിതത്തില്‍ നിന്നും വീണു കിട്ടിയ അവധിയിലാണു ഞാന്‍ "യയാതി "എന്ന മഹാ നോവല്‍ വായിക്കുന്നത്..1980 കാലഘട്ടത്തില്‍ മാതൃഭൂമി ആഴ്ച്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്ന യയാതിയെ ചില സാങ്കേതിക കാരണങ്ങളാല്‍ അന്നു തുടര്‍ വായന  എനിക്ക് സാധ്യമാവാതെ പത്ത് അദ്ധ്യായങ്ങളില്‍ മാത്രമായി  ആ വായനയെ ഒതുക്കേണ്ടി വന്നു. പിന്നീടെപ്പോഴൊ തൃശ്ശൂര്‍ ഡിസി ബൂക്ക്സില്‍ നിന്ന് ഞാനാ നോവല്‍ വാങ്ങിയെങ്കിലും തിരക്ക് പിടിച്ച എന്റെ ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ ആ ഉല്‍കൃഷ്ട  കൃതിയെ എന്റെ പുസ്തകശേഖരത്തിനുള്ളില്‍ വിശ്രമിക്കാന്‍ നിര്‍ബന്ധിതമാക്കി.ഈ ജൂണില്‍ നാട്ടില്‍ പോയപ്പോഴാണു യയാതിയെ ഞാന്‍ വീണ്ടും കാണുന്നത്..കൂടെ കൊണ്ട് പോരുകയും ചെയ്തു.പിന്നെ കിട്ടിയ ഈ നീണ്ട അവധിയില്‍ എന്റെ രാവിനെ ധിഷണാസമ്പുഷ്ടമാക്കിയിരുന്നത് യയാതിയായിരുന്നു എന്നു പറഞ്ഞാല്‍ അതൊരിക്കലും ഒരു അതിശയോക്തിയാവില്ല..
ഇരുപതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രമുഖ പ്രതിഭാധനരായ ഭാരതീയ സാഹിത്യകാരന്മാരുടെ ഇടയില്‍ വിഷ്ണു സാഖറാം ഖാണ്ഡേക്കറിനു (1898-1976)വിശിഷ്ട സ്ഥാനമാണുള്ളത്.യയാതി അദ്ദേഹമെഴുതി പ്രസിദ്ധീകരിക്കുന്നത് 1959 ല്‍ ആണു.ഇതെഴുതി തീര്‍ക്കാന്‍ ഏഴെട്ട് വര്‍ഷങ്ങളെടുത്തു.ഇടയില്‍ മൂന്നു വര്‍ഷത്തോളം എഴുത്ത് തന്നെ മുടങ്ങിയെങ്കിലും ഈ കഥയോടുള്ള അദ്ദേഹതിന്റെ അഭിനിവേശവും എഴുതി തീര്‍ക്കുമെന്ന ഉറച്ച തീരുമാനവും പ്രതിസന്ധികളെ തരണം ചെയ്ത് ഈ ഉല്‍കൃഷ്ട കൃതി  മുഴുമിപ്പിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു.തന്നെയുമല്ല ഇത്രയും കഠിനമായ പ്രയത്നത്തിനു ആ കാലഘട്ടത്തിലെ എന്നു മാത്രമല്ല ഇതുവരെ രചിക്കപെട്ട  കൃതികളില്‍ നിന്നും വിഭിന്നമായ് ഭാരതീയ സാഹിത്യ ശാഖയില്‍ അദ്ദേഹത്തേയും ഈ  സൃഷ്ടിയേയും ഉല്‍കൃഷ്ട്മായ സ്ഥാനത്ത് അവരോധിക്കുന്നതിനു ഏറെ താമസമുണ്ടായില്ല.1958-1967 കാലഘട്ടങ്ങളില്‍ രചിക്കപെട്ട   മികച്ച കൃതിക്കുള്ള പുരസ്കാരം യയാതിയിലൂടെ ശ്രീ ഖാണ്ഡേക്കറെ തേടിയെത്തി..1960-ല്‍ സാഹിത്യ അക്കദമി അവാര്‍ഡും മഹാരാഷ്ട്ര ഗവര്‍മ്മെന്റിന്റെ അവാര്‍ഡും ലഭിച്ചതിനു പിറകെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഫെല്ലോ ആയി ആദ്ദേഹത്തെ തിരഞ്ഞെടുത്തു.ശേഷം പത്മഭൂഷണ്‍ ബഹുമതിയും നല്‍കി ഭാരത സര്‍ക്കാര്‍ ഖാണ്ഡേക്കറെ ആദരിച്ചു.1974 ല്‍ ജ്ഞാനപീഠം പുരസ്കാരം കിട്ടിയതോടെ ഭാരതമൊട്ടുക്കും അദ്ദേഹത്തിന്റെ "യയാതി" സാഹിത്യ നഭസ്സിലെ ധ്രുവനക്ഷത്രമായി തിളങ്ങി.
