Sunday 30 December 2012


മല്‍സ്യകന്യകയുടെ ഉദ്യാനവിരുന്ന്:- (Aussie memoir part 4.മലയാളം ന്യൂസിന്റെ സണ്‍ഡേ സ്പെഷ്യലില്‍ പ്രസിദ്ധീകരിച്ചത്)




അരയന്നങ്ങളുടെ താഴ്വരയില്‍  (സ്വാണ്‍ വാലി,സിറ്റി ഓഫ് സ്വാണ്‍ ജില്ല) നിന്നും മാര്‍ഗരെറ്റ് റിവറിലേക്ക് യാത്ര പുറപ്പെടുമ്പോള്‍ പുതുവര്‍ഷത്തിലെ ആദ്യകിരണങ്ങള്‍ പിച്ച വെക്കുന്നതേയുണ്ടായിരുന്നുള്ളൂ..മൂന്നു ദിവസത്തെ പരിപാടികള്‍ ആസൂത്രണം ചെയ്യുമ്പോള്‍  മുന്തിരിപ്പാടങ്ങള്‍ക്കും വീഞ്ഞിനും പ്രാചീന ഗുഹകള്‍ക്കും  പേര് കേട്ട അത് വരെ ചിത്രത്തില്‍ മാത്രം കണ്ടിട്ടുള്ള മാര്‍ഗരെറ്റ് റിവറിന്റെ പ്രകൃതി ഭംഗിയായിരുന്നു മനസ്സില്‍ ..അരയന്നങ്ങളുടെ താഴ്വരയില്‍ നിന്നും ഏകദേശം മുന്നൂറ് കിലോമീറ്ററോളം  സഞ്ചരിക്കണം ലക്ഷ്യത്തിലെത്താന്‍ .. മാര്‍ഗരെറ്റ് റിവര്‍ എത്തുന്നതിനു മുന്‍പ് ബസ്സള്‍ട്ടണ്‍ ജെട്ടിയിലും ഒരു സന്ദര്‍ശനം ..അവിടെ കടലാഴങ്ങളിലെ നിഗൂഢതകളെ അനുഭവിക്കണം .പിന്നെ അഗസ്തയിലെ ലൈറ്റ് ഹൌസിനു മുന്നില്‍ നിന്ന് കൊണ്ട്  ഇരട്ട സമുദ്രങ്ങളുടെ സംഗമം ആസ്വദിക്കണം ..മനസ്സ് ആഹ്ലാദത്തിന്റെ ജലതരംഗം മീട്ടുകയായിരുന്നു.പാതയോരങ്ങള്‍ക്കിരുവശങ്ങളിലും വിളഞ്ഞ് കിടക്കുന്ന മുന്തിരിപ്പാടങ്ങള്‍ ..ഗ്രീഷ്മത്തിന്റെ വിഹ്വലതകളൊന്നും തന്നെ പ്രകൃതിയില്‍ പ്രകടമല്ല..പുതുവര്‍ഷത്തെ സ്വാഗതം ചെയ്തതിന്റെ ആലസ്യത്തില്‍ നഗരം ഉറങ്ങുകയാണ്..നഗരാതിര്‍ത്തി വിടുമ്പോഴേക്കും സൂര്യന് യൌവനത്തിളക്കം കൈവന്നിരുന്നു.. ഇരുവശങ്ങളിലേയും  റിസര്‍വ്ഡ് വനങ്ങള്‍ താണ്ടി നാലുവരിപ്പാതയിലൂടെ കുറച്ച് ദൂരം പിന്നിട്ടപ്പോള്‍ നാലുവരിപ്പാത ചുരുങ്ങി രണ്ടുവരിപ്പാതയായി .ഇരട്ടവരയിട്ട് അങ്ങോട്ടും ഇങ്ങോട്ടുമുള്ള വാഹനങ്ങളുടെ ക്രമം തെറ്റിയുള്ള സഞ്ചാരത്തെ നിയന്ത്രിച്ചിരിക്കുന്നു..ഇടയിലെവിടെയൊക്കെയോ വരയുടെ കട്ടിക്കുറച്ച് ഓവര്‍ റ്റേക്ക് ചെയ്യാനുള്ള സൌകര്യത്തിനു വേണ്ടിയുള്ള അടയാളങ്ങളുമുണ്ട്...ജനബാഹുല്യം കുറഞ്ഞ പ്രദേശങ്ങള്‍ ..തികച്ചും പുരാതന കാലത്തെ ഓര്‍മിപ്പിക്കുന്ന ഗ്രാമങ്ങളിലൂടെയാണ് യാത്ര തുടരുന്നത്..ഇരു വശങ്ങളിലും വിളഞ്ഞ് കിടക്കുന്ന ഗോതമ്പ് ;ചോളവയലുകള്‍ ..വിളവെടുപ്പ് കഴിഞ്ഞ ചില പാടങ്ങളില്‍ കറ്റ കെട്ടി വെച്ചിരിക്കുന്നത് കണ്ടു..ദീര്‍ഘചതുരാകാരത്തില്‍ യന്ത്രമുപയോഗിച്ച് അമര്‍ത്തി മനോഹരമായ് ഉരുട്ടി വെച്ചിരിക്കുന്ന വൈക്കോല്‍ കച്ചികള്‍ ..പുല്‍മേടുകളില്‍ കുതിരകളും കാലികളും ചെമ്മരിയാടുകളും (അറബ് രാജ്യങ്ങളില്‍ പ്രശസ്തമായ ഓസ്ട്രേലിയന്‍ ലാമ്പ്) മേയുന്നുണ്ട്...പഞ്ഞികെട്ട് പോലെ നീലാകാശത്തില്‍ ഒഴുകുന്ന മേഘങ്ങള്‍ തണല്‍ വിരിച്ചതിനടിയില്‍ കാലിക്കൂട്ടങ്ങള്‍ വിശ്രമിക്കുന്നുണ്ട്..ആധുനികതയുടെ കടന്നു കയറ്റത്തില്‍ ഒട്ടും മലിനപ്പെടാത്ത പ്രകൃതി ദൃശ്യങ്ങള്‍ നിറഞ്ഞ മനസ്സോടെ മിഴികളൊപ്പുമ്പോള്‍ ഈ നീലഗ്രഹം എത്ര മനോഹരമായാണ്.സ്രഷ്ടാവ് ഒരുക്കിയിരിക്കുന്നുവെന്ന് കൃതാര്‍ത്ഥതയോടെ ഓര്‍ത്തു പോയി ....



ആദ്യം ഞങ്ങള്‍ക്കെത്തേണ്ടത് ബസ്സള്‍ട്ടണ്‍ ജെട്ടി എന്ന സ്ഥലത്താണ് .അവിടെ എത്തുന്നതിനു മുന്‍പ് ആ പ്രദേശത്തിന്റെ ചരിത്രത്തിലൂടെ നമുക്കൊന്നു സഞ്ചരിക്കാം. ബസ്സള്‍ട്ടണ്‍ നഗരത്തില്‍ നിന്നും കടലിലേക്ക് ആയിരത്തി എണ്ണൂറ്റിയമ്പത് മീറ്ററോളം  അതായത് ഏകദേശം രണ്ട് കിലോമീറ്ററോളം നീളത്തില്‍   മരത്തടിയില്‍ പണിത കടല്‍പ്പാലം ദക്ഷിണാര്‍ദ്ധഗോളത്തിലെ ഏറ്റവും നീളമേറിയതാണ്.."ജിയോഗ്രഫി ബേ" എന്ന പേരുള്ള ഉള്‍ക്കടലിന്റെ തീരത്തെ ആഴം കുറഞ്ഞ  ഓളപ്പരപ്പുകള്‍ കടല്‍ നൌകകള്‍ വന്നണയാന്‍ മാത്രം കെല്പ്പുള്ളതായിരുന്നില്ല..ഈ തീരപ്രദേശം പക്ഷെ വാണിജ്യാടിസ്ഥാനത്തിലുള്ള കയറ്റുമതിക്കുതകുന്ന ഒരു പാട് ഉല്പ്പന്നങ്ങളാല്‍ സമൃദ്ധവുമായിരുന്നു.മറ്റു ഗതാഗത സൌകര്യങ്ങള്‍ നിലവിലില്ലാതിരുന്ന ആ കാലഘട്ടത്തില്‍ കപ്പല്‍ച്ചാലുകള്‍ വഴിയുള്ള വാണിജ്യസമ്പര്‍ക്കം ഭൂഖണ്ഡങ്ങള്‍ തമ്മിലുള്ള അകലം ഇല്ലാതാക്കിയിരുന്നു എന്നു ചരിത്രങ്ങള്‍ വ്യക്തമാക്കുന്നുണ്ടല്ലോ.. ശാന്തമായ് കിടക്കുന്ന തീരക്കടലില്‍ നിന്നും  ഉള്‍ക്കടലിലേക്കൊരു കടല്‍പ്പാലം പണിത് തുറമുഖമാക്കിയാല്‍  ലഭിക്കാനിടയുള്ള സാമ്പത്തികലാഭം ആ പാലത്തിന്റെ നിര്‍മ്മാണചിലവിനേക്കാള്‍ എന്തു കൊണ്ടും അധികം തന്നെ എന്ന് ഭരണകര്‍ത്താക്കള്‍ ചിന്തിച്ചതില്‍ അതിശയിക്കാനില്ല.കയറ്റുമതിയോടെ ലഭ്യമാകുന്ന സാമ്പത്തിക നേട്ടങ്ങള്‍ മനസ്സിലാക്കിയ അന്നത്തെ ഗവര്‍ണ്ണര്‍ ആയിരുന്ന ജോണ്‍ ഹട്ട് , "ബസ്സള്‍ട്ടണ്‍" അഥവ"വസ്സെ" എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശത്തെ കയറ്റിറക്കുമതിക്കുള്ള അംഗീകാരം നല്കി നിയമം പുറപ്പെടുവിച്ചു..

മരത്തടി വ്യവസായം വിപുലീകരിക്കാനാഗ്രഹിച്ചിരുന്ന വസ്സെയിലെ കച്ചവടക്കാര്‍ ഈ തീരുമാനത്തെ ഇരുകരങ്ങളും നീട്ടി സ്വീകരിച്ചു..കൂടാതെ കൃഷി -ക്ഷീരോല്പ്പന്നങ്ങളും ആടുമാടുകളുടെ മാംസത്തിന്റെ കയറ്റുമതിയും   ഈ ജെട്ടി മുഖേന നടത്താനാവുമെന്നത് അവിടുത്തെ സമ്പദ് വ്യവസ്ഥിതിയില്‍ പ്രകടമായൊരു മാറ്റത്തിനു തന്നെ കാരണമാകുമെന്ന് തിരിച്ചറിയാന്‍ ഭരണത്തലവന് രണ്ടാമതൊന്നു ചിന്തിക്കേണ്ടിവേണ്ടി വന്നില്ല.ഇതിന്റെ ആദ്യപടിയായുള്ള നിര്‍മ്മാണം കഴിഞ്ഞ് (നൂറ്റിയെഴുപത്തഞ്ച് മീറ്റര്‍ )കപ്പലുകള്‍ക്ക് വേണ്ടി തുറന്നു കൊടുത്തത് 1865 ല്‍ .പക്ഷെ പിന്നേയും കടല്‍പ്പാലത്തിന്റെ നീളം കൂട്ടുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഏകദേശം ഒരു നൂറ്റാണ്ടോളം തുടര്‍ന്നു.അതിന്റെ അവസാനഘട്ടം പൂര്‍ത്തിയായത് 1960ല്‍ .തികച്ചും പൌരാണികനിര്‍മ്മാണസമ്പ്രദായത്തില്‍ പണിത കടല്‍പ്പാലത്തിന്റെ മരാമത്തു പല ഘട്ടങ്ങളിലൂടെയാണു ഫലപ്രാപ്തി കണ്ടത്.1911 ഓടെ അറുനൂറു മീറ്റര്‍ പൂര്‍ത്തിയായപ്പോളേക്കും അക്കാലത്തെ തിരക്ക് പിടിച്ച തടിവ്യവസായത്തിനായ് വലിയ കപ്പലുകള്‍ അഴിമുഖത്തണയുമെന്നായി.അതിനു വേണ്ടി അന്നത്തെ ഭരണാധികാരികളും തച്ച കരുവാന്‍ വിദഗ്ദ്ധരും അഹോരാത്രം തലപുകച്ചിട്ടുണ്ട്..ജെട്ടിയിലെ വിളക്ക് മാടത്തിലുപയോഗിച്ചിരുന്നത് മണ്ണെണ്ണ വിളക്കായിരുന്നു എന്നത് കൌതുകമുളവാക്കുന്ന ഒരറിവായിരുന്നു.ഇരുപത് മീറ്റര്‍ നീളമുള്ള വിളക്കു കാലില്‍ തൂക്കിയിട്ടിരുന്ന ഈ ശരറാന്തലിന്റെ വെളിച്ചം കടലില്‍ ഇരുപത് മൈല്‍ ദൂരത്തില്‍ ദര്‍ശിക്കാനാകുമായിരുന്നുവെന്നു ചരിത്രം അവകാശപ്പെടുന്നു..

1933 ല്‍ മാത്രമാണു ജെട്ടിയില്‍ ആധുനിക രീതിയിലുള്ള ബിക്കണ്‍ ഘടിപ്പിച്ച ലൈറ്റ് ഹൌസ് സ്ഥാപിച്ചത്..എന്നാല്‍ ഒരു നൂറ്റാണ്ട് നീണ്ട് നിന്ന ആ തുറമുഖ പ്രവര്‍ത്തനങ്ങള്‍ക്ക് മേലെ കാലക്രമേണ തിരശ്ശീല വീഴാന്‍ തുടങ്ങി..1971 ല്‍ ഒക്ടോബര്‍ 17 നാണു അവസാനമായ് ഒരു വാണിജ്യകപ്പല്‍ ബസ്സള്‍ട്ടണില്‍ നകൂരമിട്ടത്.ന്യൂസിലാന്‍ഡില്‍ നിന്നുള്ള എം .വി .കഫിറ്റൊയ എന്ന കപ്പലായിരുന്നു അത്..പിന്നീടുള്ള ചരക്ക് നീക്കങ്ങളൊക്കെ പെര്‍ത്ത് നഗരത്തില്‍ തന്നെയുള്ള ഫ്രിമാന്റല്‍ എന്ന തുറമുഖം വഴിയാണ് നടന്നത്.(പടിഞ്ഞാറന്‍ ഓസ്ട്രേലിയയുടെ ചരിത്രത്തില്‍ അവിടുത്തെ ബ്രിട്ടീഷ് കോളണിവല്ക്കരണത്തിനു സുപ്രധാന പങ്കു വഹിച്ച   ചാള്‍സ് ഹൊവ് ഫ്രിമാന്റല്‍ എന്ന നാവികത്തലവന്റെ പേരിലറിയപ്പെടുന്ന പെര്‍ത്തിന്റെ സ്വന്തം തുറമുഖമായ.ഫ്രിമാന്റല്‍ തുറമുഖമാണ് പടിഞ്ഞാറന്‍ ഓസ്ട്രേലിയുടെ പ്രധാനതുറമുഖം) ..

