Thursday 31 May 2012

മലയാളത്തിന്റെ നീലാംബരി....

                                                                                                                                                      (photo crtsy LQM)



അമ്മമ്മയുടെ ആമി,അമ്മയുടെ കമല,മലയാളത്തിന്റെ മാധവികുട്ടി,ആംഗലേയ കവിതാലോകത്തെ കമലദാസ്....ഒടുവില്‍ കമല സുരയ്യയാകുമ്പോള്‍ മനുഷ്യമതം സ്നേഹം എന്നും സ്ത്രീയുടെ പൂര്‍ണ്ണത പ്രണയം എന്ന വികാരത്തില്‍ നിക്ഷിപ്തമാണെന്നും നിഷ്കളങ്കവും സൌമ്യവുമായ ചിരിയോടെ ശത്രുവിനോട് പോലും പറയാന്‍ കാണിച്ചിരുന്ന ലാഘവത്വം ..അതു തന്നെയാണവരെ ഇന്ത്യയ്ക്കത്തും പുറത്തും സ്വീകാര്യയാക്കിയത്.. സാഹിത്യത്തിന്റെ വിവിധ ശാഖകളില്‍ അവര്‍ക്കുള്ള പ്രതിഭ ലോകത്ത് മറ്റൊരു സ്ത്രീ എഴുത്തുകാരും പ്രകടമാക്കിയിട്ടില്ല എന്നുള്ളത് നമുക്കഭിമാനിക്കാവുന്ന ഒന്നാണ്..നാലപ്പാട്ട് എന്ന സര്‍ഗ്ഗശക്തികളുടെ കേദാരമായിരുന്ന തറവാട്ടില്‍ ജനിച്ച് ജ്ഞാനത്തിന്റെ ഉറവയില്‍ നീരാടി നീര്‍മാതളത്തിന്റെ ശീതളഛായയില്‍ പിച്ചവെച്ച് ഉത്തരേന്ത്യന്‍ സംസ്കൃതിക്കൊപ്പം വളര്‍ന്ന് മലയാളത്തിനിമയുള്ള കഥകളും നോവലുകളും അനുഭവങ്ങളും മലയാളികള്‍ക്കും ഇംഗ്ലീഷ് കവിതകളിലൂടെ പാശ്ചാത്യ സാഹിത്യ സ്നേഹികള്‍ക്കും പ്രിയങ്കരിയായി മാറിയ കമല ഒരു പൂവാകയുടെ തണലില്‍ വിശ്രമം കൊള്ളാന്‍ തുടങ്ങിയിട്ട് മൂന്നു വര്‍ഷം ...

കമലസുരയ്യയുടെ എഴുത്തുകളില്‍ പ്രതിഫലിച്ചിരുന്നത് സ്നേഹം ,പ്രണയം ,ആര്‍ദ്രത,ദയ ,വിരഹം എന്നീ വികാരങ്ങളാണ്.സ്നേഹത്തിന്റെ പര്യായങ്ങളാണു അവരുടെ ഭാഷ.കമലയുടെ തന്നെ വാക്കുകളില്‍ .."വികാരങ്ങളെ അനശ്വരമാക്കുകയാണു സാഹിത്യം ..രാധയും കൃഷ്ണനും തമ്മിലുള്ള സ്നേഹം പോലെയാണത്..മൃഗങ്ങളും പക്ഷികളും മനുഷ്യരും ചിലപ്പോള്‍ ഭൂമിയില്‍ ഇല്ലാതായെന്നു വരും .പക്ഷെ ,വികാരത്തിന്റെ നാമ്പുകള്‍ തുടരും .അമ്മ മരിക്കുന്നത് കുട്ടിയുടെ മുഖമോര്‍ത്തു കൊണ്ടാണു.അവസാനത്തെ ഓര്‍മ സ്നെഹത്തിന്റേതായിരിക്കും ..സ്നേഹമില്ലാതെ എനിക്ക് കവിതയില്ല .സ്നേഹം നഷ്ടപെട്ട ജീവിതങ്ങള്‍ ഇലയും ശിഖരവും നഷ്ടപ്പെട്ട മരങ്ങള്‍ മാത്രമാണ്."ആ പ്രണയാക്ഷരങ്ങള്‍ വാല്‍സല്യത്തിന്റെ നീലാംബരി രാഗം മൂളി ആസ്വാദക മനസ്സുകളില്‍ മാതൃത്വമായ് പെയ്തിറങ്ങിയിട്ടുണ്ട്...