ജീവിതത്തെ അതിന്റെ സങ്കീര്‍ണതകളോടും വൈവിധ്യത്തോടും കൂടി തന്നെ കാണുന്നു എന്നതിനു അദ്ദേഹത്തിന്റെ രചനകള്‍ ഉത്തമോദാഹരണങ്ങളാണു.
"യയാതി" മഹാഭാരത്തില്‍ നിന്നുള്ള ഒരേടാണെങ്കിലും അതിന്റെ പുനരാഖ്യാനം ജീവിതത്തിന്റെ സനാതന സുഖ ദുഃഖങ്ങളുടേയും വിവിധ വികാരങ്ങളുടേയും ഭൂമികയായാണു നമുക്ക് കാണാന്‍ കഴിയുക.വാല്സല്യം ,ദയ. .,കാമം .ക്രോധം .പ്രതികാരം ,ഭയം ത്യാഗം സര്‍വോപരി ജീവിത സത്യങ്ങള്‍ ഇവയുടെ സമ്മോഹന സംഗമമാണു യയാതിയെ വായിക്കുമ്പോള്‍ നമ്മളുടെ അന്തഃരംഗം അറിയുക.തിന്നുക ,കുടിക്കുക,രസിക്കുക എന്നതിലുപരി മനുഷ്യജന്മത്തിനു മറ്റു ചില മഹത്തായ ലക്ഷ്യങ്ങളുണ്ടെന്നു നമ്മളെ മനസ്സിലാക്കിപ്പിക്കുന്നു..ചെറുതും വലുതുമായ അറുപത്തിരണ്ട് അദ്ധ്യായങ്ങളുള്ള മഹത്തായ ഒരു സൃഷ്ടിയാണു യയാതി .ആത്മകഥാ ശൈലിയാണു കഥ പറയുന്നതില്‍ അവലംബിച്ചിട്ടുള്ളത്.പ്രധാന കഥാപാത്രമായ യയാതി ഹസ്തിനപുരിയിലെ നഹുഷ മഹാരാജാവിന്റെ രണ്ടാമത്തെ പുത്രനാണു.അദ്ദേഹത്തിന്റെ സീമന്ത പുത്രനായ യതി കൌമാരം തുടങ്ങുമ്പോഴേക്കും സന്യാസം സ്വീകരിച്ച് ആര്യാവര്‍ത്തത്തിലെ  ഹിമസാനുക്കളിലെവിടേയോ അഭയം തേടി.നഹുഷന്‍ ദസ്യുക്കളേയും ദേവന്മാരേയും യുദ്ധത്തില്‍ തോല്പിച്ചതിനാല്‍ ലഭ്യമാകുന്ന ഇന്ദ്രപദവിയില്‍ മതിമറന്നു ഇന്ദ്രാണിയെ മോഹിച്ചതിനു ശിക്ഷയായ് അഗസ്ത്യ മുനി നല്കുന്ന ശാപം. നഹുഷനും അവന്റെ പുത്രന്മാരും ഒരിക്കലും സുഖമനുഭവിക്കുകയില്ല എന്ന മഹാശാപത്തിന്റെ ഇരയായെന്ന പോലെയാണു യതി ജീവിതത്തില്‍ വിരക്തി അനുഭവിച്ച് സന്യാസം നെഞ്ചോട് ചേര്‍ത്തത്..വീര ശൂര പരാക്രമിയായ നഹുഷന്റെ ദാരുണ അന്ത്യം ,ഭര്‍ത്താവില്‍ നിന്നും വേണ്ട പരിഗണന ലഭിക്കാത്ത മഹാറാണി,. അദ്ദേഹത്തിന്റെ പരസ്ത്രീഗമനത്തിലും സുഖലോലുപതയിലും ദുഃഖിച്ച് ഒരു മകനെ നഷ്ടപെട്ട വ്യഥയില്‍ രണ്ടാമത്തെ മകനു നല്കുന്ന അതിരു കവിഞ്ഞ വാല്‍സല്യം അവനെ ജീവിതത്തിന്റെ സുഖങ്ങളില്‍ അത്രം മുഴുകുന്നതിനു പ്രേരിപ്പിക്കുന്നു;പിതാവിന്റെ പാതയില്‍ തന്നെ ചരിക്കുന്നതിനു യയാതിയെ തല്പരനാക്കുന്നു.