ഒരു നൂറ്റാണ്ടിനിടയില്‍ അയ്യായിരത്തോളം ചരക്ക് നീക്കങ്ങളുണ്ടായ  ഈ ജെട്ടിയില്‍ പിന്നീട് കയറ്റുമതി വ്യവസായം പാടെ നിലച്ചതിനെ തുടര്‍ന്ന്  1972 ജൂലൈ മാസത്തില്‍ പടിഞ്ഞാറന്‍ ഓസ്ട്രേലിയയുടെ ഗവര്‍ണ്ണര്‍ ഒരു ഗസറ്റ് വിജ്ഞാപനത്തിലൂടെ ബസ്സള്‍ട്ടണ്‍ തുറമുഖം അടച്ചു പൂട്ടുന്നതായി പ്രഖ്യാപിച്ചു...എന്നാല്‍ വിധി വൈപരീതമെന്നു പറയട്ടെ 1978 ഏപ്രില്‍ നാലിനു തുറമുഖത്തേക്കഞ്ഞടിച്ച ആല്‍ബി എന്ന കൊടുങ്കാറ്റില്‍ കടല്‍പ്പാലം ഭാഗികമായ് തകര്‍ന്നപ്പോള്‍  ഒരു നൂറ്റാണ്ടോളം ആശയങ്ങളുടേയും സംസ്കൃതിയുടേയും പ്രകൃതി വിഭവങ്ങളുടേയും വിനിമയത്തിനു സാക്ഷ്യം വഹിച്ച ഒരിടത്താവളമായിരുന്നു ചരിത്രത്താളുകളിലേക്ക് ഒളിച്ചത്..പിന്നീട് നടന്ന  അറ്റകുറ്റപ്പണികള്‍ക്ക് ശേഷം ബോട്ട് സര്‍വീസുകള്‍ മാത്രമുണ്ടായിരുന്ന ജെട്ടിയുടെ 65 മീറ്റര്‍ കൂടി 1999 ഡിസമ്പറില്‍ അഗ്നിനാളങ്ങള്‍ വിഴുങ്ങി..ഏകദേശം ഒരു മില്യണ്‍ നഷ്ടം കണക്കാക്കിയ ജെട്ടിയെ പുനരുഥാനം ചെയ്ത് അതൊരു വിനോദ സഞ്ചാര കേന്ദ്രമാക്കി . നാലു മില്യണ്‍ ഓസ്ട്രേലിയന്‍ ഡോളര്‍ ചിലവഴിച്ച് നിര്‍മ്മിച്ച  അണ്ടര്‍ വാട്ടര്‍ ഒബ്സെര്‍വേറ്ററിയെ  2003 ഡിസമ്പര്‍ 13നാണ് പൊതു ജനങ്ങള്‍ക്കായ് തുറന്നു കൊടുത്തത്.. . ഇന്നും ബസ്സള്‍ട്ടണ്‍ കടല്‍ പാലം പ്രശസ്തമാണ്..ഉള്‍ക്കടലിലേക്കെത്തി നില്ക്കുന്ന കടല്‍പ്പലത്തിന്റെയറ്റത്ത് കടലാഴങ്ങളിലേക്കു ഇറങ്ങി ചെന്നു ആഴിയിലെ നിഗൂഢതകള്‍ ആസ്വദിക്കാനുള്ള അണ്ടര്‍ വാട്ടര്‍ ഒബ്സര്‍വേറ്ററി അനേകായിരം സന്ദര്‍ശകരുടെ മനം കവരുന്നു..എട്ട് മീറ്ററോളം സമുദ്ര നിരപ്പിനു താഴെ ഒരു ചേമ്പറും പതിനൊന്നു ചില്ലുജാലകങ്ങളും വിവിധ തട്ടുകളിലായ് ഒരുക്കിയ കടലാഴത്തിലെ ജലജീവിശാലയില്‍ നിന്നാല്‍ മുന്നൂറില്‍ പരം സമുദ്രജീവികളും  നിരവധി കടല്‍ വര്‍ണ്ണ വിസ്മയങ്ങളും ഇമകള്‍ക്ക് മുന്നില്‍ ഒഴുകുന്നത് കാണാനാകും ...  



(അണ്ടര്‍വാട്ടര്‍ ഒബ്സെര്‍വേറ്ററിയിലേക്ക് കടക്കുന്നതിനു വേണ്ടിയൊരുക്കിയ ചവിട്ടു പടികളുടെ ആരംഭം )


ബസ്സള്‍ട്ടണില്‍ എത്തുമ്പോള്‍ മധ്യാഹ്ന സൂര്യന്‍ നിറഞ്ഞാടുകയായിരുന്നു..ഗ്രീഷ്മത്തിന്റെ ചുട്ടു പൊള്ളുന്ന ചുംബനങ്ങള്‍ക്കൊപ്പം തഴുകുന്ന കടല്‍ക്കാറ്റും ഏറ്റ് വാങ്ങി ടിക്കറ്റ് കൌണ്ടറിനടുത്തേക്ക് ഞങ്ങള്‍ നീങ്ങി..നാലു സിലിണ്ടര്‍ പെട്രോള്‍ എഞിചിനോട് കൂടിയ ജെട്ടി ട്രെയിന്‍ സര്‍വീസുണ്ടെങ്കിലും ജിയൊഗ്രഫി ബേയുടെ ശാന്തമായൊഴുകുന്ന അലകളുടെ സൌന്ദര്യം നുകര്‍ന്ന് രണ്ട് കിലോമീറ്റര്‍ നടന്നു പോകാന്‍ തന്നെ ഞങ്ങള്‍ നിശ്ചയിച്ചു..ക്യാപ്പുകളും സണ്‍ഗ്ലാസ്സുകളുമൊക്കെയായ് തീക്ഷ്ണമായ സൂര്യകിരണങ്ങളെ പ്രതിരോധിച്ച് കൊണ്ട് ഞങ്ങള്‍ നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന കടല്പ്പാലത്തിലൂടെ ഒബ്സെര്‍വേറ്ററി ലക്ഷ്യമാക്കി നടന്നു തുടങ്ങി..കടല്‍ തീരത്ത് നൂറുകണക്കിനാളുകള്‍ സൂര്യസ്നാനത്തിന്റെ അനുഭൂതിയില്‍ ധ്യാനനിമഗ്നരായ് കിടക്കുന്നുണ്ട്..കുട്ടികളടങ്ങിയ കുടുംബങ്ങള്‍ കളികളിലും നീന്തലിലും മുഴുകിയിട്ടുള്ളത് കാണാം ..ചെറുപ്പക്കാരുടെ സംഘങ്ങള്‍ തിരമാലക‍ള്‍ക്ക് മീതെ സ്കീയിങ്,ജെറ്റ് സ്കീയിങ് ,സര്‍ഫിങ് എന്നീ വിനോദങ്ങളിലേര്‍പ്പെട്ടിട്ടുണ്ട്..ഇന്ദ്രനീല വര്‍ണ്ണത്തില്‍ കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന പാരാവാരം കസവ്ചേലയുടുത്തൊരുങ്ങിയിരിക്കുന്ന കാഴ്ച്ചയില്‍ തിളക്കുന്ന സൂര്യന്റെ ചൂടിനെ തീര്‍ത്തും മറന്നിരുന്നു..തികഞ്ഞ ഉന്മേഷത്തോടെ ഇടക്കൊക്കെ അവിടവിടെ ദ്രവിച്ച മരത്തടിയിലൂടെ താഴെയുള്ള അലകള്‍ ചാഞ്ചാടുന്നതും നോക്കി നടന്നു നീങ്ങവെ പാലത്തിന്റെ അരിക് ചേര്‍ന്ന് ഒരു സായിപ്പിരുന്നു ചൂണ്ടയിടുന്നത് കണ്ടു.ഞങ്ങളടുത്തെത്തിയതും അഭിവാദ്യം പറഞ്ഞ് അയാള്‍ അഭിമാനത്തോടെ അരികില്‍ വെച്ചിട്ടുള്ള  ബക്കറ്റ് കണിച്ച് തന്നു.അതില്‍ മുക്കാല്‍ ഭാഗത്തോളം അയാള്‍ ചൂണ്ടയിട്ട് പിടിച്ചിട്ടുള്ള കണവ മീന്‍ (കൂന്തള്‍ )ആയിരുന്നു..കൂന്തള്‍ മീനിനെ ചൂണ്ടയിട്ട് പിടിക്കുന്നത് ഞാന്‍ ആദ്യമായാണ്  കാണുന്നത്.ഒരു ഗുഡ് ഡേ ആശീര്‍വദിച്ച് ഞങ്ങള്‍ നടത്തം തുടര്‍ന്നു....






ചേമ്പറിനു മുന്നില്‍  ചെറിയൊരു അകത്തളം ..അതിന്റെ ചുമരില്‍ പഴയ ജെട്ടിയുടെ ചരിത്രം വിളിച്ചോതുന്ന ഫോട്ടോകളും ഛായാ ചിത്രങ്ങളും മനോഹരമായി തൂക്കിയിട്ടിരിക്കുന്നു..കൂടാതെ കടല്‍ ജീവികളായ സ്റ്റാര്‍  ഫിഷ്‌ .മുത്തു ചിപ്പി ,ശംഖ് ,കടല്‍ക്കുതിര എന്നിവയുടേയും ,പവിഴം ,ടര്‍ക്കോയിസ് ,മുത്ത് തുടങ്ങിയ അമൂല്യരത്നങ്ങളില്‍ പണിത ആഭരണങ്ങളും കൌതുകവസ്തുക്കളുടെയും ഒരു വില്പ്പനശാലയുമുണ്ട്..ജെട്ടിയുടെ പുരാവൃത്തങ്ങളും ബസ്സള്‍ട്ടണിന്റെ പ്രാചീന ജീവിതശൈലിയേയുമൊക്കെ പ്രതിപാദിക്കുന്ന ഒരു പാട് പുസ്തകങ്ങളും കൂടാതെ ഒബ്സെര്‍വെറ്ററിയിലെ അന്തേവാസികളുടെ ചിത്രങ്ങളടങ്ങിയ വിവിധരൂപത്തിലും ഭാവത്തിലുമുള്ള കലണ്ടറുകളും തൊപ്പി സണ്‍ ഗ്ലാസ് ഇത്യാദികളും  സുവനീറുകളായി വില്പ്പനക്ക് വെച്ചിരിക്കുന്നു....തനത് ശൈലിയില്‍ കൌതുകം തോന്നിയ കുറച്ച് വസ്തുക്കള്‍ ഓര്‍മ്മക്കായ് അവിടെനിന്നും ശേഖരിച്ചു..ഒരേ സമയം നാല്പ്പതാളുകളെ മാത്രം ഉള്‍ക്കൊള്ളുന്ന ചേമ്പറിലേക്ക്  ഇറങ്ങുമ്പോള്‍ ഞങ്ങള്‍ക്കൊപ്പം ഒരു ഗൈഡും ഉണ്ടായിരുന്നു.ഗ്രൂപ്പുകളായാണു സന്ദര്‍ശകരെ അവര്‍ താഴേക്ക് കൊണ്ടു പോകുന്നത്..ജെട്ടിയുടെ ചരിത്രത്തിനും  ഭൂമിശാസ്ത്രത്തിനുമൊപ്പം  ഓരോ ചില്ലു ജാലകത്തിലൂടേയും കാണുന്ന ആഴിയദ്ഭുതങ്ങളെ കുറിച്ചും  സരസമായിത്തന്നെ അവര്‍ വിവരിക്കുന്നുണ്ട്..പവിഴപുറ്റുകളും കടല്‍ സസ്യജാലങ്ങളും കടല്പ്പലത്തിന്റെ തടിയുടെ കാലുകളിലള്ളി പിടിച്ചു വളര്‍ന്നിരിക്കുന്നു..ഓറഞ്ചു, ചുവപ്പു,ഇളം നീല ,മഞ്ഞ പച്ചനിറങ്ങളിലും പാടലവര്‍ണ്ണത്തിലും ഉള്ള പവിഴപുറ്റുകളും സ്പോഞ്ചുകളും അടങ്ങിയ സാഗരോദ്യാനം മുത്തശ്ശിക്കഥകളിലെ കടല്‍ കൊട്ടാരത്തിലെ മല്‍സ്യ കന്യകക്ക് വേണ്ടിയൊരുക്കിയതാണെന്നു തോന്നി.. .അതിനിടയില്‍ നിരവധി വര്‍ണ്ണ മല്‍സ്യങ്ങള്‍ നീന്തിത്തുടിക്കുന്നുണ്ട്..ഓരോ ജാലകവും സമ്മാനിക്കുന്നത് ഓരോ വിസ്മയങ്ങളായിരുന്നു..കൂട്ടത്തോടെ പായുന്ന മീനുകളെ നീര്‍പക്ഷികള്‍ ഊളിയിട്ട് കൊത്തിയെടുക്കുന്ന കാഴ്ച്ചയും അതിശയിപ്പിക്കുന്ന ഒന്നായി..ചിറകുകള്‍ പറ്റെ ഒതുക്കി ഊളിയിടുന്ന നീര്‍പക്ഷികള്‍ വാനത്തില്‍  ചിറകുകളടിച്ച് പറക്കുമ്പോള്‍ നമ്മളൊരിക്കലും കരുതുന്നില്ല വെള്ളത്തിനടിയിലും ഇവര്‍ മിടുക്കരാണെന്നു..നനയാതെ ഓക്സിജന്‍ സിലിണ്ടര്‍ ചുമക്കാതെ നീന്തലറിയാത്ത ഞാന്‍ കടലാഴങ്ങളിലെ വിസ്മയങ്ങള്‍ കണ്ടത് ഒരിക്കലും മറക്കാനവാത്തോരനുഭവമായി .കണ്ണഞ്ചിപ്പിക്കുന്ന ആ വര്‍ണ്ണലോകത്തെ കാഴ്ച്ചകളില്‍ നിന്നും മടങ്ങുമ്പോള്‍ നാലു കിലോമീറ്റര്‍ നടത്തവും വിശപ്പും മൂലം ശരിക്കും തളര്‍ന്നിരുന്നു...മല്‍സ്യ വിഭവങ്ങള്‍ മാത്രം ലഭ്യമാകുന്ന ഭക്ഷണശാലകള്‍ ജെട്ടിയുടെ അകത്തളങ്ങളിലൊരുക്കിയിട്ടുണ്ട്..ഏകദേശം മൂന്നുമണിയോടെ ഉച്ചഭക്ഷണവും കഴിഞ്ഞ് ഞങ്ങളുടെ അടുത്ത ലക്ഷ്യമായ അഗസ്തയിലേക്ക് അപരാഹ്നത്തിലെ വെയില്‍ നാളങ്ങളെ ഭേദിച്ച് നീലാകാശത്തിലൂടെ വട്ടമിട്ട് പറക്കുന്ന കടല്‍ പക്ഷികളുടെ കൂട്ടത്തേയും പിന്നിലാക്കി കടലോരപ്പാതയിലൂടെ ഞങ്ങളുടെ വാഹനം മുന്നോട്ട് കുതിക്കുമ്പോള്‍ അടഞ്ഞ എന്റെ ഇമകള്‍ക്ക് മുന്നില്‍ കടല്‍ കൊട്ടാരത്തില്‍ നിന്നും വഴിതെറ്റി തീരമണഞ്ഞ മല്‍സ്യകന്യകയുടെ വേവലാതി പൂണ്ട മുഖമായിരുന്നു..







