Saturday 28 March 2015




അനന്തമായി നീളുന്ന രാവിന്റെ ഓരത്തിരുന്നാണ് ഞാനിത് കുറിക്കുന്നത് ...അനേകം ബിന്ദുക്കള്‍ ചേര്‍ന്ന് ഒരു രേഖയുണ്ടാകുമെന്നു നീ എപ്പോഴോ എന്നെ പഠിപ്പിച്ചിരുന്നു ..രേഖകള്‍ തമ്മില്‍ കൂട്ടി ചേര്‍ക്കുമ്പോള്‍ ആകൃതികള്‍ ഉണ്ടാകുമെന്നല്ലാതെ രേഖ മാത്രമായി നില നില്‍ക്കണമെങ്കില്‍ രേഖക്കൊപ്പം ഒരു സമാന്തര രേഖ ഉണ്ടായാല്‍ മാത്രമേ സാധ്യമാകൂ എന്ന് നീ പറയുമ്പോഴൊക്കെ അതിന്റെ പൊരുള്‍ എനിക്ക് അറിയുമായിരുന്നില്ല.ഇപ്പോഴൊന്നു ആ രേഖകളിലൂടെ തിരിഞ്ഞു നോക്കുമ്പോള്‍ എനിക്ക് മനസ്സിലാകുന്നു സമാന്തര രേഖകള്‍ ഒരിക്കലും കൂട്ടി മുട്ടാറില്ല എന്നും വ്യതിരിക്തമായി നിലകൊള്ളാനാണ് രേഖകളുടെ യോഗമെന്നും ...അല്ലെങ്കില്‍ തന്നെ കേവലം ജ്യാമിതീയ രൂപങ്ങളില്‍ കോരി വെക്കാനായിരുന്നോ നമ്മളുടെ സ്നേഹം കൂട്ടിവെച്ചത്...അറിയില്ല ..ബുദ്ധന്‍ പറഞ്ഞത് പോലെ ദൂരെ നിന്ന് നോക്കുമ്പോള്‍ കാണുന്ന വൃക്ഷം ധ്യാനത്തിലാണ് എന്ന അറിവാണ് തന്റെ ഉള്ളിലെ ജ്ഞാനം ഉണര്‍ന്നുവെന്നുള്ളതിന്റെ തെളിവ് എന്നതും ഞാന്‍ തിരിച്ചറിഞ്ഞിരിക്കുന്നു...

നിഴലും വെളിച്ചവും മാറിമറയുന്ന ചെറി തോട്ടങ്ങളില്‍ ഒരു വസന്തം വിരുന്നെത്തുമെന്നും ആ വസന്തത്തോട് ചെറിമരങ്ങള്‍ക്ക് എന്താണ് പറയാനുള്ളതെന്നും എന്റെ കവിളിലെ മറുകില്‍ തലോടി കൊണ്ട് നീ ചോദിക്കുമ്പോള്‍ ഞാന്‍ ഇലകൊഴിഞ്ഞു നഗ്നമായ ഒരു ശിശിരത്തില്‍ പ്രണയത്തിന്റെ സമവാക്യങ്ങള്‍ തേടുകയായിരുന്നു എന്ന് നീ മനസ്സിലാക്കാതെ പോയതെന്തേ ...മിഥ്യയും നശ്വരവുമായ ഉടലിനേക്കാള്‍ അനശ്വരവും സത്യവുമായ ആത്മാവിനെ നീ തിരിച്ചറിയാതിരുന്നതെന്തേ...നീ വസന്തത്തെ കുറിച്ച് ഉന്മാദിയായപ്പോള്‍ ഞാന്‍ ഗ്രീഷ്മത്തിലെ ഒരു തീജ്വാലയാകുകയായിരുന്നു ..നിന്റെ ചെവിയില്‍ പ്രണയാതുരയായ് എന്റെ വിരലുകളെ തഴുകാന്‍ അനുവദിച്ചപ്പോള്‍ നിന്റെ കണ്ണില്‍ വാന്‍ഗോഘിന്റെ സൂര്യകാന്തി പൂക്കള്‍ പൂത്തുലഞ്ഞത് ഞാന്‍ മനപ്പൂര്‍വം കണ്ടില്ലെന്നു നടിച്ചത് എന്തിനാണെന്ന് നിനക്കറിയുമോ ..? ചോരവാര്‍ന്നൊഴുകുന്ന മുറിച്ചിട്ട ചെവികളെ എന്റെ പാദങ്ങള്‍ അനുഭവിക്കാനിട വരാതിരിക്കാനായിരുന്നു എന്ന് നീ മനസ്സിലാക്കുമെന്ന് ഞാന്‍ കരുതി..നീ പക്ഷെ ഒരുന്മാദിയെ പോലെ വസന്തത്തെ കുറിച്ച് മാത്രം പാടി ..വസന്തം കഴിഞ്ഞാല്‍ എത്തുന്ന ഗ്രീഷ്മത്തെ നീ ഓര്‍ത്തതേയില്ല.. വരണ്ടുണങ്ങിയ മണ്ണിലേക്ക് വേനല്‍മഴയായ് ഉതിരാന്‍ വെമ്പുന്ന മേഘങ്ങളെപ്പോലെ തിടുക്കപ്പെട്ടു അലയുന്ന എന്റെ പ്രണയചിന്തകളെ ഒരിക്കല്‍ പോലും അധരസ്പര്‍ശത്താല്‍ അനശ്വരമാക്കാന്‍ തുനിഞ്ഞില്ല ...