മുഖ്യമായും യയാതിയും കൂടാതെ അസുരഗുരുവായ ശുക്രാചാര്യന്റെ മകളും യയാതി അവിചാരിതമായി പാണിഗ്രഹണം നടത്തേണ്ടി വന്നു തന്റെ പട്ടമഹിഷിയായ് വാഴിക്കേണ്ടി വന്ന ദേവയാനിയും .അസുര രാജാവ്  വൃഷപര്‍വ്വാവിന്റെ മകളും ദേവയാനിയുടെ കളിക്കൂട്ടുകാരിയുമായ രാജ കന്യക ശര്‍മ്മിഷ്ഠ ചെയ്തു പോയ ചെറിയൊരു പിഴവിനു മുനികുമാരിയുടെ ദാസ്യ വൃത്തി ചെയ്തു ഹസ്തിനപുരത്തില്‍ കഴിയേണ്ടി വരുന്നു.അങ്ങനെ കഴിയുന്ന ശര്‍മിഷ്ഠയെ ജീവിതത്തിന്റെ ഒരു പ്രത്യേകസാഹചര്യത്തില്‍  ഗാന്ധര്‍വ്വ വിധി പ്രകാരം യയാതിക്ക് പത്നിയായി സ്വീകരിക്കേണ്ടി വരുന്നു.ദേവയാനി മഹാറാണിയെന്ന പദവിയെ മാത്രം കാംക്ഷിച്ച്   അദ്ദേഹത്തെ കൂടെകൂടെ അപമാനിച്ചു സ്ത്രീത്വത്തിന്റെ ധാര്‍ഷ്ട്യതയാണു പ്രകടിപ്പിച്ചതെങ്കില്‍ തികഞ്ഞ ഭര്‍തൃഭക്തയും പതിവ്രതയുമായ ശര്‍മ്മിഷ്ഠയെ സഹനത്തിന്റേയും ക്ഷമയുടേയും  സ്ത്രീ രത്നമായി കാണാനാകും .
ഈ മൂന്നു പ്രധാന കഥാപാത്രങ്ങളിലൂടെ നിവരുന്ന ജീവിതകുരുക്കുകള്‍ കഥയുടെ ഒഴുക്കിനു വിഘ്നം വരാത്ത വിധത്തില്‍ ചിട്ടയോടെ ക്രമീകരിച്ചിട്ടുള്ളത് വായനാ സുഖത്തെ അതിന്റെ  ഔന്നത്യത്തിലെത്തിക്കുന്നു.ദ്വന്ദങ്ങളായ അതായത് ശരീരവും ആത്മാവും എന്ന പോലെ നന്മയും തിന്മയും,പുരുഷനും സ്ത്രീയും, ഋഷിവര്യനും ക്ഷത്രിയനും എന്നിങ്ങനെ വ്യത്യസ്ഥങ്ങളായ രണ്ട് ദ്വന്ദങ്ങളെ ഖാണ്ഡേക്കറുടെ ജീവിത ദര്‍ശനത്തിനും ജീവിതാദര്‍ശങ്ങള്‍ക്കും അനുസൃതമായി തന്റെ വീക്ഷണകോണിലൂടെ അനുവാചകനു മനസ്സിലാകത്തക്ക വിധത്തിലാണടുക്കിയിട്ടുള്ളത് .മഹര്‍ഷി വര്യനും യയാതിയുടെ ആത്മ സുഹൃത്തുമായ കചന്‍ എന്ന കഥാപാത്രം തത്വചിന്താപരമായ ശ്ലോകങ്ങളിലൂടെ ജീവിതത്തിന്റെ നിമ്നോന്നതികളെ തുറന്നു പറയുന്നു.ആ  കചന്‍ തന്നെയാണ്‍.. കടിഞ്ഞാണില്ലാത്ത ജീവിത ചര്യകളില്‍ മതിമറന്നു പായുന്ന ഒരു ഭ്രാന്തന്‍ കുതിരയായ യയാതി എന്ന മഹാരാജാവിനെ നല്ലൊരു മനുഷ്യനാക്കി മാറ്റുന്നത്..ശരീരത്തിന്റെ ഇഛകളെ അവഗണിച്ചും മനസ്സിനെ അടക്കിയും കൊടും തപസ്സനുഷ്ടിക്കുന്ന യതിക്ക് ഭോഗ-ത്യാഗങ്ങളുടെ കാര്യത്തില്‍ സഹോദരനായ യയാതിയുമായി ധ്രവങ്ങളുടെ അന്തരമുണ്ട്.എന്നിരുന്നാലും സന്ന്യാസ ജീവിതം നയിക്കുന്ന മാനുഷികമൂല്യങ്ങളെ മതിക്കുന്ന കചന്റെ മാര്‍ഗത്തില്‍ നിന്നും തികച്ചും വ്യത്യസ്ഥമായൊരു മാര്‍ഗത്തിലൂടെയാണ് കൌമാരത്തിലെ ജീവിത വിരക്തി കൈകൊണ്ട യതിയുടെ പ്രയാണം..