Sunday 23 December 2012

മേപ്പിള്‍ മരങ്ങളും മണിഗോപുരവും


മേപ്പിള്‍ മരങ്ങളും മണിഗോപുരവും :-(Aussie memoir Part 3.മലയാളം ന്യൂസിന്റെ സണ്‍ഡേ സ്പെഷ്യലില്‍ പ്രസിദ്ധീകരിച്ചത്)

റിവര്‍ സൈഡ് വോക്ക്..ഈ പ്രതീക്ഷയിലാണ്. ഞാന്‍ മോര്‍ളി ഗലേറിയയില്‍ നിന്നും ഇറങ്ങിയത്..സ്വാണ്‍ റിവറില്‍ നീന്തിത്തുടിക്കുന്ന അരയന്നങ്ങളോട് കുശലം പറഞ്ഞ് ഒരു സായാഹ്നസവാരി..പിറ്റേന്നു പുതുവര്‍ഷപ്പുലരിയാണ്. .നഗരവും ജനങ്ങളും ആഹ്ലാദത്തിന്റെ ഒഴുക്കിലാണ്. ... പൊന്നില്‍ പൊതിഞ്ഞ ഒരു നവോഢയെ പോലെ  പോക്കുവെയിലിന്റെ ശോഭയില്‍ പെര്‍ത്ത് നഗരം തിളങ്ങുന്നു ..  .മകള്‍ പറഞ്ഞു നഗരത്തില്‍ വിവിധ ഭാഗങ്ങളില്‍ പുതുവര്‍ഷത്തെ വരവേല്ക്കുന്ന ആഘോഷങ്ങള്‍ ഇന്നു രാത്രിയുണ്ടാകുമെന്ന്.ആള്‍ക്കൂട്ടങ്ങളും ബഹളവും നിറഞ്ഞ ആഘോഷങ്ങള്‍ ...എന്തോ എനിക്കിതത്ര താല്പ്പര്യമുള്ള ഒരു വിഷയമല്ല..പക്ഷെ മക്കളുടേയും ഭര്‍ത്താവിന്റേയും സമ്മര്‍ദ്ദത്തിനു വഴങ്ങി അന്നു രാത്രി ആ കാഴ്ച്ചയും കാണാമെന്നു തീരുമാനിച്ചു..പക്ഷെ ആദ്യം എന്റെ ഇഷ്ട്പെട്ട ഒരിടമായി മാറിയ അരയന്നങ്ങളുടെ പുഴക്കരിക് ചേര്‍ന്ന് മേലെ നീലാനഭസ്സിന്റെ മടിയില്‍ ഒഴുകുന്ന സായന്തന മേഘങ്ങളേയും താഴെ ശാന്തമായൊഴുകുന്ന പുഴയിലെ  ഓളങ്ങളില്‍ നീന്തിത്തുടിക്കുന്ന അരയന്നങ്ങളേയും കണ്ടൊരു നടത്തം . വൈദ്യുത ദീപങ്ങളാലലംകൃതമായ ഭീമന്‍ ക്രിസ്മസ്സ് മരങ്ങളും രാജപാതകള്‍ക്ക് തണലായുള്ള മേപ്പിള്‍ മരങ്ങളും ജക്രാന്ത മരങ്ങളും പിന്നിട്ട് പുഴയരികിലെത്തിയപ്പോള്‍ അരയന്നകൂട്ടങ്ങള്‍ പരസ്പ്പരം ലാളിക്കുന്നതും ഇര പിടിക്കുന്നതും ഇടയിലെവിടേയോ ചില ഒറ്റകള്‍ ധ്യാനത്തിലിരിക്കുന്നതും കണ്‍കുളിര്‍ക്കെ കാണാനായ്..അതും കയ്യെത്തും അകലത്തില്‍ ..അപരിചിതത്വം ലവലേശമില്ലാതെ ആ വര്‍ണ്ണ മരാളങ്ങള്‍ തങ്ങളുടെ ലോകത്തെ ശാന്തത അനുഭവിക്കുകയാണ് . .പുഴയുടെ ഒരറ്റത്ത് കണ്ട കണ്ടല്‍ മരങ്ങളില്‍ നിന്നും വള്ളിപ്പടര്‍പ്പുകളില്‍ നിന്നും വാത്തുകളുടെ കരച്ചില്‍ കേള്‍ക്കുന്നുണ്ട്..അരയന്നങ്ങളുടേയും വാത്തുകളുടേയും കൂടുകള്‍ ആ കണ്ടലുകള്‍ക്കുള്ളിലാണുള്ളത്.ഇടക്കിടെ വാത്തുകള്‍ ഇത്തിരി ഇരുട്ട് പിടിച്ച ആ വള്ളിക്കൂട്ടങ്ങളില്‍ നിന്നും ഭാരമുള്ള ശരീരത്തെ ശക്തമായ ചിറകടികളാല്‍ ഉയര്‍ത്തി അലകള്‍ക്ക് മീതെ വന്നു മീനുകളെ കൊത്തി തിരിച്ച് പറക്കുന്നത് കാണാമായിരുന്നു ..


                                                                            

സ്വാണ്‍ റിവറിന്റെ വടക്കും തെക്കും നഗരം പരന്നു കിടക്കുകയാണ്..പുഴയ്ക്ക് കുറുകെയുള്ള പാലമാണു ദിക്കുകള്‍ക്കിടയിലെ അകല്‍ച്ചയില്ലാതാക്കുന്നത്..പുഴയുടെ അരികില്‍ സൈക്കിളിങ്ങിനും ജോഗ്ഗിങ്ങിനുമുള്ള പ്രത്യേകം പ്രത്യേകം ഇഷ്ടികപാകിയ പാതകളും , വിശ്രമത്തിനുള്ള ചാരു ബെഞ്ചുകളും കാണാം ..മനോഹരമായ ഒരുദ്യാനവും ഇതിനോട് ചേര്‍ന്നുണ്ട്..കുട്ടികളെ രസിപ്പിക്കാനായുള്ള ഊഞ്ഞാലുകളും സീസോകളും ഉണ്ട്.ഇവിടുത്തെ മറ്റൊരാകര്‍ഷണമാണു അരയന്നങ്ങളുടെ പേരിലുള്ള മണിഗോപുരം .അരയന്നങ്ങളുടെ നദി തീരത്ത് ബാരക്ക് സ്ട്രീറ്റില്‍ ജെട്ടിക്കടുത്തായാണു എണ്‍പത്തിരണ്ടര മീറ്റര്‍ (271 അടി) ഉയരമുള്ള സ്വാണ്‍ ബെല്‍ ടവര്‍ സ്ഥിതിചെയ്യുന്നത്..പതിന്നാലാം നൂറ്റാണ്ടിനു മുന്‍പെ ഉപയോഗത്തിലുണ്ടായിരുന്ന പതിനാറാം നൂറ്റാണ്ടില്‍ പുനരഃപ്പരിഷ്ക്കാരം വരുത്തിയ ചരിത്രഖ്യാതി നേടിയ രാജകീയ പ്രൌഢിയുള്ള പന്ത്രണ്ട് മണികള്‍ ലണ്ടനിലെ ട്രഫല്‍ഗര്‍ സ്ക്വയെറിലെ സേയിന്റ് മാര്‍ട്ടിന്‍ ഇന്‍ ദി ഫീല്‍ഡ്സ് ചെര്‍ച്ചില്‍ നിന്നും പെര്‍ത്തിലെത്തിയത് ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിയെട്ടില്‍ ഓസ്ട്രേലിയന്‍ ബൈസെന്റിനറി ആഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു ..വൈറ്റ് ചാപ്പല്‍ ബെല്‍ ഫൌണ്ടറിയാണു ബാക്കി ആറ് മണികള്‍ നല്കിയത്..മൊത്തം പതിനാറു മണികളോടൊപ്പം രണ്ട് ക്രോമാറ്റിക് നോട്ടോടെയുള്ള മണികളുമായുള്ള ഈ ഭീമന്‍ ബെല്‍ ടവര്‍ മേല്ത്തരം ചെമ്പും ഇറ്റാലിയന്‍ ചില്ലുകളും ഉപയോഗിച്ചുണ്ടാക്കിയതാണ്.ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റൊമ്പതില്‍ പണി പൂര്‍ത്തിയായ ഏകദേശം തൊണ്ണൂറ്റിയൊമ്പത് ടണ്‍ ഭാരമുള്ള ഈ നാഴികമണി നാദം മാറി വരുന്ന മണിമുഴക്കമുള്ള ലോകത്തിലെ പ്രശസ്തമായ മറ്റു ബെല്‍ടവറുകള്‍ക്കൊപ്പം സ്ഥാനം നേടിയിട്ടുണ്ട്..സ്വാണ്‍ നദിക്കഭിമുഖമായ് നിലകൊള്ളുന്ന ഈ മണിഗോപുരത്തിന്റെ അടിഭാഗം ഒരരയന്നം തന്റെ ചിറകുകള്‍ ഒതുക്കി ഇരിക്കുന്ന പോലെ തോന്നും . കണ്ണാടികള്‍ പാകിയ നീണ്ട സ്തൂപവും ,വിവിധ വര്‍ണ്ണങ്ങളുള്ള ദീപങ്ങളും ഈ ഗോപുരത്തിന്റെ ചാരുത വര്‍ദ്ധിപ്പിക്കുന്നു.ആറു നിലകളിലായുള്ള ഈ ഗോപുരത്തിന്റെ ഏറ്റവും മുകള്‍ തട്ടില്‍ നിന്നാല്‍ സ്വാണ്‍ റിവറിന്റെ മൊത്തം മനോഹാരിത മിഴകള്‍ ക്ക് സ്വന്തമാക്കാനാകും .പുരാതനമായൊരു സംസ്കൃതിയുടെ ഓര്‍മകളുണര്‍ത്തുന്ന നാദത്തോടേയുമുള്ള മണിമുഴക്കം പക്ഷെ എപ്പോഴും കേള്‍ക്കാനാവില്ല..തിങ്കള്‍ ,ചൊവ്വ, വെള്ളി ദിനങ്ങളില്‍ മധ്യാഹ്നം പന്ത്രണ്ട് മുതല്‍ രണ്ട് വരേയും ,ബുധനും വ്യാഴവും ശനിയും ഞായറും ദിവസങ്ങളില്‍ പന്ത്രണ്ടര മുതല്‍ രണ്ട് മണിവരെയും  മാത്രമേ ഈ അപൂര്‍വ നാദം  ശ്രവ്യസാധ്യമാവുകയുള്ളൂ...





ടവറിനു താഴെ തറയില്‍ പാകിയ ഇഷ്ടികകളില്‍ പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ സ്കൂളുകളുടെ പേരുകള്‍ അക്ഷരമാലക്രമത്തില്‍ പതിച്ചിട്ടുള്ളതാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.തന്നെയുമല്ല ബെല്‍ ടവര്‍ രാജ്യത്തിനു സമര്‍പ്പിച്ച വര്‍ഷമായ ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റൊമ്പതില്‍ ഈ സ്കൂളുകളില്‍ പഠിച്ചിരുന്ന ഓരോ വിദ്യാര്‍ത്ഥിയുടേയും പേരുകള്‍ ഈ പാതകളലങ്കരിച്ച ഇഷ്ടികയില്‍ ആലേഖനം ചെയ്തിട്ടുമുണ്ട്.കൂടാതെ അബോര്‍ജിനല്‍ ചിത്രരചന മുദ്രണം ചെയ്ത മരപ്പലകകളും തറയില്‍ പതിപ്പിച്ചിട്ടുള്ളത് ആ ജനവിഭാഗത്തിന്റെ പ്രാതിനിധ്യം രാജ്യത്തെ ഓരോ സ്മാരകങ്ങളിലും ഉണ്ടായിരിക്കണമെന്ന ഓസ്ട്രേലിയന്‍ ഭരണസമൂഹത്തിന്റെ നിര്‍ബന്ധത്തെ വെളിവാക്കുന്നു..ഗോപുരമുറ്റത്ത് മനോഹരമായൊരു ജലധാരയും ഈന്തപ്പനകളടക്കം വിവിധ തരത്തിലുള്ള അലങ്കാര പനകളുടെ ഒരു സമുച്ചയവുമുണ്ട്.അരയന്നങ്ങളുടേയും കംഗാരു എമു തുടങ്ങിയ തദ്ദേശ മൃഗങ്ങളുടേയും പല മാതൃകയിലുമുള്ള ദാരു ശില്പങ്ങള്‍  ഉദ്യാനത്തിനൊരലങ്കാരമായിട്ടുണ്ട്...ചുവപ്പും പച്ചയും ഇടകലര്‍ന്ന നിറങ്ങളിലുള്ള തത്തകള്‍ ഈന്തപ്പനകളുടെ മണ്ടയില്‍ തന്നെ കൂടൊരുക്കിയിട്ടുള്ളത് കൌതുകമായി തോന്നി.വ്യത്യസ്ഥമായ കാഴ്ച്ചകള്‍ സമ്മാനിച്ച ആഹ്ലാദത്തില്‍ ഞങ്ങള്‍ ആ ഉദ്യാനത്തിലെ പുല്‍ത്തകിടിയില്‍ വിശ്രമിക്കവെ സൂര്യന്‍ ആ വര്‍ഷത്തെ അവസാനത്തെ അസ്തമനത്തിനായ് ഒരുങ്ങിക്കഴിഞ്ഞിരുന്നു .അസ്തമയത്തിനൊരുങ്ങിയ സൂര്യന്റെ പരശ്ശതം  രശ്മികള്‍ ഗോപുരത്തിന്റെ ചില്ലുജാലകങ്ങളില്‍ തട്ടി ഉടഞ്ഞ് ജലധാരകളില്‍ വന്നു വീഴുന്നത് നയനാനന്ദകരമായൊരു കാഴ്ച്ച തന്നെയായിരുന്നു..മെല്ലെ മെല്ലെ ശോണവര്‍ണ്ണം നീലാംബരത്തെ ആശ്ലേഷിക്കുന്നുണ്ട്.ഇരുള്‍ പരന്നതോടെ തെരുവ് വിളക്കുകളുടെ പ്രകാശധാര നഗരത്തില്‍ ആധിപത്യം സ്ഥാപിക്കാന്‍ തുടങ്ങിയപ്പോഴേക്കും  ഞങ്ങള്‍ ജെട്ടിക്കടുത്തുള്ള "അന്നലക്ഷ്മി" എന്ന തെന്നിന്ത്യന്‍ സസ്യ ഭോജനശാലയിലേക്ക് നടന്നു..