ഇപ്പോള്‍ കറുത്തിരുണ്ട ആകാശത്തേക്ക് നോക്കൂ ..മിന്നാമിന്നു പോലെ മുനിഞ്ഞു കത്തുന്ന ഗോളങ്ങളെ പണ്ട് നീ പ്രണയത്തിന്റെ ഒറ്റയടിപ്പാതയിലെ നക്ഷത്ര വിളക്കുകള്‍ എന്ന് വിളിച്ചു ..എനിക്കറിയാമായിരുന്നു ഇരുള്‍ മൂടിയ എന്റെ പ്രണയ പാതയില്‍ വെളിച്ചം തൂവാന്‍ പരശ്ശതം പ്രകാശ വര്‍ഷങ്ങള്‍ക്കപ്പുറത്തെ ഈ ഗോളങ്ങള്‍ക്കാവില്ല എന്ന്..എന്നിട്ടും നിന്റെ വിറയാര്‍ന്ന പതിഞ്ഞ ശബ്ദത്തിലെ ആത്മാര്‍ഥതയില്‍ ഞാന്‍ അനേകം നക്ഷത്ര കുഞ്ഞുങ്ങള്‍ നീലക്കുറിഞ്ഞി പൂക്കുന്ന താഴ്വരയിലേക്ക് മിനുസമുള്ള ചിറകുകളുമായി പറന്നിറങ്ങുന്നത് സ്വപ്നം കണ്ടു.രാവിന്റെ ഏതോ യാമത്തില്‍ പെയ്തമര്‍ന്ന വേനല്‍ മഴയില്‍ പൊട്ടിമുളച്ച കൂണുകള്‍ക്കടിയില്‍ ഞാനാ സ്വപ്‌നങ്ങളെ അടക്കം ചെയ്തു. ഒരു സ്വപ്നവും സപ്നമല്ലാതിരിക്കരുത് എന്ന നിര്‍ബന്ധം എന്നേക്കാള്‍ ഏറെ നിനക്കായിരുന്നുവല്ലോ...

എന്റെ കൈവിരലുകള്‍ കുഴയുന്നു..എന്റെ മിഴികളില്‍ ഒരു രാവിന്റെ നിദ്ര അടയിരിക്കുന്നുണ്ട്..അനന്തമായി നീളുന്ന ഈ രാവൊന്നു ഒടുങ്ങിയെങ്കില്‍ എന്ന് ഞാനാശിക്കുന്നു..നിന്റെയും എന്റെയും വഴികള്‍ പരസ്പ്പരം കൂട്ടിമുട്ടാതെ സമാന്തരങ്ങളായി നീണ്ടു കിടക്കുന്നു.അവിടെ ചെറിമരത്തോടു നിഗൂഡമായ ചോദ്യങ്ങളുമായി വസന്തം വിരുന്നെത്തില്ല..ഒരില പോലും പൊഴിയാന്‍ ബാക്കിയില്ലാത്ത ശിശിരത്തിന് മേലെ താണ്ഡവമാടുന്ന കാറ്റ് വഴി തെറ്റി പോലും ആ വീഥിയില്‍ വീശുന്നില്ല. ഈ ഏകാന്ത രാവില്‍ മൌനം കടഞ്ഞ പ്രണയ ചിന്തകള്‍ ഒമര്‍ഖയാമിന്റെ സ്ഫടിക ചഷകത്തില്‍ നുരയുന്ന വീഞ്ഞ് പോലെ കവിതകളെഴുതാന്‍ കൊതിക്കുന്നു.പക്ഷെ വരണ്ട ശരത്ക്കാല വയലുകള്‍ പോലെ മൃത പ്രായമായ എന്റെ ഹൃദയത്തില്‍ ശേഷിച്ചിരിക്കുന്ന നിന്റെ നിനവുകള്‍ക്ക് മേലെ ഞാനെന്റെ ഏകാന്ത വാസത്തില്‍ നിന്നും അല്‍പ്പം തീപ്പൊരി ചിതറിക്കാന്‍ ഞാന്‍ കൊതിക്കുന്നു....സമാന്തരങ്ങളായ നമ്മുടെ പ്രണയ പാതകള്‍ ദിക്കറിയാതെ നീണ്ടു നീണ്ടു യുഗങ്ങളെ മറികടക്കട്ടെ ..ഈ രാവും എന്റെ ഏകാന്ത ചിന്തകളും യുഗങ്ങളോളം കാറ്റായ് അലയട്ടെ ....കുഴയുന്ന കൈവിരലുകളില്‍ മൃത്യവിന്റെ ശൈത്യം പടരുന്നു ..ഞാനെന്റെ കാലുകള്‍ നീട്ടി മൌനത്തിന്റെ കല്ലറയില്‍ ഇമകളടച്ച്‌ ഇത്തിരി നേരം കിടക്കട്ടെ ...എന്റെ തോട്ടത്തിലെ നിശാഗന്ധികള്‍ എനിക്കൊപ്പം പുലരി കാണാതെ വാടിയമരട്ടെ..എനിക്കറിയാം നിനക്കിതു വായിക്കാനാവില്ലെന്നു ..എങ്കിലും കാലങ്ങളോളം വീശുന്ന കാറ്റ് ഈ പ്രണയ ഗാഥയെ മുളങ്കാടുകള്‍ക്ക് മേലെ പൊഴിക്കുകയും ഈ പ്രപഞ്ചമാകെ അതൊരു അനശ്വര ഈണമായ് അലയടിക്കുകയും ചെയ്യും.. മുളങ്കാടുകളുടെ ആ നാദത്തില്‍ ഞാനെന്റെ പ്രണയം സാക്ഷാല്‍ക്കരിക്കും...