ജാമാതാവിന്റെ കുത്തഴിഞ്ഞ ജീവിത ശൈലിയില്‍ ക്രോധം പൂണ്ട  ശ്വശുരന്റെ കോപാഗ്നിയില്‍ ശാപം കിട്ടിയ യയാതി കാലമെത്തും മുന്‍പേ ജരാനരകള്‍ ബാധിച്ച വൃദ്ധനായ് തീരുന്നു.അടുത്ത നിമിഷത്തില്‍ കരളലിഞ്ഞ ശുക്രാചാര്യന്‍ യയാതിക്ക് ശാപമോക്ഷവും നല്‍കുന്നുണ്ട് .സ്വന്തം രക്തത്തില്‍ പിറന്ന ആരെങ്കിലും ഈ വാര്‍ദ്ധക്യം ഏറ്റെടുക്കാന്‍ തയ്യാറാണെങ്കില്‍ യയാതിക്ക് ആ ഏറ്റേടുത്ത ആളിന്റെ യൌവനം ലഭിക്കും ..ശര്‍മ്മിഷ്ഠയില്‍ പിറന്ന പുരു തങ്ങളുടെ അജ്ഞാത വാസം മതിയാക്കി  ദസ്യുക്കള്‍ യുദ്ധത്തടവുകാരനായി തടവറയിലിട്ടിരുന്ന സ്വസഹോദരന്‍ യദുവിനെ മോചിപ്പിക്കുകയും ദസ്യുക്കളുടെ മേല്‍ വിജയം വരിക്കുകയും ചെയ്ത് വീരപുരുഷനായി രാജാവായി പട്ടാഭിഷേകം നടത്താന്‍ ഒരുങ്ങുന്ന യദുവുമായി ഹസ്തിനപുരിയിലെത്തുന്നു.ശാപത്തിന്റെ വ്യഥയില്‍ തന്റെ സുഖങ്ങള്‍ക്ക് മാത്രം പ്രാധാന്യം കല്പിച്ച യയാതി പുത്രനായ യദുവിനോട് അവന്റെ യൌവനം മഹാരാജവെന്ന പദവിക്ക് പകരമായി ചോദിക്കുന്നു.അതിനു യദു തയാറകാതെയിരിക്കുന്ന അവസരത്തിലാണു പുരു യയാതിയുടെ രക്തത്തില്‍ പിറന്ന മകനാണെന്ന പ്രഖ്യാപനത്തോടെ പിതാവിനോടൂള്ള തന്റെ കടമ അദ്ദേഹത്തിനു തന്റെ യൌവനം കടം കൊടുക്കുന്നതിലൂടെ  നിര്‍വഹിക്കാന്‍ തയ്യാറാകുന്നത്.ഇവിടെ മനുഷ്യനസാദ്ധ്യമായ ഒരു ത്യാഗവും ശരീരത്തിന്റെ മ്ലേഛമായ ഒരിഛക്ക് വേണ്ടി പുത്രനാണെന്ന ചിന്ത പോലുമില്ലാത്ത ഭോഗിയേയും നമുക്ക് കാണാനാകുന്നു...