ഞങ്ങളെ അവിടെ കൊണ്ടു പോയതിന്റെ പിന്നില്‍ വെറും അത്താഴം കഴിക്കുക എന്ന ഉദ്ദേശം മാത്രമല്ല മക്കള്‍ക്കുണ്ടായിരുന്നത്.. ലോകത്തിനു തന്നെ മാതൃകയായ ഒരു നല്ല സംസ്ക്കാരത്തെ പ്രത്യേകിച്ചും" അതിഥി ദേവോ ഭവ "എന്ന വേദ വാക്യത്തെ നെഞ്ചിലേറ്റുന്ന ആര്‍ഷഭാരത സംസ്ക്കാരത്തിന്റെ മഹത്വം തെളിയിക്കുന്ന ഒരു സ്ഥലത്തെ പരിചയപ്പെടുത്തലും കൂടിയായിരുന്നു അതു . തികച്ചും ഭാരതീയ പൌരാണികതയുടെ കലാവൈഭവം വിളിച്ചോതുന്ന ശില്പചാതുര്യം അലങ്കാരങ്ങളാക്കിയ വലിയൊരു ഹാളിലേക്ക് ഞങ്ങള്‍ കയറുമ്പോള്‍ ഒരാരാധനാലയത്തിലേക്ക് എത്തിപ്പെട്ട പ്രതീതി.ചന്ദനത്തിരിയുടെ സുഗന്ധം ചുറ്റിലും പടരുന്നുണ്ട്. കളിമണ്ണിലും ഓടിലും തീര്‍ത്ത വിഘ്നേശ്വരന്റേയും അന്നലക്ഷ്മിയുടേയും ആടയലങ്കാരങ്ങളോടെയുള്ള ബിംബങ്ങള്‍ പ്രതിഷ്ടിച്ച പൂമുഖവുമുള്ള കാഷ് കൌണ്ടര്‍ ..കൌണ്ടറിലിരിക്കുന്ന ഇന്ത്യന്‍ വംശജ; അവിടുത്തെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥ പ്രസന്നമായ ചിരിയോടെ വരുന്നവരെ സ്വീകരിക്കുന്നുണ്ട്..അവിടെ കണ്ട ഒരു ചെറിയ പ്ലക്കാര്‍ഡ് ..അതിലെ വാചകം വളരെ അസാധാരണമായ് തോന്നി .."പേ വാട്ട് യു തിങ്ക് ഇറ്റ്സ് വെര്‍ത്ത് ".അതവരുടെ മുദ്രവാക്യം കൂടിയാണെന്നറിഞ്ഞപ്പോള്‍ എനിക്കദ്ഭുതം തോന്നി..എത്ര കഴിച്ചാലും നിങ്ങള്‍ക്കിഷ്ടമുള്ളത് മാത്രം കൊടുക്കുക..അമ്പത് ഡോളറിനുള്ളത് കഴിച്ചാലും അഞ്ച് ഡോളര്‍ മാത്രം കൊടുത്താലും അവരൊന്നും പറയില്ല.ഭക്ഷണത്തിനു നിശ്ചിത മൂല്യം നിര്‍ണ്ണയിക്കാതെ തികച്ചും കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായ് നടത്തുന്ന ഈ സംഘടനയുടെ ഉദ്ദേശ ശുദ്ധിയെ പക്ഷെ ആരും വില കുറച്ച് കാണാറില്ല.അവിടെ വരുന്നവര്‍ പണമില്ലാതെ വിശന്നിരിക്കാന്‍ പാടില്ല.ഉദരം ആശിക്കുന്നത് കഴിക്കുക ..മനം ശാസിക്കുന്നത് നല്കുക.അതിഥി സല്ക്കാരത്തിന്റെ ഈ നൂതന രീതി എന്നെ ക്ഷേത്രങ്ങള്‍ക്കൊപ്പമുള്ള ഊട്ടു പുരയെ ഓര്‍മിപ്പിച്ചു .പ്രധാന കവാടം കടന്നു ഭക്ഷണ മേശകള്‍ വിതാനിച്ചിടത്തേക്ക് ഞങ്ങള്‍ കടന്നു.തെന്നിന്ത്യന്‍ മസാലക്കൂട്ടുകളുടേയും കാപ്പിയുടേയും മനം മയക്കുന്ന പരിമളം പരിലസിക്കുന്നുണ്ടവിടെ.നല്ല തിരക്കുണ്ടെങ്കിലും ഒരു മൂലയിലായ് ഞങ്ങള്‍ക്ക് ഇരിപ്പിടം കിട്ടി.പരിചാരകരെല്ലാം തന്നെ ഇന്ത്യക്കാര്‍ മാത്രം .പക്ഷെ കഴിക്കാനെത്തിയവരില്‍ ഇന്ത്യക്കാര്‍ മാത്രമല്ല യൂറോപ്യന്‍ വംശജരും ധാരാളമായുണ്ട്..അവിടെ കണ്ട ജോലിക്കാരെല്ലാം തന്നെ അന്തസ്സോടെ സമൂഹത്തിന്റെ നാനാതുറകളിലും ഉയര്‍ന്ന ഉദ്യോഗങ്ങളിലിരിക്കുന്നവരാണ്. നയതന്ത്രജ്ഞര്‍ തുടങ്ങി ഭിഷഗ്വരന്‍മാരും  അദ്ധ്യാപകര്‍ ,എഞ്ചിനീയര്‍മാര്‍ ;അക്കൌണ്ടന്റുമാര്‍ ,ഐ ടി വിദഗ്ദര്‍ തുടങ്ങി സമൂഹത്തിലെ മേലേക്കിടയിലുള്ളവരും സാധാരണ ഓഫീസ് ജോലികളില്‍ ഏര്‍പ്പെട്ടവരുമായ ഒരു കൂട്ടം സുമനസ്സുകളുടെ മേല്‍ നോട്ടത്തില്‍ ലാഭേച്ഛ പ്രതീക്ഷിക്കാതെ നടത്തുന്ന ഒരിടം.അതാണു അന്നലക്ഷ്മി എന്ന ഭക്ഷണ ശാല..ഈ റെസ്റ്ററന്റിന്റെ വരുമാനത്തിന്റെ ലാഭം പോകുന്നത് നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണെന്നുള്ളത് അറിയുമ്പോള്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഓരോരുത്തരോടുമുള്ള നമ്മുടെ ബഹുമാനം വര്‍ദ്ധിക്കുന്നു...ചോറിനും ചപ്പാത്തിക്കുമൊപ്പം   നാലുതരം സസ്യ വിഭവങ്ങളും ബഫെ രീതിയില്‍ നിരത്തിയിട്ടുണ്ട്..ഫില്‍ട്ടര്‍ കോഫിയും ഡിസ്സര്‍ട്ടും വേറെയും ..പാചകം ചെയ്യുന്നതും പരിചരിക്കുന്നതും പാത്രങ്ങള്‍ വൃത്തിയാക്കുന്നതും ഒക്കെ ഞാന്‍ മേല്പ്പറഞ്ഞ ഉദ്യോഗങ്ങള്‍ ചുമക്കുന്നവര്‍ തന്നെ..അവരവര്‍ സ്വന്തം താല്പ്പര്യത്തില്‍ ജോലി കഴിഞ്ഞ് കിട്ടുന്ന സമയത്ത് സന്തോഷത്തോടെ വന്നു ചെയ്യുന്നത്..ഉച്ച ഭക്ഷണവും അത്താഴവും മാത്രമേ ഇവിടെ ലഭ്യമുള്ളൂ..അതും വൈകീട്ട് ഏഴ് മണി വരെ മാത്രം ..ചില വിശേഷ ദിവസങ്ങളില്‍ ഇന്ത്യന്‍ നൃത്ത രൂപങ്ങളും സംഗീതവുമടങ്ങിയ കലാസാംസ്ക്കാരിക പരിപാടികള്‍ ഹാളിനറ്റത്തായ് ഒരുക്കിയ മണ്ഡപത്തില്‍ നടാക്കാറുണ്ടത്രെ..ഞങ്ങള്‍ ‍രുചിച്ചതെല്ലാം നല്ല സ്വാദുള്ള വിഭവങ്ങളായി തന്നെ തോന്നി..പ്രത്യേകിച്ച് തമിഴരുടെ തനത് ശൈലിയിലുള്ള ഫില്‍ട്ടര്‍ കാപ്പി..സന്തോഷത്തോടെ നല്ലൊരു തുക കഴിച്ചത്തിന്റെ പ്രതിഫലമായ് നല്‍കുമ്പോള്‍ ഇതിന്റെ ഒരു പങ്ക് നന്മയുടെ ഏടില്‍ എഴുതപ്പെടുമല്ലോ എന്നോര്‍ത്ത് ഞങ്ങളുടെആമാശയത്തോടൊപ്പം ഹൃദയവും നിറഞ്ഞു ...

പുറത്തേക്ക് കടക്കുമ്പോള്‍ തന്നെ നഗരത്തില്‍ ആഘോഷങ്ങളുടെ മത്താപ്പുകള്‍ പൊട്ടി വിടരുന്നത് കാണാമായിരുന്നു...ചെറുപ്പക്കാരും മധ്യവയസ്ക്കരും വൃദ്ധരും തുടങ്ങി പ്രായഭേദമില്ലാതെ എല്ലാവരും  പുതുവര്‍ഷത്തെ പുണരാന്‍ ഒത്തുകൂടുന്നുണ്ട്..പത്ത് മണിയോടെ തുടങ്ങുന്ന സംഗീത പരിപാടികള്‍ പാതിരാ വരെ നീളും ..ഇതിനിടയില്‍ പന്ത്രണ്ട് മണിക്ക് പുതുവര്‍ഷത്തെ സ്വാഗതം ചെയ്യുന്ന വെടിക്കെട്ടുണ്ടാകും ..നഗരത്തിലെ സ്ക്വയറുകളിലും തെരുവുകളിലും നിയമപാലകരുടെ സംഘങ്ങള്‍ വിന്യസിച്ചിട്ടുണ്ട്..മദ്യത്തിന്റെ ലഹരിയില്‍ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാകാതിരിക്കാന്‍ വേണ്ട മുന്‍ കരുതലുകളോടെ അവര്‍ പൊതു ജനങ്ങളുടെ ആഘോഷങ്ങള്‍ക്ക് തടസ്സമാവാതെ പരസ്പ്പരം ആശീര്‍വദിച്ചും അഭിവാദ്യമര്‍പ്പിച്ചും നഗരത്തിരക്കിന്റെ ഭാഗമാകുന്നുണ്ട്..ഞങ്ങളുടെ സഞ്ചാരപരിപാടിയനുസരിച്ച് പിറ്റേന്നു പുലര്‍ന്നാല്‍ മാര്‍ഗരെറ്റ് റിവര്‍ എന്ന സ്വപ്നഭൂവിലേക്കുള്ള യാത്ര തുടങ്ങാനുള്ളതാണ്..പാതിരാ വരെ ഈ ആഘോഷങ്ങള്‍ കണ്ട് നിന്നാല്‍ രാവിലെ പുറപ്പെടുന്നതിനെ എങ്ങനെ ബാധിക്കുമെന്ന വ്യഥയിലായിരുന്നു ഞാന്‍ ..പുഴയുടെ ഓരം ചേര്‍ന്ന നടപ്പാതയിലൂടെ ആഘോഷത്തിന്റെ കാതടപ്പിക്കുന്ന വാദ്യങ്ങളുടെ മേളക്കൊഴുപ്പിലേക്ക് നവവല്സരത്തെ വരവേല്‍ക്കാന്‍ നീങ്ങുമ്പോള്‍ കണ്ടല്‍ മരങ്ങള്‍ക്കിടയില്‍ നിന്നും ഋതുപകര്‍ച്ചകളുടെ ഭ്രമണപഥത്തില്‍ പുതിയൊരു വര്‍ഷം കൂടി ചേരുന്നുവെന്നറിയാതെ ഇണയരയന്നങ്ങളുടെ പ്രണയസല്ലാപം കേള്‍ക്കാനുണ്ടായിരുന്നു...........






Thursday 6 December 2012

മൂളിപ്പറക്കുന്ന ബൂമറാങുകള്‍ :-(Aussie memoir part 2)മലയാളം ന്യൂസിന്റെ സണ്‍ഡേ സപ്ലിമെന്റില്‍ പ്രസിദ്ധീകരിച്ചത്....


വി ആര്‍ സോറി....വി സേ സോറി..രണ്ടായിരത്തി എട്ട് ഫെബ്രുവരി പതിമൂന്നിനു ഓസ്ട്രേലിയന്‍ പാര്‍ലമെന്റില്‍ അന്നത്തെ  പ്രധാനമന്ത്രിയായിരുന്ന കെവിന്‍ റഡ്ഡിന്റെ മാപ്പിരക്കല്‍ ; ചരിത്രത്താളുകളില്‍ ഇടം നേടിയ ഒരസാധാരണ പ്രഖ്യാപനമായിരുന്നു ആയിരക്കണക്കിനു അബോര്‍ജിനലുകള്‍ക്ക് മുന്നില്‍  അന്നു നടത്തിയത് .ഒരു മനുഷ്യകുലത്തിന്റെ   അഥവാ ഒരു സംസ്ക്കൃതിയുടെ അവശേഷിച്ച തലമുറയെ ഇല്ലാതാക്കിയതിലുള്ള ഒരു രാഷ്ട്രത്തിന്റെ ക്ഷമാപണം നടത്തലായിരുന്നു അന്നു ദൃശ്യ ശ്രവ്യ പത്രമാധ്യമങ്ങളിലൂടെ ലോകം സാക്ഷ്യമായത്..നൂറ്റാണ്ടുകള്‍ക്ക്  മുന്‍പ് നടത്തിയ അധിനിവേശത്തിന്റെ പിന്നാമ്പുറ കഥകള്‍ ഞെട്ടിപ്പിക്കുന്നതാണെന്നിരിക്കെ ഇന്നു ലോകത്ത് വംശനാശം സംഭവിച്ച ഒരു ആദിമ വര്‍ഗ്ഗം ഭൂമുഖത്തു നിന്നും ഭാഗികമായെങ്കിലും  ഉന്മൂലനം ചെയ്യപ്പെട്ടതിന്റെ പിന്നില്‍ കാരണമായ് വര്‍ത്തിച്ച തങ്ങളുടെ മുന്‍തലമുറക്കാരുടെ തലക്ക് പിടിച്ച സാമ്രാജ്യത്വ വെറിയുടെ ലഹരി ;ക്രൂരതയില്‍ പൊതിഞ്ഞ വെട്ടിപിടിക്കലിന്റെ ചരിത്രം ;വെറുമൊരു മാപ്പു പറച്ചിലിലൂടെ മായ്ക്കാന്‍ കഴിയുന്നതായിരുന്നില്ല ആ ഇരുണ്ട പുരാവൃത്തം ..



                                         

പതിനേഴാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ കരാളഹസ്തം പന്ത്രണ്ട് കപ്പല്‍ പടയോടെ മഞ്ഞുയുഗത്തോടെ ഇന്‍ഡോന്യേഷ്യയില്‍ നിന്നും വേര്‍പെട്ട് കഴിഞ്ഞിരുന്ന ഭൂഖണ്ഡമായ ഓസ്ട്രേലിയയില്‍ ക്യാപ്റ്റന്‍ കുക്കിന്റെ നേതൃത്വത്തില്‍ വന്നിറങ്ങുമ്പോള്‍ അന്നു വരെ ലോകത്തിന്റെ ശ്രദ്ധയില്‍ നിന്നകന്നു കഴിഞ്ഞിരുന്ന ഒരു ഭൂപ്രദേശം പരിഷ്കാരത്തിന്റെ കാല്പ്പാദങ്ങളെ മനസ്സറിഞ്ഞോ അറിയാതേയോ നെഞ്ചേറ്റുകയായിരുന്നു..ആ സ്വീകരണത്തിനു പിന്നീട് ലാഭവും നഷ്ടവും തൂങ്ങുന്ന ഒരു തുലാസിന്റെ ധാര്‍ഷ്ട്യം ഉണ്ടായിരുന്നു.തികച്ചും ഏകപക്ഷീയമായ ഒരു ലാഭത്തിന്റെ ഭാരത്തെ താങ്ങി നഷ്ടക്കണക്കിനെ കാറ്റില്‍ പറ ത്തിയ ധാര്‍ഷ്ട്യം .അന്നവിടെ കണ്ടവരെ മനുഷ്യര്‍ എന്നു വിളിക്കാന്‍ ക്ഷണിക്കപ്പെടാതെയെത്തിയ അതിഥികള്‍ സംശയിച്ചു പോലും .. ഒരു ആദിമവര്‍ഗ്ഗമായ അബോര്‍ജിനലുകള്‍ എന്ന ആദിവാസികള്‍ വല്ലത്തൊരങ്കലാപ്പോടേയായിരുന്നു തങ്ങളുടെ അതിഥികളെ അന്നു എതിരേറ്റത്..ആ ഭൂപ്രദേശത്തിന്റെ നാനാസാധ്യതകള്‍ മനസ്സിലാക്കിയ ഇംഗ്ലീഷുകാര്‍ അവിടെ തമ്പടിച്ചതിനെ സംശയിക്കേണ്ടതില്ല...യുദ്ധത്തടവുകാരെ പാര്‍പ്പിക്കാനും പുതിയൊരു സാമ്രാജ്യം വികസിപ്പിക്കാനും നടത്തിയ പ്രവര്‍ത്തനങ്ങളില്‍ പിന്തിരിപ്പന്‍ മൂരാച്ചികളായ് എത്തിയ കുറച്ച് തദ്ദേശിയരായ അബോര്‍ജിനലുകളെ ഇല്ലാതാക്കാനും ശേഷിച്ചവരുടെ കുഞ്ഞുങ്ങളെ സംസ്കാരമുള്ളവരാക്കാന്‍ എന്നും പറഞ്ഞ് അമ്മമാരില്‍ നിന്നും പിടിച്ചെടുത്തു കൊണ്ടു പോയതുമൊക്കെ ഒരു കറുത്ത അടയാളമായി ഓസ്ട്രേലിയന്‍ ചരിത്രത്തിന്റെ ഏടുകളില്‍  വിശ്രമിക്കുമ്പോള്‍ നൂറ്റാണ്ടുകള്‍ക്കിപ്പുറം പുതു തലമുറകള്‍ ഇങ്ങനെയൊരു ക്ഷമാപണം നടത്തുന്നതില്‍ അതിശയിക്കാനില്ല.പെര്‍ത്ത് നഗരത്തിന്റെ പുലര്‍ക്കാഴ്ച്ചയില്‍ പ്രഭാത സവാരിക്കൊപ്പം ഇംഗ്ലീഷ് ബ്രേക്ഫാസ്റ്റിന്റെ വൈവിധ്യങ്ങളും രുചിക്കാം എന്നുദ്ദേശിച്ചിറങ്ങിയ ഞങ്ങള്‍ കണ്ട ഒരു കാഴ്ച്ചയാണു ഓസ്ട്രേലിയയുടെ ചരിത്രത്തില്‍ ഒരു പുനര്‍വായനക്കവസരം ആഗ്രഹിക്കാതെ മയങ്ങുന്ന ഒരു മഷിപ്പകര്‍ച്ചയായ് കാണുന്ന കയ്പ്പ് നിറഞ്ഞ സത്യത്തെ മുഖവുരയായി പറയേണ്ടി വന്നതിനു കാരണമായത്.