കമല സുരയ്യയെ പോലെ തന്റെ സാഹിത്യ ജീവിതത്തില്‍ സ്നേഹാദരങ്ങള്‍ക്കൊപ്പം വിമര്‍ശനങ്ങളും ഏറ്റു വാങ്ങിയ മറ്റൊരെഴുത്തുകാരിയും മലയാളത്തിലില്ല..ജീര്‍ണ്ണിച്ച സങ്കുചിത വീക്ഷണകോണുകളിലൂടെ മാത്രം സ്ത്രീ എഴുത്തുകാരെ കാണുന്ന ഒരു ആസ്വാദക സമൂഹമാണു നമുക്കിടയില്‍ ഉള്ളതെന്നു വേദനയോടെ ഓര്‍ത്തു പോകുന്നു..മാധവികുട്ടി എന്ന എഴുത്തുകാരി ഒരിക്കലും ഒരു ഫെമിനിസ്റ്റ് ആയിരുന്നില്ല.സ്ത്രൈണതയുടെ തരള ഭാവങ്ങളെ തന്റെ വശ്യവും ലളിത സുന്ദരവുമായ പദപ്രയോഗങ്ങളിലൂടെ വായനക്കാര്‍ക്ക് മുന്നില്‍ കപടതയുടെ മുഖം മൂടിയില്ലാതെ എത്തിച്ചു എന്നതാണു അവരുടെ മേന്മ..മലയാളത്തിലെ ഒട്ടു മിക്ക എഴുത്തുകാരികളും കാണിക്കാതിരുന്ന ആ ധൈര്യം ;സദാചാരത്തിന്റെ മൂടുപടത്തിനുള്ളില്‍ വിങ്ങിപൊട്ടാന്‍ അനുവദിക്കാതെ സഭ്യതയുടെ അതിരുകള്‍ക്കുള്ളില്‍ നിന്നു കൊണ്ട് അവര്‍ മനുഷ്യ മനസ്സിന്റെ ആകുലതകളേയും ,വ്യാകുലതകളെയും അടിച്ചമര്‍ത്തപെടുന്ന വികാരങ്ങളേയും നൊമ്പരങ്ങളേയും തുറന്നു കാണിക്കുമ്പോഴും അവരിലെ സ്ത്രീയവിടെ സമൂഹത്തിന്റെ മുന്നില്‍ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു...ഞാന്‍ അഥവാ എന്റെ എന്നൊക്കെയുള്ള ഉത്തമപുരുഷ ഏകവചനങ്ങളുടെ ബാഹുല്യം ​അവരുടെ രചനകളില്‍ സമൃദ്ധമായതിനെ തന്റെ കഥകളിലെ  പ്രധാന സാന്നിധ്യം താന്‍  തന്നെയെന്ന ധ്വനി ജനിപ്പിക്കുകയും ഒരു സ്ത്രീ ഒരിക്കലും പുറത്തു പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണവര്‍ എഴുതുന്നതെന്നും വിമര്‍ശിച്ച് അവരുടെ സര്‍ഗശക്തി ദുര്‍വ്യാഖ്യാനിക്കപ്പെടുമ്പോള്‍ നമ്മുടെ സമൂഹത്തിന്റെ ഇരുണ്ട കോണുകളില്‍ ബൌദ്ധികരും മൌലികവാദികളുമെന്നു സ്വയം മുദ്രയടിച്ച ഒരു കൂട്ടര്‍ സാമൂഹിക വ്യവസ്ഥിതിയുടെ ഉപരിപ്ലവമായ കപടസദാചാരം നിസ്സഹായ സ്ത്രീത്വത്തിനു നേരെ വെല്ലുവിളിയുയര്‍ത്തുന്നത് കണ്ടില്ലെന്നു നടിക്കയായിരുന്നു.അല്ലെങ്കില്‍ ഉത്തമ വര്‍ഗത്തിന്റെ തനിനിറം കാണിച്ച് കേവല പെണ്ണെഴുത്തെന്നു തരംതിരിച്ച് തീണ്ടായ്മയുടെ കാരഗൃഹത്തിലെക്ക് വലിച്ചെറിയുകയായിരുന്നു ..മനുഷ്യ ബന്ധങ്ങളില്‍ ഊന്നിക്കൊണ്ടുള്ള ഒരു ആഖ്യാന രീതിയിലൂടെയാണു കമലസുരയ്യ തന്റെ കഥകള്‍ പറയാറ്..സ്ത്രീ പുരുഷ ബന്ധങ്ങളും  ഭാര്യാ ഭര്‍തൃ ബന്ധങ്ങളും  മക്കള്‍ കുടുംബ സദാചാര വിഷയങ്ങളും അനായാസേന കൈകാര്യം ചെയ്യുമ്പോള്‍ ശൈഥില്യമാവുന്ന ഒരു സാമൂഹ്യവ്യവസ്ഥിതിയുടെ നേര്‍ക്കാഴ്ച്ചകളെ ചൂണ്ടിക്കാണിക്കാനും അവര്‍ ശ്രമിച്ചിട്ടുണ്ട്..ഇതു ചിലപ്പോഴൊക്കെ കഥാഗതികളുടെ സ്ഥൂലവികാരങ്ങളിലേക്കും വികാരങ്ങളുടെ വൈചിത്ര്യങ്ങളിലേക്കും കഥാകാരിയുടെ സഞ്ചാരം അനിവാര്യമാക്കിയിട്ടുമുണ്ട്..അലസമായ വായനയിലൂടെ കണ്ടെത്താനാവാത്ത നിരവധി ഘടനകള്‍ ചേര്‍ന്നതാണു കമലയുടെ രചനകള്‍ .പ്രമേയവും ഭാഷയും പ്രതീകാത്മകങ്ങളായ രൂപങ്ങളും പ്രതിപാദ്യ രീതിയും ദാര്‍ശനികതയുമെല്ലാം കഥകളിലൂടെ നമ്മളെ പുതിയ കണ്ടെത്തലുകളുടെ മേച്ചില്‍ പുറത്തേക്കെത്തിക്കുന്നു..അവരുടെ കഥകളിലെ മരണവും പ്രണയവും അദ്ഭുതാവഹമായ വശ്യഭാവങ്ങളോടെ വായനക്കാരുടെ മനസ്സിലേക്കിറങ്ങുന്നത് ഭാവത്മകതയും കാല്പ്പനികതയും യാഥാര്‍ത്ഥ്യത്തിന്റെ നൂല്‍പ്പാലത്തിലൂടെ സഞ്ചരിച്ചു കൊണ്ടാണ്..സ്വപ്നങ്ങളും മനസ്സിന്റെ വൈവിധ്യമാര്‍ന്ന ഭാവങ്ങളും വിഭ്രാന്തികളുമൊക്കെ രചനകളില്‍ വൈകാരികതയുടെ സ്ഫടികസ്പഷ്ടത നമുക്കു വ്യക്തമാക്കി തരികയും ചെയ്യുന്നുണ്ട്.