നൊമ്പരക്കനവുകള്‍
===================
പകല്‍ മാഞ്ഞതും അവസാനത്തെയാ
സാന്ത്വന സ്വരവും പടി കടന്നു പോയി.
തൊടിയിലപ്പോഴും കിതപ്പാറ്റുന്നുണ്ട്
എരിഞ്ഞു തീരാത്ത ഇളം പാദമുദ്രകള്‍.

കത്തിയമര്‍ന്ന ചില്ല തിരഞ്ഞമ്മക്കിളിയുടെ
തേങ്ങലൊരു നന്തുണി നാദമായലയവേ
പതിയെ മിടിക്കുന്നൊരാ നെഞ്ചിലേക്കാഴ്ന്നിറങ്ങി
മാതൃദുഃഖത്തിന്‍ മൂര്‍ച്ചയേറും വജ്രമുനകള്‍

രാവില്‍ നിന്നിറ്റ്‌ വീഴും പാല്‍നിലാവ്
പഞ്ചാരമണലിലൊഴുകി പരക്കുമ്പോള്‍
ചുരന്നു കുതിരുന്നുണ്ടവളുടെ പാല്‍പല്ലിന്‍
ക്ഷതമേറ്റ അമ്മിഞ്ഞക്കണ്ണുകള്‍.

പിടിതരാതെ പതിയിരുന്നക്കങ്ങളെണ്ണും
കാണാമറയത്തിരിക്കുമുണ്ണിയെ തിരയാനായ്
സ്മരണകളുറങ്ങും ഇടനാഴിയിരുളിലവള്‍
ദിശയറിയാതെ പകച്ചു നിന്നു മൂകം

ഒരു മാത്ര അമ്മേയെന്ന വിളിക്കായ് വെമ്പിയ നേരം
ഓര്‍മ്മകളടക്കം ചെയ്ത മച്ചകത്ത് നിന്നും
ചിതറി വീണു മനതാരിലുരുവിട്ട
മനഃപ്പാഠമാക്കിയ പാല്‍ കൊഞ്ചലിന്നീരടികള്‍

അമ്മക്കിനാവിന്‍ വര്‍ണ്ണത്താളുകളില്‍
പിഞ്ചു വിരലിനാല്‍ കോറി വെച്ചോരാദ്യാക്ഷരം
വാടി നീര്‍വറ്റിയ മഷിത്തണ്ടിനാലാരോ മായ്ക്കുന്നു
കാലമത് വീണ്ടുമെഴുതുമെന്ന നിനവില്‍ .

ആരുമിനി വിതയ്ക്കാനില്ലെന്നറിഞ്ഞും
പെയ്യാനില്ലൊരു പെരുമഴക്കാലമെന്നറിഞ്ഞും
മണ്ണിന്‍ ഗര്‍ഭത്തില്‍ മുളപൊട്ടും വിത്തിനെ
മുലയൂട്ടാന്‍ കൊതിക്കുന്നുണ്ടൊരു ഗ്രീഷ്മമത്രേ .

എന്നോ നിലച്ചൊരു താരാട്ടിന്നീണം
ശ്രുതിയിടറി അവരോഹണം മൂളവേ
വഴിതെറ്റി വന്നൊരാ ഇലകൊഴിയും കാലം
ഋതുഭേദ കല്പ്പനക്കായ് കാതോര്‍ത്തിരിക്കുന്നു.