നഗരത്തില്‍ ഷട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്സ് ; സെന്ട്രല്‍ ഏരിയാ ട്രാന്‍സ്പ്പോര്‍ട്ട് (ക്യാറ്റ് എന്നു ഓമനപ്പേര്)തികച്ചും സൌജന്യമാണ്...സര്‍ക്കാറിനു ലഭിക്കുന്ന നികുതിവരുമാനത്തില്‍ നിന്നും  പൊതുജങ്ങളെ ഗുണഭോക്താക്കളാക്കുന്നതിനുള്ള നിരവധി സൌജന്യ സേവനങ്ങളിലൊന്നാണു ഈ ബസ്സ് സര്‍വീസുകള്‍ .നഗരത്തിനുള്ളിലനുഭവപ്പെടുന്ന ഗതാഗത തിരക്കിനെ നിയന്ത്രിക്കാനും , വാഹനങ്ങള്‍ പുറന്തള്ളുന്ന കാര്‍ബണ്‍ മൂലമുള്ള വായു മലിനീകരണത്തെ കുറയ്ക്കാനും സര്‍ക്കാറിന്റെ ഈ സേവനത്തെ ഉപയോഗപ്പെടുത്താന്‍ വാഹനങ്ങളുള്ളവരും വാഹനമില്ലാത്തവരോടൊപ്പം ബസ് സ്റ്റോപ്പുകളില്‍ പത്തു മിനിട്ടിടവിട്ട് വരുന്ന ക്യാറ്റിനെ കാത്തു നില്ക്കുന്നത് ഒരു പതിവ് ദൃശ്യം .വീട്ടില്‍ നിന്നും കാറില്‍ പെര്‍ത്ത് സിറ്റിയിലെത്തി വാഹനത്തെ പാര്‍ക്ക് ചെയ്തതിനു ശേഷം പിന്നീടുള്ള സിറ്റി ടൂറിനു ഈ സൌജന്യ യാത്രയാണ്.ഞങ്ങള്‍ ഉപയോഗപ്പെടുത്തിയത്.പാതയോരങ്ങളില്‍ നില്ക്കുന്ന മേപ്പിള്‍ മരങ്ങളുടെ ശിഖരങ്ങള്‍ക്കിടയിലൂടെ പ്രഭാത സൂര്യന്റെ ഇളം നാളങ്ങള്‍ വീഥികളെ സ്വര്‍ണ്ണവര്‍ണ്ണമണിയിക്കുന്നുണ്ട്.വൃശ്ചികക്കാറ്റിനെ ഓര്‍മ്മപ്പെടുത്തുന്ന ആഞ്ഞുലഞ്ഞ് വീശുന്ന കാറ്റിന്റെ കുസൃതിയില്‍ ഞങ്ങള്‍ നാട്ടിലാണുള്ളതെന്നു തോന്നി.ഏകദേശം നമ്മുടെ നാടിന്റെ ഹരിതാഭയും ഇന്ഫ്രാ സ്ട്രക്ച്ചറും .വളരെ വൃത്തിയുള്ള (ഒരു വിദൂര സ്വപ്നമാണെങ്കിലും ) കേരളം പോലെ .


                                           view of Perth city

നഗരത്തിന്റെ മധ്യത്തില്‍ വൃക്ഷങ്ങളും പുല്ത്തകിടികളും പൂന്തോപ്പുകളുമൊക്കെയായ് ഒരു വിശ്രമസ്ഥലമുണ്ട്..നടക്കാനിറങ്ങുന്നവരും കൂട്ടം കൂടി സംസാരിക്കനെത്തുന്നവരുമൊക്കെയുണ്ടെങ്കിലും കൂടുതലും ഈ സ്ഥലത്തെ പ്രയോജനപ്പെടുത്തുന്നത് അവിടുത്തെ ആദിവാസികളായ അബോര്‍ജിനലുകളാണു..സര്‍ക്കാര്‍ നല്കിയ ഭവനങ്ങളുണ്ടെങ്കിലും അലഞ്ഞ് തിരിഞ്ഞ് നടക്കുകയെന്ന പൈതൃക ശീലത്തില്‍ നിന്നും മാറാനാഗ്രഹമില്ലാതെ തിന്നും കുടിച്ചും തൊഴിലെടുക്കാനാഗ്രഹമില്ലാത്ത ഇക്കൂട്ടര്‍ ഇതൊക്കെ തങ്ങളുടെ ജന്മവകാശം എന്നുള്ള ചിന്തയില്‍   അലസജീവിതം നയിക്കുന്നവരാണ്..മദ്യ ലഹരിയില്‍ പ്രാകൃതമായ ഇംഗ്ലീഷില്‍ പുലഭ്യം പറഞ്ഞു കൊണ്ടൊരുത്തന്‍ ആകാശം നോക്കി കിടക്കുന്നുണ്ട്..വേറെ ചിലര്‍ കാര്യമായെന്തൊക്കെയോ അവരുടെ ഭാഷയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.രാത്രിയും പകലും ഇങ്ങനെ തെരുവുകളില്‍ മദ്യപിച്ചും വഴക്കിട്ടും കുത്തഴിഞ്ഞ സാമൂഹ്യ ജീവിതം നയിക്കുന്ന അബോര്‍ജിനലുകളില്‍ ചിലരെങ്കിലും ഉത്തമ കുടുംബ ജീവിതം നടത്തുന്നവരായുണ്ട്...വളരെ പുരാതനവും പ്രാചീനവുമായ ഒരു സംസ്ക്കൃതിയുടെ തലമുറകള്‍ എങ്ങനെ ഇത്തരം ജീവിതത്തിന്നടിമകളായെന്നു ചിന്തിച്ചാല്‍ പല കാരണങ്ങളും കിട്ടും .ആഴ്ച്ച തോറും സര്‍ക്കാരില്‍ നിന്നും തൊഴില്ലാലായ്മ വേതനം (ഡോല്‍ )കിട്ടുന്നതിനാല്‍ തൊഴില്‍ ചെയ്യാനവരെ അഥോറിറ്റീസ് പ്രേരിപ്പിച്ചാലും അവര്‍ക്കൊരു ജോലിയും ചെയ്യാനിഷ്ടമില്ല തന്നെ.ലഭിക്കുന്ന പെന്‍ഷന്‍ മദ്യത്തിനും മയക്ക മരുന്നിനും ചൂതാട്ടത്തിനും ചിലവാക്കി കയ്യിലുള്ളതൊക്കെ തീരുമ്പോള്‍ പിന്നെ ശാപവാക്കുകളെറിഞ്ഞ് സര്‍ക്കാരിനെ പഴിച്ച് തെരുവുകളില്‍ കഴിയുന്ന ഈ നായാടി വര്‍ഗ്ഗം (നോമാഡ്) ഗതകാലത്തിന്റെ ആത്മീയതയെ സ്മരിച്ച് ജീവിതത്തെ തുലയ്ക്കുന്നവരാണ്..

അബോര്‍ജിനലുകളുകളുടെ ചരിത്രമെടുത്താല്‍ ..മന്‍ഗോമന്‍ എന്ന ആദിമ മനുഷ്യകുലവും അബോര്‍ജിനലുകളും ആണു ലോകത്തെ ഏറ്റവും പുരാതന മനുഷ്യര്‍ എന്ന അവകാശത്തിന്നുടമകള്‍ ..നാല്പ്പതിനായിരം വര്‍ഷത്തോളം പഴക്കം അബോര്‍ജിനല്‍ വംശത്തിനും അവരുടെ സംസ്ക്കാരത്തിനുമുണ്ട്..ഇന്ന് വളരെ ന്യൂനപക്ഷമായ(ഒരു ലക്ഷം മാത്രമുള്ള ജനസംഖ്യ) ഇവരുടെ ആയുസ്സിന്റെ വലിപ്പവും പരിഷ്കൃത മനുഷ്യരെ അപേക്ഷിച്ചു തുലോം കുറവാണു ..40-45 വയസ്സിനുള്ളില്‍ ദുശ്ശീലങ്ങള്‍ക്കടിമപെട്ടും മാറാവ്യാധികളുടെ പിടിയിലകപ്പെട്ടും  ഇവരുടെ ആയുസ്സ് ഒടുങ്ങുന്നു.ഇവരുടെ വംശത്തെ നിലനിര്‍ത്താനും  ജനസംഖ്യ കൂട്ടി മരണസംഖ്യ കുറക്കാനുമായ് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്.അതിനു വേണ്ടി പ്രത്യേക മിഷനുകള്‍ തന്നെ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്..ഇവരുടെ ഉന്നമനത്തിനും പുരോഗതിക്കും വേണ്ടി  ഓസ്ട്രേലിയല്‍ ഗവണ്മെന്റ് നടത്തുന്ന അശ്രാന്ത പരിശ്രമം പക്ഷെ പാഴായി പോകുകയാണു പതിവു..ഒരു പാട് ആനുകൂല്യങ്ങളും വിദ്യഭ്യാസ നയങ്ങളും തൊഴിലുറപ്പ് പദ്ധതികളുമൊക്കെ ഉണ്ടെങ്കിലും അലസരായി ജീവിക്കാന്‍ ഒരുമ്പെട്ട് നടക്കുകയാണെങ്കില്‍ പിന്നെ ദൈവത്തിനു  പോലും അവരെ രക്ഷിക്കാനാവില്ലല്ലോ.. പിടിച്ച് പറീയും മോഷണവും സാമാന്യം നല്ല തോതില്‍ ഇവര്‍ ചെയ്തു വരുന്നു..കുറ്റം പിടിക്കപ്പെട്ടാല്‍ ജയിലിലെ ലോക്കപ്പില്‍ കിടക്കുന്ന ഭര്‍ത്താവിന്റെ ജനാലക്കിപ്പുറമിരുന്നു രാത്രി മുഴുവന്‍ കണ്ണീരൊഴുക്കി പാട്ടു പാടണമെന്നത് അബോര്‍ജിന്‍ കുടംബ നിയമം അഥവാ പാലിച്ചില്ലെങ്കില്‍ അവള്‍ക്ക് ശിക്ഷയും കഴിഞ്ഞെത്തുന്ന ഭര്‍ത്താവിന്റെ പീഡനം ഉറപ്പ് ;വിരളമായെങ്കിലും ഇന്നും നിലനില്ക്കുന്ന ഒരു പ്രാകൃതാചാരം ആണിത് ..

വളരെ വിചിത്രവും അസാധാരണവുമായ അബോര്‍ജിന്‍ വിശ്വാസങ്ങള്‍ നമ്മളെ അദ്ഭുതപ്പെടുത്തും .. അവരുടെ കുലത്തിന്റെ ഉദ്ഭവം അവരുടെ ഭാഷ്യത്തില്‍  ഭൂമി പിളര്‍ന്നെത്തിയ അരൂപികളായ ദിവ്യാത്മാക്കള്‍ വൃക്ഷങ്ങളുടേയും പക്ഷി മൃഗാദികളുടേയും മനുഷ്യരുടേയും രൂപമെടുത്തു എന്നാണ് വിശ്വസിക്കപ്പെടുന്നത്. കാലപ്നിക യുഗം അഥവാ കിനാക്കാലം (ഡ്രീം ടൈം )ഈ പേരിലാണു അവരുടെ യുഗപ്പിറവിയെ വിശേഷിപ്പിക്കുന്നത്..ഏതു സ്ഥലരാശിയിലാണൊരു ഗോത്രം ജന്മമെടുക്കുന്നത് അവിടെ ഒരു പ്രത്യേക ദിവ്യാത്മാവിന്റെ സ്പര്‍ശവും സാമിപ്യവും അവര്‍ അനുഭവിക്കുന്നു..ഓരോ വ്യക്തിയും ഓരോ ബിംബങ്ങളുടെ വക്താക്കളായ് സ്വയം പ്രഖ്യാപിക്കുന്നു.ഈ പ്രതീകങ്ങള്‍ കാട്ട് നായയോ,കംഗാരുവോ.എമുവോ,നാഗമോ ഉറുമ്പോ ആകാം ..ഒരു വ്യക്തിയില്‍ തുടങ്ങുന്ന ആ പ്രതീകപരമ്പര പിന്നീട് തലമുറകളുടെ പിന്തുടര്‍ച്ചയില്‍ നിലനില്ക്കുന്നു.ഭ്രൂണാവസ്ഥ മുതല്‍ ശിശു ഈ ദിവ്യാത്മാവിന്റെ അദൃശ്യ സാമിപ്യം അനുഭവിക്കുന്നു എന്നാണവരുടെ വിശ്വാസം ..ലിപിയില്ലാത്ത പ്രാചീന സംസാരഭാഷയാണു ഇവരുടെ മുന്‍ തലമുറകള്‍ ആശയവിനിമയത്തിനുപയോഗിച്ചിരുന്നത്..എഴുതപ്പെട്ട ചരിത്രങ്ങള്‍ ഒരു വരയിലൂടെ പോലും സ്വന്തമെന്നവകാശപ്പെടാനില്ലാത്ത അബോര്‍ജിന്‍ ചരിത്രം വായ്മൊഴിയിലൂടെയാണു തലമുറകളിലേക്ക് പകരുന്നത്..ദിവ്യാത്മാക്കളെന്നു വിശ്വസിക്കുന്ന പ്രതീകങ്ങളെ ചുറ്റിപറ്റിയുള്ള കഥകള്‍ അവര്‍ സങ്കല്പ്പിച്ചുണ്ടാക്കുന്ന കാല്പ്പനികതകള്‍ യാഥാര്‍ത്ഥ്യത്തിന്റെ ഊടും പാവുമായ് തുന്നിചേര്‍ക്കാന്‍ കഴിയാത്ത ആധുനിക യുഗത്തിന്റെ കാഴ്ച്ചപ്പാടില്‍ വെറും അന്ധവിശ്വാസങ്ങള്‍ ..ഓരോ മനുഷ്യ രാശിക്കും പറയാന്‍ കാണുമായിരിക്കും ഇത്തരം സങ്കല്പ്പത്തില്‍ പൊതിഞ്ഞ വിശ്വാസങ്ങള്‍ ..