ഒരു തത്ത്വ നിരീക്ഷകയുടെ പാടവത്തോടെ ജീവിതത്തെ കാണുകയും തദ്വാര തന്റെ രചനകളിലൂടെ വിഷയത്തെ  അപഗ്രഥിക്കുകയും ചെയ്യുന്നവൈകാരികവും തീക്ഷ്ണവുമായ ഒരു ആഖ്യാനരീതിയെ അവലംബിച്ചിരിക്കുന്നത് കാണാം .പ്രത്യേകിച്ചും കുടുംബ പശ്ചാത്തല പ്രസക്തമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ മനുഷ്യര്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങളുടെ അവസ്ഥന്തരങ്ങളിലൂടെ വായനക്കാരെ വികാരപ്രക്ഷുബ്ദമായ ഒരു മാനാസികാവസ്ഥയിലെത്തിക്കുകയും ചെയ്യുന്നു.മനുഷ്യാവസ്ഥകളെ കടയുമ്പോള്‍ കിട്ടുന്ന അമൃതാണു സ്നേഹമെന്ന് കമലയുടെ ഭാഷ്യം ..നിരവധി കഥകളിലൂടെ അവരത് പറഞ്ഞ് തന്നിട്ടുണ്ട്..അവരുടെ കഥകളില്‍ തകര്‍ക്കപെട്ട മൂല്യങ്ങളെ ഉയര്‍ത്തെഴുന്നേല്പ്പിക്കുന്ന ഭാവമാണു സ്നേഹമെന്ന വികാരം .അപമാനിക്കപെട്ട സ്ത്രീത്വം സ്നേഹത്തെ സ്വാതന്ത്ര്യത്വരകമായ് സ്വീകരിക്കാന്‍ വെമ്പുന്നതും സ്നേഹത്തിനും പ്രണയത്തിനും സ്ത്രീയുടെ നിസ്സഹായതയുടേയും ദൌര്‍ബല്യത്തിന്റേയും ചട്ടക്കൂട്ടില്‍ എത്രമാത്രം വ്യതിരിക്തത അനുഭവിക്കേണ്ടി വരുമെന്നും ചില കഥാസന്ദര്‍ഭങ്ങളില്‍ നമുക്ക് തോന്നും ..കവിതകളിലാവട്ടെ സ്നേഹം സാമൂഹ്യ പ്രതീകങ്ങളോട് വിധേയത്വം പുലര്‍ത്തുന്നത് കാണാം ..തികച്ചും ഒരു സ്നേഹഗായിക തന്നെയായിരുന്നു കമല സുരയ്യ എന്ന മഹദ് വ്യക്തിത്വം ...യവനിക വീഴുമ്പോഴും സ്നേഹമന്ത്രണം മാത്രമായിരുന്നു ആ ചുണ്ടുകളില്‍ നിന്നും ഉതിര്‍ന്നതും ..