കാമമെന്ന അധമ വികാരാത്തിന്നടിമപെട്ട് മദ്യവും മദിരാക്ഷിയുമായി ജീവിതം ആസ്വദിക്കണമെന്ന ദൃഢ നിശ്ചയത്തിനു പിന്നില്‍ പത്നി ദേവയാനിയോടുള്ള അടക്കാനാവാത്ത പ്രതികാരവുമുണ്ട്.സ്വന്തം രക്തത്തില്‍ പിറന്ന മകനായ പുരുവില്‍ നിന്നും യൌവ്വനം കടം കൊണ്ട നിമിഷത്തില്‍ തന്നെ താന്‍ ചെയ്തു പോയ തെറ്റിനെ കുറിച്ച് യയാതി ബോധവാനാകുന്നു.അവിടെയാണു കചന്‍ എന്ന സുഹൃത്ത് യയാതിയെന്ന മനുഷ്യന്റെ തുണക്കെത്തുന്നത്..ഉന്മാദം എന്ന വികാരം മറ്റൊരു മരണമാണ്.ആത്മാവിന്റെ മരണം എന്ന് യയാതി മനസ്സിലാക്കുന്നു.കചനാല്‍ ലഭ്യമാകുന്ന ശാപമോക്ഷത്തില്‍ തന്റെ യൌവ്വനവും പുത്രന്‍ പുരുവിന്റെ യൌവ്വനവും നിലനിര്‍ത്താന്‍ സാധിക്കുന്നു.പക്ഷെ ഭൌതികസുഖങ്ങളിലപ്പോഴേക്കും വിരസത തോന്നിയ യയാതി മുനി കചനോടൊപ്പം വാനപ്രസ്ഥം സ്വീകരിച്ച് യാത്രയാവുകയാണ്."സുഖത്തിലും ദുഃഖത്തിലും എല്ലായ്പ്പോഴും ഒരു കാര്യം ഓര്‍മയിരിക്കട്ടെ .കാമവും അര്‍ത്ഥവും പുരുഷാര്‍ത്ഥങ്ങളാണ്.പ്രേരകങ്ങളായ പുരുഷാര്‍ത്ഥങ്ങള്‍ .എന്നാല്‍ ,ഈ പുരുഷാര്‍ത്ഥങ്ങള്‍ സ്വഛന്ദം ഓടുന്നവയാണ്.ഈ പുരുഷാര്‍ത്ഥങ്ങള്‍ അന്ധമായിത്തീരുമെന്ന് വിശ്വസിക്കാന്‍ വയ്യ.അവയുടെ കടിഞ്ഞാണ്‍ എപ്പോഴും ധര്‍മത്തിന്റെ കയ്യിലായിരിക്കണം "ഇങ്ങനെയൊരു
സന്ദേശത്തോടെയാണു "യയാതി" എന്ന കൃതി അവസാനിപ്പിക്കുന്നത്..
മനുഷ്യനു ശരീരവും ആത്മാവും ഒരു പോലെ അനുപേക്ഷണീയങ്ങളാണ്.ഇവ രണ്ടിന്റേയും വിശപ്പടക്കിയാലെ ജീവിതം സന്തുലനമാവുകയുള്ളൂ..ഒരു വ്യക്തിക്ക് സ്വന്തം സുഖമെന്നതിനേക്കാള്‍ സമൂഹത്തിനും കുടുംബത്തിനും വേണ്ടി ത്യാഗങ്ങള്‍ സഹിക്കേണ്ടി വരും .സുഖഭോഗങ്ങളില്‍ മുഴുകുമ്പോഴും ലോകത്തോടുള്ള തന്റെ കടപ്പാട് മറക്കാതെ ജീവിതത്തിന്റെ ,മാനവകുലത്തിന്റെ ,സന്തുലിതാവസ്ഥ നിലനിര്‍ത്തുക എന്നതാണു യയാതിയിലൂടെ ശ്രീ ഖാണ്ഡേക്കര്‍ തരുന്ന സന്ദേശം ..മനഃശ്ശാസ്ത്രവും .തത്വചിന്തയും കാവ്യവും മനോഹരമായി കോര്‍ത്തിണക്കിയാണു ഈ ഉല്‍കൃഷ്ട കൃതി എഴുതപെട്ടിട്ടുള്ളത്.നോവലിന്നാധാരമായ വിഷയം പൌരാണികമാണെങ്കിലും സമകാലികമാണു.വൈവിധ്യമാര്‍ന്ന പ്രകൃതിയും അതിലും ഭിന്നപ്രകൃതങ്ങളായ മനുഷ്യ ജീവിതങ്ങളും  അവരുടെ പ്രശ്നങ്ങളും പരിഹാരങ്ങളും എല്ലാം ചേര്‍ന്നു മനോഹരമായ ഒരു അതിശയമായി "യയാതി" നമുക്ക് മുന്നില്‍ വിരാജിക്കുന്നു.

2 comments:

  1. അതിമനോഹരമായ ഉള്ളടക്കം

    ReplyDelete
  2. യയാതിയെ കുറിച്ചുള്ള ഒരെന്വേഷണത്തിന്‍റെ ഭാഗമായി എത്തിപ്പെട്ടതാണ് ഇവിടെ. വായിച്ചപ്പോള്‍ വളരെ നല്ല ഒരാസ്വദക കുറിപ്പായി തോന്നി. നിര്‍ത്തിയ എഴുത്തുകള്‍ തുടരാനുള്ള ഒരു ശ്രമം നടത്തുമല്ലോ.

    ReplyDelete