എല്ലാം ഒരു വിശ്വാസമെന്നു പരിഷ്കൃതരായ നമുക്ക് സമാധാനിക്കാം ..കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെന്നിരിക്കെ പുതു തലമുറയിലെ ചില അബോര്‍ജിനലുകള്‍ യൂറോപ്യന്‍ സമൂഹവുമായ് കുടുംബ ബന്ധം സ്ഥാപിക്കുകയും കുറച്ചു കൂടി മെച്ചപ്പെട്ട ജീവിതം ജീവിക്കുകയും ചെയ്യുന്നുണ്ട്.ഗാനങ്ങളിലൂടേയും നൃത്തരൂപങ്ങളിലൂടേയും ഈ കിനാക്കഥകള്‍ (ഡ്രീം സ്റ്റോറീസ്) ഇവര്‍ പ്രചരിപ്പിക്കുന്നു..ഇവരുടെ സംഗീതം മനോഹരമാണ്..ഈറക്കുഴല്‍ , ജിമ്പെ എന്ന ഡ്രം .മഴത്താളമുണ്ടാക്കുന്ന ഡിഡ് ഗരിഡൂ എന്ന  ഒരുപകരണം ,കോല്‍ .കാറ്റിന്റെ ചലനത്തില്‍  ശബ്ദമുണ്ടാക്കുന്ന വിന്‍ഡ് ഷൈം എന്ന ഉപകരണം പിന്നെ ബൂമറാങ് എന്നിവയൊക്കെയുപയോഗിച്ചാണു അബോര്‍ജിനലുകള്‍ സംഗീതനൃത്തവിരുന്നൊരുക്കാറ്..അതു പോലെ ഇവരുടെ ചിത്ര രചനയും വളരെ പ്രശസ്തമാണ്.വ്യക്തമായ രൂപങ്ങളില്ലാതെ കടുത്ത വര്‍ണ്ണങ്ങള്‍ ഉപയോഗിച്ചുള്ള പ്രാചീനമായ ചിത്ര രചനാ രീതിയാണു അനുവര്‍ത്തിച്ച് വരുന്നത്...പണ്ട് അബോര്‍ജിന്‍ അമ്മമാരില്‍ നിന്നും തട്ടിക്കൊണ്ടു പോയ ആ കുഞ്ഞുങ്ങളുടെ പരമ്പര ഇന്നു ഈ മിശ്രവംശമായ് ഓസ്ട്രേലിയന്‍ സമൂഹത്തിന്റെ നാനതുറകളിലും പ്രവര്‍ത്തിച്ചു വരുന്നത് കാണാം .അബോര്‍ജിനലുകളെ കുറിച്ച് ഇത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ ഓസ്ട്രേലിയയുടെ ചരിത്രത്തിലെ സുപ്രധാന ജനവിഭാഗത്തെ അനാദരിച്ചും മറന്നുമുള്ള ഒരു വിവരണമാവും വായിക്കേണ്ടി വരിക.



ശനിയാഴ്ച്ച രാവിലെയായതിനാലാവാം നഗരത്തിന്റെ തിരക്ക് കാര്യമായ് തുടങ്ങിയിട്ടില്ല എന്നു തന്നെ പറയാം ... ഫൂഡ്കോര്‍ട്ടുകള്‍ മാത്രമുള്ള ഒരു തെരുവിലേക്ക് ഞങ്ങള്‍ നീങ്ങി..മുറേ സ്ട്രീറ്റിലെ പുറത്ത് നിരത്തിയ കുടകള്‍ക്ക് കീഴിലെ കസേരകളിലേക്കിരുന്നു ഞങ്ങള്‍ പോച്ഡ് എഗ്ഗ്( തിളച്ച വെള്ളത്തില്‍ ഉണ്ടാക്കുന്ന എണ്ണയുപയോഗിക്കാത്ത ബുള്‍സ് ഐ)ബ്രെഡ് ടോസ്റ്റ്,ബേഗല്‍ (ഒരു തരം ബണ്ണ്) സ്റ്റഫ്ഡ് ഓംലെറ്റ്(ചീരയും കൊച്ച് കൂണുകളും വേവിച്ചത്)ചിക്കണ്‍ സോസേജ് ,സ്റ്റ്റോബെറി ഇട്ട പാന്‍ കേക് എന്നിവ വിഭവങ്ങളായുള്ള പരമ്പരാഗത ഇംഗ്ലീഷ് ബ്രേക്ഫാസ്റ്റിന്റെ സ്വാദ് ആസ്വദിക്കാന്‍ തുടങ്ങി..കടല്‍ കാക്കകള്‍ ഭക്ഷണവശിഷ്ടങ്ങള്‍ കൊത്തിയെടുക്കാന്‍ ചെറു സംഘങ്ങളായ് എത്തുന്നുണ്ട്..ഒപ്പം അവിടെ യഥേഷ്ടം കാണുന്ന മാഗ് പൈ എന്ന പക്ഷികളും ..പക്ഷെ എന്നെ ആകര്‍ഷിച്ചത് അവിടുത്തെ കാക്കകളുടെ പരിതാപകരമായ കരച്ചിലാണു..ഒരു മൂന്നു വയസ്സുകാരന്റെ വാശി പിടിച്ച കരച്ചില്‍ പോലെ തോന്നി ആ ഈണത്തിനു.അരിപ്രാവുകളും അമ്പലപ്രാവുകളും പാശ്ചാത്യ പാരാമ്പര്യ ശില്പചാതുരിയില്‍ നിര്‍മ്മിച്ച അധികം ഉയരമില്ലാത്ത കെട്ടിടങ്ങളുടെ ജാലകങ്ങളില്‍ കുറൂകിയിരിക്കുന്നുണ്ട്..ഇടയ്ക്ക്ക്കൊക്കെ അടക്കത്തോടെയുള്ള ചിറകടിയോടെ താഴെ പെറൂക്കി തിന്നാനും എത്തുന്നുണ്ട്..തെരുവിലെ ആള്‍ക്കൂട്ടങ്ങളില്‍ ഈ പറവകള്‍ ചിരപരിചിതരെ പോലെ തെല്ലു പോലും ഭയമില്ലാതെ കറങ്ങുന്നത് എന്നില്‍ കൌതുകമുണര്‍ത്തി..പ്രാതലിനു ശേഷം മോര്‍ളി ഗലേറിയ എന്ന ഷോപ്പിങ്ങ് മാളിലേക്കുള്ള യാത്രക്ക് മുന്‍പ് ഞങ്ങള്‍ ആ തെരുവിനെ ഒന്നു പ്രദക്ഷിണം വെക്കാന്‍ തീരുമാനിച്ചു.അല്പ്പാല്പ്പമായ് വര്‍ദ്ധിച്ച് വരുന്ന നഗരത്തിരക്കിനെ വകഞ്ഞ് മാറ്റി ഞങ്ങള്‍ തെരുവിലെ കാഴ്ച്ചകളെ സ്വന്തമാക്കാന്‍ തുടങ്ങി..വഴിയില്‍ കണ്ട പൂക്കടകള്‍ ഒന്നാകെ വാങ്ങാന്‍ എന്റെ മനസ്സു തുടിച്ചു..പലവര്‍ണ്ണങ്ങളിലുള്ള പനിനീര്‍ പൂക്കളും ,ഓര്‍ക്കിഡുകളും കൂടാതെ ഡെയ്സി,ലില്ലി ,ജറബറ എന്നീ പൂക്കളും ചാരുതയോടെ ബൊക്കെകളായ് അലങ്കരിച്ചിരിക്കുന്നു.തെരുവിലെ ഓരോ മൂലയിലും ഒരു ടവലോ ചെറിയ പെട്ടിയോ വെച്ച് പ്രയമുള്ളവരും ചെറുപ്പക്കാരുമായ കലാകാരന്‍മാര്‍ ഗിറ്റാര്‍ വായിച്ചും ഓര്‍ഗന്‍ വായിച്ചും ഭിക്ഷയെടുക്കുന്നു.. തെരുവിന്റെ നടുവിലെ മേപ്പിള്‍ മരത്തിന്റെ ചുവട്ടിലായി ഒരു വൃദ്ധന്‍ ഇരുന്നു ചിത്ര രചന നടത്തുന്നുണ്ട്..അയാളുടെ ചായത്തൂലികയില്‍ നിന്നും നിമിഷങ്ങള്‍ക്കുള്ളില്‍ രൂപമെടുക്കുന്ന പ്രകൃതി ദൃശ്യങ്ങള്‍ വശ്യസുന്ദരങ്ങളും ഹൃദയഹാരിയുമായിരുന്നു..അത്രയകലെയല്ലാതെ ദേഹം മുഴുവന്‍ വെള്ളി നിറം പൂശീയ മാലഖയുടെ വേഷമണിഞ്ഞ ഒരു സ്ത്രീയുമുണ്ട്.ആ തെരുവിലെ ഒരു കടയില്‍ നിന്നും അബോര്‍ജിനല്‍ സംഗീതമടങ്ങിയ ഒരു സിഡി വാങ്ങി മകളെനിക്ക് സമ്മാനിച്ചു..പക്ഷെ നേര്‍ക്ക് നേര്‍ നിന്നു ഒരു ഫോട്ടോ എടുക്കാന്‍ അബോര്‍ജിനലുകളോട് അഭ്യര്‍ത്ഥിക്കാന്‍ ഞങ്ങള്‍ക്ക് ഭയം തോന്നി.ഒരു പക്ഷെ കാമറയും തട്ടിപ്പറിച്ച് അവരോടിയാലോ... 

നഗരത്തിരക്കിപ്പോള്‍ ഉച്ചസ്ഥായിലെത്തിയിരിക്കുന്നു...മിക്കവാറും എല്ലാ കുടുംബങ്ങളും അവധി ദിവസം ആഘോഷിക്കാനായ് സന്ധ്യയാകുവോളം സിറ്റിയുടെ പലഭാഗങ്ങളിലും ഉണ്ടാകും ..കൊട്ടിഘോഷിക്കപ്പെടുന്ന മോശമായ ഒരു പാശ്ചാത്യ സംസ്ക്കാരവും എനിക്കവിടെ കാണാനായില്ല..മറിച്ച് കുടുംബങ്ങളും,വൃദ്ധരും ,ചെറുപ്പക്കാരും ഒരു പോലെ ജീവിതത്തെ ആസ്വദിക്കുന്നവരാണെന്നു തോന്നി..ആ സമൂഹത്തിന്റെ പരസ്പ്പരമുള്ള ബഹുമാനവും പരിഗണനയും മനുഷ്യ സ്നേഹവും ഉള്‍ക്കൊണ്ട് ആ തിരക്കിനൊപ്പം ഞങ്ങളും അലിയുമ്പോള്‍ മധ്യാഹ്ന സൂര്യന്‍ നഗരത്തിന്റെ നിഴലുകളെ സ്വന്തമാക്കിയിരുന്നു.........





Thursday 29 November 2012

ആത്മാക്കളുടെ താഴ്വരയില്‍



ആത്മാക്കളുടെ താഴ്വരയില്‍ :- (Aussie memoir .part 1)
=======================================
 (മലയാളം ന്യൂസിന്റെ സണ്‍ഡേ സപ്ലിമെന്റില്‍ പ്രസിദ്ധീകരിച്ചത്)                                                                              


കിങ്സ് പാര്‍ക്കിന്റെ താഴ്വരയില്‍ നിന്നും സ്വാണ്‍ റിവറിന്റെ കാഴ്ച്ച...




ആയിരത്തി തൊള്ളായിരത്തി എഴുപത്തൊമ്പത് കാലഘട്ടത്തില്‍ പത്രമാധ്യമങ്ങളില്‍ ആശങ്കയോടെ വന്ന ഒരു വാര്‍ത്തയായിരുന്നു സ്കൈലാബ് എന്ന ബഹിരാകാശ പരീക്ഷണശാലയുടെ കാലവധി കഴിഞ്ഞതിനു ശേഷമുള്ള തിരിച്ച് വരവു..മനുഷ്യരില്ലാത്താ ആ പേടകം എവിടെ പതിക്കുന്നുവെന്നതിനെ കുറിച്ച് ഒരു പാടു ഊഹാപോഹങ്ങളായിരുന്നു..  ഇന്ത്യന്‍ മഹാസമുദ്രത്തിലാക്കാന്‍ നടത്തിയ  പരിശ്രമങ്ങള്‍  ശാസ്ത്രജ്ഞരുടെ പ്രതീക്ഷക്ക് വിരുദ്ധമായി എന്നാല്‍ വലിയ മാറ്റമില്ലാതെ തന്നെ അതിനടുത്ത ഒരു പ്രദേശത്ത് സ്കൈലാബ് എന്ന പേടകം പതിക്കുന്നതിനു ഹേതുവായി ..പടിഞ്ഞാറന്‍ ഓസ്ട്രേലിയയുടെ തലസ്ഥാനമായ     പെര്‍ത്തിന്റെ പ്രാന്ത പ്രദേശത്താണു അതിന്റെ അവശിഷ്ടങ്ങള്‍ തിരുശേഷിപ്പുകളായി വീണടിഞ്ഞത് .സാന്‍ ഫ്രാന്സിസ്കൊയിലെ ശാസ്ത്രജ്ഞര്‍ ഒരു സമ്മാന വാഗ്ദാനവും അന്നു നല്കിയിരുന്നു അതിന്റെ ഒരു കുഞ്ഞു കഷ്ണമെങ്കിലും മനുഷ്യരുടെ കയ്യില്‍ കിട്ടുകയാണെങ്കില്‍ അതാദ്യം കിട്ടുന്നയാള്‍ക്ക് പതിനായിരം അമേരിക്കന്‍ ഡോളര്‍  പാരിതോഷികം എന്നു പറഞ്ഞ്..എസ്പരന്‍സ് എന്ന ഗ്രാമത്തിലെ ഒരാട്ടിടയനാണു കയ്യില്‍ കിട്ടിയ അവശിഷ്ടങ്ങളുമായ് ഈ തുക കൈപറ്റാന്‍ ഫ്രാന്സിസ്കോയിലേക്ക് പറന്നത്.. എന്റെ മകളും കുടുംബവും പെര്‍ത്തിലെ  താമസക്കാരയതു കൊണ്ട്  അന്നു പത്രത്താളുകളില്‍ നിറഞ്ഞ് നിന്നിരുന്ന ഈ പ്രദേശം പിന്നീടെനിക്ക് സന്ദര്‍ശിക്കാന്‍ ഭാഗ്യം സിദ്ധിച്ചു . 