അക്ഷരങ്ങളിലൂടെ സ്ത്രീലാവണ്യത്തിന്റെ നിമ്നോന്നതികളുടെ കാമനകളും  വികാരവിചാരങ്ങളും പറയുമ്പോള്‍ എപ്പോഴൊക്കെയോ ഛായത്തില്‍ മുക്കിയ തൂലികയിലൂടെ സ്ത്രീസൌന്ദര്യമെന്ന അവരുടെ ഭാവന കാന്‍വാസില്‍ പ്രതിഫലിച്ചു.പ്രണയത്തിന്റെ ഭാഷയില്‍ സ്ത്രീ സ്വാതന്ത്ര്യം പ്രഖ്യാപിക്കുമ്പോള്‍ അവരുടെ ഉള്ളിലെ സ്നേഹമെന്ന വികാരം പ്രപഞ്ചത്തിലെ കോടാനുകോടി ചരാചരങ്ങളും നെഞ്ചോട് ചേര്‍ക്കുകയായിരുന്നു..ഇനിയും ഇങ്ങനെയോരു ജന്മം നമുക്കു കാണാനോ അനുഭവിക്കാനോ കഴിഞ്ഞെന്നു വരില്ല...അവര്‍ തെളിയിച്ച സ്നേഹദീപങ്ങളുടെ ഇത്തിരി വെട്ടം ഇരുളിലാണ്ട അപരിഷ്കൃത വിഭാഗങ്ങളുടെ ഇടുങ്ങിയ മനസ്സിനെ വിശാലമാക്കി കണ്ണിനു കാഴ്ച്ചയായെങ്കില്‍ .....