ഡിസംബര്‍ മാസം മുതല്‍ മേയ് ആദ്യപാദം വരെ ദക്ഷിണാര്‍ദ്ധ രാജ്യങ്ങളിലെ കാലാവസ്ഥ ഗ്രീഷ്മമാണെങ്കിലും പെര്‍ത്തിലെ ചൂട് ആസ്വദിക്കാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു.. മധ്യേഷ്യയിലെ മരുഭൂമിയിലനുഭവിക്കുന്ന താപത്തിന്റെ തോതനുസരിച്ച് അതു ഒന്നുമല്ലായിരുന്നു..കൂടിയ താപം 35 മുതല്‍ 38 ഡിഗ്രി സെല്ഷ്യസ് മാത്രം ..പോരാത്തതിനു ലോകത്തെ രണ്ടാമത്തെ ഏറ്റവും കൂടുതല്‍ കാറ്റു വീശുന്ന നഗരമെന്ന ഖ്യാതിയും പെര്‍ത്തിനു സ്വന്തം .മകള്‍ പലപ്പോഴായി അയച്ച് തന്നിട്ടുള്ള ചിത്രങ്ങളില്‍ നിന്നും അവിടുത്തെ പ്രകൃതി സൌന്ദര്യത്തെ ആസ്വദിക്കണമെന്ന ചിന്ത പിന്നെയൊന്നും നോക്കാതെ  യാത്രക്ക് വേണ്ട ഒരുക്കങ്ങളിലെത്തിച്ചു.ദുബായില്‍ നിന്നും ഡിസംബര്‍ ഇരുപത്തഞ്ചിനു സിംഗപ്പൂര്‍ വഴി ഞങ്ങള്‍ പെര്‍ത്തിലെത്തുമ്പോഴേക്കും ഞങ്ങളുടെ ഏതാനും മണിക്കൂറൂകള്‍ നഷ്ടമായിരുന്നു..ജി.എം ടി അനുസരിച്ച് ദുബായ് ടൈം സോണുമായ്  നാലു മണിക്കൂര്‍ മുന്നിലാണു പെര്‍ത്ത്.. ഇരുപത്തിയാറാം തിയതി ഉച്ചക്കാണു ഞങ്ങളവിടെയെത്തുന്നത്....വലിയ ആര്‍ഭാടങ്ങളില്ലാത്ത ഒരു എയര്‍പോര്‍ട്ട്..ഒറ്റനോട്ടത്തില്‍ മുഷ്കുള്ളവരെന്നു തോന്നുമെങ്കിലും പെരുമാറ്റത്തില്‍ മാന്യരും സൌമ്യരും ആയ ജീവനക്കാര്‍ ..എന്നെ ആകര്‍ഷിച്ചതവിടെ നേരെ കണ്ട ഒരു പരസ്യ ബോര്‍ഡാണ്..ശിശുപീഢനങ്ങള്‍ (ചൈല്‍ഡ് മോളെസ്റ്റെഷന്‍ )അത്യന്തം ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണെന്നും അവിടുത്തെ കുഞ്ഞുങ്ങള്‍ ആ രാഷ്ട്രത്തിന്റെ സ്വത്താണെന്നും ഉദ്ബോധിപ്പിക്കുന്ന വാചകങ്ങള്‍ ...ഒരു വേള ഞാന്‍ ചില എയര്‍പോര്‍ട്ടില്‍ നമ്മളെ എതിരേല്ക്കുന്ന സ്വര്‍ണ്ണക്കടകളുടെ വര്‍ണ്ണാഭമായ പരസ്യപ്പലകകള്‍ ഓര്‍ത്തു പോയി..

ഓസ്ട്രേലിയയിലേക്ക്  കൊണ്ടു വരുന്ന സാധങ്ങള്‍ എന്തൊക്കെയാവണമെന്ന് അവിടുത്തെ കുടിയേറ്റവകുപ്പ് നിഷ്കര്‍ഷിക്കുന്നുണ്ട്..അതനുസരിച്ച് ചില ധാന്യങ്ങള്‍ ,ക്ഷീരോല്‍പ്പന്നങ്ങള്‍ അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ,മരങ്ങള്‍ കൊണ്ടുണ്ടാക്കിയ കൌതുകവസ്തുക്കള്‍ ,സസ്യലതാദികള്‍ തുടങ്ങിയവയൊന്നും അങ്ങോട്ടടുപ്പിക്കാനാവില്ല.ദുബായില്‍ നിന്നുള്ള യാത്രയായതിനാല്‍ ഞങ്ങള്‍ അത്തരത്തിലൊന്നും കരുതിയതുമില്ല ..അതിനാല്‍ തന്നെ ഡിക്ലയര്‍ ചെയ്യാന്‍ ഞങ്ങള്‍ക്കൊന്നുമില്ലായിരുന്നു.എന്നിരുന്നാലും ഡിക്ലയര്‍ ചെയ്യാനൊന്നുമില്ലെന്ന് യാത്രക്കാര്‍ ബോധ്യപ്പെടുത്തുന്ന ബാഗുകള്‍ അവരുടെ പ്രത്യേക പരിശീലനം കിട്ടിയ ശ്വാനനു മുന്നിലെത്തിക്കുമെന്നത് ലിഖിതനിയമം  ..അവന്‍ തന്റെ നാസരന്ധ്രങ്ങളുടെ വൈഭവം കാണിച്ച് ബാഗുകള്‍ക്കുള്ള വിധി കല്പ്പിക്കും ..ഞങ്ങള്‍ ധൈര്യത്തോടെ ബാഗുകള്‍ ശ്വാനനു മുന്നിലെത്തിച്ചു..എന്റെ മകന്റെ ബാക് പാക്കാണു അവന്‍ വിട്ട് തരാന്‍ വിസമ്മതിച്ചത്.ഓഫീസര്‍ തുറന്നു കാണിക്കാന്‍ ആവശ്യപ്പെട്ടതനുസരിച്ച് മകന്‍ തുറന്നു..ഓഫീസര്‍ ഞങ്ങളെ നോക്കി ചിരിച്ചു എന്നിട്ട് ഒരു ചെറിയ പൊതി ഞങ്ങളെ കാണിച്ചു പറഞ്ഞു അവരുടെ വിശ്വസ്തനെ അലോസരപ്പെടുത്തിയത് ആ പൊതിയുടെ ഗന്ധമാണെന്നു ..മകന്‍ വിശന്നപ്പോള്‍ സിംഗപ്പൂര്‍ എയര്‍ പോര്‍ട്ടില്‍ നിന്നും കഴിക്കാന്‍ വാങ്ങിയ ബര്‍ഗറായിരുന്നു ആ പൊതി..പിന്നീട് ഞങ്ങളെ പോകാനനുവദിക്കുന്ന നേരത്ത് ആ മിടുക്കന്‍ നായയുടെ വായിലേക്ക് ഏതാനും ബിസ്ക്കറ്റുകള്‍ ബ്രാവൊ !! ഗുഡ്ബോയ് എന്നും പറഞ്ഞു അവന്റെ പരിശീലക ഇട്ടു കൊടുക്കുന്നുണ്ടായിരുന്നു..

പുറത്തേക്ക് കടന്നപ്പോള്‍ ഞങ്ങള്‍ പ്രതീക്ഷിച്ച ചൂടൊന്നും മധ്യാഹ്നമായിരുന്നിട്ടും അനുഭവപ്പെട്ടില്ല..ഞാന്‍ മോളോട് അദ്ഭുതത്തോടെ ചോദിച്ചു ഇതാണോ നീ പറഞ്ഞ് പേടിപ്പിച്ച ചൂട്..ഒരു പൊട്ടിച്ചിരിയോടെ അവള്‍ പ്രതികരിച്ച് തുടങ്ങി..ഇല്ല ഉമ്മ എനിക്കറിയാം ദുബായിയെ അപേക്ഷിച്ച് ഇതൊന്നുമല്ലെന്നു..എന്നാലും ഇതാണു ഇവിടുത്തെ കഠിനചൂട്..അന്തരീക്ഷത്തിന്റെ ഊഷ്മാവനുസരിച്ച് പുഴുക്കത്തിന്റെ തോത് വളരെ കുറഞ്ഞതാണു..പക്ഷെ സൂര്യ കിരണത്തിന്റെ കുത്തുന്ന പൊള്ളലാണു കരുതിയിരിക്കേണ്ടത്..നല്ല സുഖമുള്ള കാറ്റും പുഴുക്കമില്ലായ്മയും ആളുകളെ കൂടുതല്‍ പുറത്തിറങ്ങാന്‍ പ്രേരിപ്പിക്കുമെങ്കിലും അപകടകാരികളായ സൂര്യ രശ്മികളാണു ശരീരത്തില്‍ തുളച്ച് കയറുന്നത്..തൊലിപ്പുറത്തെ അര്‍ബുദത്തിനു കാരണമാകുന്ന അള്‍ട്രാവയലറ്റ് രശ്മികള്‍ ഇതിലൂടെ വികിരണം ചെയ്യപ്പെടുന്നു....എന്തായാലും പുറത്തിറങ്ങാതെ ഇരിക്കാനാവില്ല...നേരിട്ട് സൂര്യരശ്മികളേല്‍ക്കാതെ ശ്രദ്ധിച്ചാല്‍ മതിയെന്നു മാത്രം ....സണ്‍ ബാത്ത് ചെയ്യുക ,ഏറെ നേരം വെയിലത്ത് ജോലിയെടുക്കുക ഇതൊക്കെ കുറക്കാന്‍ കടുത്ത വേനലില്‍ സര്‍ക്കാരും മുന്നറിയിപ്പ് നല്കാറുണ്ട്..

ഞങ്ങളുടെ വരവു പ്രമാണിച്ച് മക്കള്‍ ജോലിയില്‍ നിന്നും അവധിയെടുത്തിരിക്കയായിരുന്നു..മരുമകന്‍ വളരെ സമയ ബന്ധിതമായ ട്രാവല്‍ ഐറ്റിനറി തന്നെ  തയ്യാറാക്കി വെച്ചിരുന്നു..ആ ഷെഡ്യൂള്‍ പ്രകാരം സമയം നഷ്ടപ്പെടുത്താതെ ഓരോ ദിവസങ്ങളിലും ഏതൊക്കെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കണമെന്ന് ഞങ്ങളോട് നിര്‍ദ്ദേശിച്ചു..ചെന്ന അന്നു വൈകുന്നേരം തന്നെ പെര്‍ത്തിലെ പിതൃക്കളുറങ്ങുന്ന കിംഗ്സ് പാര്‍ക്ക് കാണാന്‍ പോയി..സ്വാണ്‍ റിവറിനു മുകളിലെ പാലത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ പുഴയില്‍ നീന്തി തുടിക്കുന്ന അരയന്നങ്ങളെ മകള്‍ കാണിച്ചു തന്നു..വെളുത്ത നിറത്തിലുള്ളതും കറുത്തത നിറത്തിലുള്ളതുമായ സാമാന്യം നല്ല വലിപ്പമുള്ള അരയന്നങ്ങള്‍ ...കൊക്കുരുമ്മിയും ഓളപ്പരപ്പില്‍ നിന്നും തെല്ലു പൊങ്ങിപ്പറന്നും നീരാടുന്നു...സായന്തന മേഘങ്ങള്‍ പുഴക്ക് മേലെ മേയുന്നുണ്ട്...ശോണവര്‍ണ്ണത്തിലുള്ള സന്ധ്യാംബരത്തില്‍ പഞ്ഞിത്തൂളുകളെന്നു തോന്നുന്ന മേഘക്കുഞ്ഞുങ്ങള്‍ ദൂരെ കാണുന്ന മാമലകളെ ലക്ഷ്യമാക്കി നീങ്ങുന്നുമുണ്ട്..

കിംഗ്സ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത് നഗരാതിര്‍ത്തിയില്‍ ഇത്തിരി ഉയര്‍ന്ന ഒരു ഭൂപ്രദേശമായ എലിസ മലനിരകളുടെ താഴ്വാരത്തിലാണ് .ആയിരത്തിമുന്നൂറ് ഏക്കറോളം പരന്നു കിടക്കുന്ന അതു വെറുമൊരു പൂങ്കാവനമല്ല..അക്ഷരാര്‍ത്ഥത്തില്‍ ചരിത്രം മയങ്ങുന്ന അഥവാ ചരിത്രം സംസാരിക്കുന്ന ഒരു ആരണ്യകം തന്നെയാണ്..എണ്‍പതില്‍ പരം പക്ഷികളും മുന്നൂറ്റിപത്തൊമ്പതില്‍ കൂടുതല്‍ തദ്ദേശ വൃക്ഷങ്ങളും പേരറിയാത്ത വള്ളിപ്പടര്‍പ്പുകളും യഥേഷ്ടം കാണാനാവുന്ന ഈ ഉദ്യാനം വലുപ്പത്തില്‍ ന്യൂയോര്‍ക്കിലെ സെന്റര്‍ പാര്‍ക്കിനേക്കാളും വിശാലമാണ്..1872 ല്‍ പെര്‍ത്ത് പാര്‍ക്ക് എന്ന പേരില്‍ രാജ്യത്തിനു സമര്‍പ്പിച്ച ഉദ്യാനം പിന്നീട് എഡ്വേര്‍ഡ് ഏഴാമന്റെ കാലത്ത് 1901 ല്‍ കിംഗ്സ് പാര്‍ക്കായ് നാമകരണം ചെയ്യപ്പെട്ടു..സ്റ്റേറ്റ് വാര്‍ മെമ്മൊറിയലായി ഇന്നു ബഹുമാനിക്കുന്ന ഈ ഉദ്യാനത്തില്‍ എല്ലാ വര്‍ഷവും ഏപ്രില്‍ 25 നു ആന്‍സാക് ഡേ എന്ന പേരില്‍ ആചരിക്കുന്നു..രാജ്യത്തിനു വേണ്ടി പോരാടി രക്തസാക്ഷികളുടെ ഓര്‍മ ദിവസമായി പുലര്‍ച്ചെ അഞ്ചര മണിക്ക് ഏകദേശം നാല്പ്പതിനായിരത്തോളം ആളുകള്‍ ഡോണ്‍ സെര്‍വീസ് (പ്രഭാത കൂദാശ) നടത്തുവാന്‍ ഒത്തു ചേരുന്നു....ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും ഈദു ഗാഹായും പെര്‍ത്തിലെ ഇസ്ലാം മത വിശ്വാസികള്‍   കിംഗ്സ്  പാര്‍ക്കിന്റെ ഒരു ഭാഗത്തെ ഉപയോഗിക്കാറുണ്ട്..

കാടിനു മുകളില്‍ നിന്നും ഇരുള്‍ പതുക്കെ താഴ്വാരത്തിലേക്കരിച്ചിറങ്ങുന്നുണ്ട്..നടപ്പാതകള്‍ക്കിരു വശങ്ങളിലും തലയുയര്‍ത്തി നില്കുന്ന ഓക്ക് മരങ്ങളില്‍ പലവര്‍ണ്ണങ്ങള്‍ ദേഹത്ത് പൂശിയ തത്തകള്‍ ചേക്കേറാനായ് കലപില കൂട്ടി എത്തുന്നുണ്ട്..ഞങ്ങള്‍ അതിശയത്തോടെ ഈ കാഴ്ചകളില്‍ മതി മറന്നു നീങ്ങി.ഓരോ മരങ്ങള്‍ ക്ക് മുന്നിലും നാട്ടിയിരിക്കുന്ന പേരുകള്‍ പതിച്ച പ്ലക്കാര്‍ഡുകള്‍ ..ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളിലും വിയറ്റ്നാം കൊറിയന്‍ യുദ്ധങ്ങളിലും രാജ്യത്തെ പ്രതിനിധീകരിച്ച് യുദ്ധം ചെയ്ത് വീര മൃത്യു വരിച്ച സൈനികരുടെ പേരാണു അതില്‍ എഴുതിയിരിക്കുന്നത്.ഓരോ രക്തസാക്ഷികളുടേയും ഓര്‍മ്മക്കായ് ഓരോ മരങ്ങള്‍ ..മാത്രമല്ല നടപ്പാതകളില്ലെ ചുണ്ണാമ്പു കല്ലിലും അവരുടെ പേരുകള്‍ ആലേഖനം ചെയ്തിരിക്കുന്നു.കൂടാതെ പാര്‍ക്കിനു ഏകദേശം നടുവിലായ് ഒരു സ്മൃതിമണ്ഡപസ്തൂപം ..അതിനു ചുറ്റുമുണ്ട് രക്തസാക്ഷികളുടെ പേരുകള്‍ ..ഗതകാലത്തിന്റെ കൊടും പീഠകള്‍ അയവിറക്കി ഓരോ പേരുകളും തുറിച്ച് നോക്കുന്നത് പോലെ.. ജീവിച്ച് കൊതി തീരാതെ മരണത്തെ വരിച്ചവര്‍ ..അവരുടെ പ്രണയം പിതൃത്വം വാത്സല്യം എല്ലാം കാലത്തെ സാക്ഷിയാക്കി ഒടുങ്ങിയിരിക്കുന്നു...അടുക്കിയടുക്കി വെട്ടിയ പാതയോരങ്ങളില്‍ നിന്നും നദിയുടെ മനോഹര ദൃശ്യം അനുഭവിക്കാനായ് ഞങ്ങള്‍ കുറച്ച് നേരം അവിടെ കണ്ട ബെഞ്ചുകളില്‍ നദിക്കഭിമുഖമായിരുന്നു..നദിക്കപ്പുറം നഗരത്തിന്റെ പ്രകാശധവളിമ കാണാനുണ്ടായിരുന്നു....സാന്ധ്യരാഗങ്ങളില്‍ തുടുത്ത് നില്കുന്ന അരയന്നങ്ങളുടെ നദി..നദിക്കിരുവശവും സഞ്ചാരയോഗ്യമായ നടപ്പാതയും സൈക്കിള്‍ പാതയും ..ക്രിസ്മസ്സ് കാലമായതിനാല്‍ കൂറ്റന്‍ ക്രിസ്മസ്സ് മരങ്ങള്‍ ദീപാലംകൃതമായിരിക്കുന്നു.ഞാനാദ്യം സംശയിച്ചു ക്രിസ്സ്മസ്സ് മരങ്ങള്‍ കൃത്രിമമാണൊ എന്നു .അടുത്തു ചെന്നപ്പോഴാണു വിസ്തൃതമായ കാണ്ഡത്തോടേയുള്ള ജീവനുള്ള മരമാണതെന്നു മനസ്സിലായത് ..ദേവദാരുക്കളും ക്രിസ്സ്മസ്സ് മരങ്ങളും ഓക്കും ജക്കറാന്തയും പാതയോരങ്ങളെ വശ്യസുന്ദരമാക്കിയിരിക്കുന്നു..നിറയെ ഇളം വയലറ്റ് പൂക്കുലകള്‍ പേറിയ ജക്കറാന്ത മൂവന്തി നേരത്ത് വീഥികളില്‍ വര്‍ണ്ണാഭമായ ശിരോവസ്ത്രമണിഞ്ഞവളെ പോലെ തോന്നിച്ചു..


ഇരുള്‍ പരന്നിട്ടും സന്ദര്‍ശകരുടെ വരവ് നിലച്ചിട്ടില്ല..ഓരോ വര്‍ഷവും അമ്പത് ലക്ഷത്തോളം ആളുകള്‍ ഈ പാര്‍ക്കില്‍ സന്ദര്‍ശകരായെത്താറുണ്ട് പോലും ..കുട്ടികളും മാതാപിതാക്കളും ,കമിതാക്കളും ,സുഹൃത്തുക്കളും വൃദ്ധരും അടങ്ങുന്ന ഒരു പാട് മനുഷ്യര്‍ പാര്‍ക്കിന്റെ പലയിടങ്ങളിലായ് ചിതറി നടക്കുന്നുണ്ട്..ചുരുക്കം ചിലര്‍ ഒറ്റക്ക് നദിയിലേക്ക് ദൃഷ്ടി പായിച്ച് ഏകാന്തത ആസ്വദിക്കുന്നുണ്ട്..
ഒരു പറ്റം പെണ്‍കുട്ടികള്‍ ഉറക്കെ ചിരിച്ചും ആഹ്ലാദിച്ചും ഞങ്ങളുടെ അടുത്ത് കാറില്‍ നിന്നും ഇറങ്ങി..അതിലൊരുവള്‍ മരുമകന്റെ അടുത്ത് വന്നു അവളുടെ കാമറ നീട്ടി ഒരു ഫോട്ടൊ എടുത്തു കൊടുക്കാനാവശ്യപ്പെട്ടു..കാറിനു മുകളിലും ബോണറ്റിലും ഒക്കെ ഇരുന്നു പോസ് ചെയ്തു..അവരിലൊരു പെണ്‍കുട്ടിയുടെ ബ്രൈഡല്‍ ഷവര്‍ ആണു പോലും അന്നു..(നമ്മുടെ മൈലാഞ്ചിക്കല്യാണം  പോലെ)അതാഘോഷിക്കാന്‍ അവര്‍ തിരഞ്ഞെടുത്തത് ഇരുട്ടില്‍ ആത്മാക്കളുടെ ദുരൂഹതകള്‍ നിറഞ്ഞ കഥ പറയാന്‍ വെമ്പുന്ന ഈ ഉദ്യാനത്തേയും ..മണിക്കൂറുകളോളം മേഘങ്ങള്‍ക്കൊപ്പം ചിലവഴിച്ചതിന്റെ ജെറ്റ്ലാഗ് എന്ന പ്രതിഭാസം എന്നെ തളര്‍ത്താന്‍ തുടങ്ങി..ഇപ്പോള്‍ രാവ് തന്റെ കറുത്ത കമ്പളം  താഴ്വാരത്തെ പുതപ്പിച്ചിരിക്കുന്നു.സുഷുപ്തിയിലേക്ക് ആ കാനനം അലിയും മുന്‍പേ വീടെത്താമെന്ന് ഓര്‍ത്ത്.പറഞ്ഞ് തീര്‍ക്കാന്‍ ഇനിയും ഒരു പാടുണ്ടെന്നു ഞങ്ങളെ ഓര്‍മ്മിപ്പിക്കുന്ന വൃക്ഷങ്ങളെ തലോടി ഞങ്ങള്‍ പതുക്കെ ഞങ്ങളുടെ വാഹനത്തിനടുത്തേക്ക് നീങ്ങി..അകലെ ഏതോ ഒരു കാട്ട് താറാവ് അതിന്റെ ഇണയോടപ്പോള്‍  പരിഭവിക്കുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു..



                                                                                                       വാര്‍ മെമോറിയല്‍ സ്തൂപം :-
കിങ്സ് പാര്‍ക്കില്‍ വിരിഞ്ഞ് നില്ക്കുന്ന കാട്ടു പൂക്കള്‍ 

                                          

Monday 1 October 2012

വേദവതിയുടെ വി.കെ.എന്‍ ..

വി.കെ.എന്റെ പത്നിയോടൊപ്പം ..മലയാളം ന്യൂസിന്റെ സണ്‍ഡേ സപ്ലിമെന്റില്‍ പ്രസിദ്ധീകരിച്ചത്..:-



ഗായത്രി പുഴയും കടന്നു വില്വാദ്രിനാഥന്റെ ഗേഹവും ചുറ്റി  തിരുവില്വാമല ചുങ്കത്ത് നിന്നും പടിഞ്ഞാറോട്ട് നീളുന്ന ഇരുവശങ്ങളിലും വൃക്ഷനിബിഡമായ നാട്ടുപാത ..പാതയുടെ വലത് വശത്ത് നിന്നും ഉള്ളിലോട്ട് നയിക്കുന്ന ചെങ്കല്‍പ്പാത അവസാനിക്കുന്നത് നിളയുടെ പുളിനത്തെ തഴുകുന്ന കാറ്റിന്റെ സാന്ത്വനമേറ്റ് പഴയ പ്രതാപത്തിന്റേയും പ്രൌഢിയുടെയും നൂറ്റമ്പത് വര്‍ഷത്തെ പാരമ്പര്യത്തിന്റെയും ഗാഥകളോതി കൊണ്ട്  ഒരേക്കറോളം പരന്നു കിടക്കുന്ന തൊടിക്കുള്ളില്‍  തലയെടുപ്പോടെ നില്‍ക്കുന്ന വടക്കേ കൂട്ടാല തറവാട് മുറ്റത്താണ്..അവിടവിടെയായി മയിലുകള്‍ മേയുന്ന മുറ്റത്ത് ഞാനെത്തുന്നത് ചിങ്ങത്തിലെ വിശാഖം നാളില്‍ .മുറ്റത്തൊരുക്കിയ കുഞ്ഞുപൂക്കളത്തിലെ ചെമ്പരത്തിയും ശംഖുപുഷ്പ്പവും മന്ദാരവുമൊക്കെ ഇടയിലെപ്പോഴൊ പെയ്ത ചാറ്റല്‍ മഴയില്‍ സ്ഥാനം തെറ്റിക്കിടക്കുന്നു...മധ്യാഹ്ത്തിന്റെ ആലസ്യത്തില്‍ മുറ്റത്തെ മൂവാണ്ടന്‍ കൊമ്പില്‍ മയങ്ങാന്‍ തിടുക്കം കാട്ടുന്ന കാറ്റ്.നിശ്ശബ്ദതതയെ ഭേദിച്ച് ആഹ്ലാദത്തോടെ ചിലച്ച് കൊണ്ട് തൊടിയിലെ വാഴക്കയ്യിലിരുന്ന ഒരണ്ണാറക്കണ്ണന്‍ ഞങ്ങളെ നോക്കി മുന്നിലൂടെ ചാടിയോടി..ആരുമുണ്ടാവില്ലെ എന്ന ശങ്കയോടെ പടി കയറുമ്പോഴേക്കും അകത്ത് നിന്നും സ്നേഹത്തോടെയുള്ള ക്ഷണവുമായ് ആ വീടിന്റെ മരുമകളും മകളുമൊക്കെയായ രമ മുറ്റത്തേക്കിറങ്ങി വന്നു..ആശ്വാസത്തോടെ ഞാന്‍ കറുത്ത ചാന്തിട്ട് മിനുക്കിയ നീളന്‍ കോലായിലേക്ക് കയറി..എന്റെ ഭര്‍തൃ സഹോദരി ലൈലയും    ഭര്‍ത്താവ് ഡോക്ടര്‍ സാലിം ആയും സുദൃഢബന്ധമുള്ള ആ കുടുംബത്തെ ഞാനാദ്യം കാണുന്നത് മാസങ്ങള്‍ ക്ക് മുന്‍പ് ലൈലയുടെ വീട്ടില്‍ വെച്ചായിരുന്നു..അന്നു കണ്ട മുഖപരിചയത്തില്‍ ലൈലച്ചേച്ചിയുടെ ബന്ധുവല്ലെ എന്നു പറഞ്ഞെന്നെ അകത്തേക്ക് ക്ഷണിക്കുമ്പോള്‍ ആ തറവാടിന്റെ ആതിഥ്യമര്യാദ  എനിക്ക് മുന്നില്‍ സ്പഷ്ടമായി..അമ്മയെ കാണാന്‍ കഴിയില്ലെ എന്ന എന്റെ ചോദ്യം അവസാനിക്കുന്നതിനു മുന്‍പെ  ചിരി നിറഞ്ഞ മുഖവുമായ് ചിരിയുടെ മഹാരാജാവിന്റെ അമ്പത് വര്‍ഷത്തെ സഹയാത്രികയും  മേതില്‍ കുടുംബാംഗവുമായ വേദവതി അമ്മ അകത്തളത്തില്‍ നിന്നും ഇറങ്ങി വന്നു..കൈപ്പിടിച്ച് ഊണുകഴിച്ചിട്ടില്ലെങ്കില്‍ ഊണു കഴിക്കാം എന്നു നിര്‍ബന്ധിച്ച നേരത്ത് റമദാനു ശേഷമുള്ള അധികപുണ്യവ്രതത്തിലാണു ഞാനെന്നറിയിച്ചപ്പോള്‍  ആ മുഖത്ത് കണ്ട വാല്‍സല്യം ഒരു പക്ഷെ ഇതിനു മുന്‍പൊരിക്കലും ഞാനനുഭവിച്ചിട്ടില്ലാത്തതായിരു്നു .ഒരുച്ചയുറക്കത്തെ അലോസരപ്പെടുത്തിയതില്‍ ക്ഷമ ചോദിച്ച് ഞാനവരുടെ വിശേഷങ്ങള്‍ ആരായാന്‍ തുടങ്ങി..."സാരല്യ കുട്ട്യേ ..ഉറക്കം ഇനിയുമാവാം ..കുട്ട്യോടിത്തിരി മിണ്ടിയിരിക്ക്യാലോ" എന്നവര്‍ പറയുമ്പോള്‍ എന്റെയുള്ളില്‍ ഒരു നൊമ്പരം ..അവരനുഭവിക്കുന്ന ഏകാന്തത ഞാനറിഞ്ഞ നിമിഷമായിരുന്നു അത്.. തൊടിയില്‍ ഭയം ലവലേശമില്ലാതെ കൊത്തിപ്പെറുക്കുന്ന മയിലുകളെ നോക്കി ഞാനമ്മയോട് സംസാരിക്കാന്‍ തുടങ്ങി..വിശേഷങ്ങളില്‍ നിറഞ്ഞ് നിന്നത് വീകെയെന്‍ എന്ന അമ്മയുടെ ജീവിത പങ്കാളിയും അദ്ദേഹത്തിന്റെ ഇഷാനിഷ്ടങ്ങളും മാത്രം ...സംഭാഷണ മധ്യേ ഓര്‍മ്മ വന്ന പോലെ ആ പരിഭവം .."എന്തെ വീകെയെന്‍ ജീവിച്ചിരിക്കുമ്പൊ കുട്ടി വന്നില്യാ"...മൂന്നു മണിക്കൂറിനുള്ളില്‍ പലവുരു ഇതാവര്‍ത്തിക്കപ്പെട്ടു..കുറ്റബോധത്തൊടെ അപ്പോഴൊക്കെ ഞാന്‍ ഖേദവും പ്രകടിപ്പിച്ചു..ഓരോ പ്രാവശ്യവും ആ അമ്മയുടെ വാല്‍സല്യമായിരുന്നു ഞാനാ പരിഭവത്തിലൂടെ അനുഭവിച്ചത്.. 


തിരുവില്വാമലയിലെ വടക്കെ കൂട്ടാല തറവാട്ടിലെ ഏകസന്തതി നാരായണന്‍ കുട്ടി നായരുടെ ആഗ്രഹം ഒരു സൈനികനായി ദേശത്തെ സേവിക്കുക എന്നതായിരുന്നു.ആവശ്യത്തിലേറെ കായികക്ഷമതയും ചങ്കുറപ്പുമുള്ള ആ യുവാവിനു പട്ടാളത്തില്‍ തന്റെ യോഗ്യതക്കനുസരിച്ച ഒരു പദവിയുണ്ടെന്നറിഞ്ഞിട്ടും തന്റെ ആഗ്രഹം സാധിപ്പിക്കാനായില്ല .തറവാടിന്റെ ഒരേയൊരാണ്‍തരിയെ കണ്ണെത്താ ദൂരത്ത് തോക്കുകള്‍ക്ക് മുന്നിലേക്ക് പറഞ്ഞു വിടാന്‍ വിധവയായ അമ്മയും ജന്മികളയിരുന്ന അമ്മാവന്‍മാരും തയ്യാറായില്ല എന്നതാണ് സത്യം ..അതോടെ വി കെ എന്നിന്റെ സൈനികമോഹം മുളയിലെ വാടിവീണു.ഏഴെട്ട് വയസ്സു മുതല്‍ വായനാ തല്പ്പരനായിരുന്ന അദ്ദേഹം മെട്രിക്കിനു ശേഷം പതിനേഴാമത്തെ വയസ്സില്‍ ദേവസ്വത്തില്‍ ഉദ്യോഗസ്ഥനായി..പത്തു വര്‍ഷം അവിടെ ഉദ്യോഗത്തിലിരുന്നു..1954  ഫെബ്രുവരി പതിനൊന്നാം തിയതി  25 മത്തെ വയസ്സില്‍ ആലത്തൂര്‍ പുതിയങ്കത്തെ മേതില്‍ കല്യാണിയമ്മയുടേയും കോടോത്ത് ചന്ദ്രശേഖരന്‍ നമ്പ്യാരുടേയും മകളായ 20 വയസ്സുകാരി വേദവതിയെ ഗുരുവായൂരപ്പന്റെ സാന്നിധ്യത്തില്‍ നിറ സന്ധ്യയെ സാക്ഷിയാക്കി താലിചാര്‍ത്തി ജീവിതസഖിയാക്കി.."അന്നത്തെ രാത്രി ഗുരുവയൂര്‍ തന്നെ ആയിരുന്നു.".ഇതും പറഞ്ഞ അമ്മയുടെ കണ്ണില്‍ യൌവനത്തിളക്കം ..ചെറുതായൊന്നു മന്ദഹസിച്ചവര്‍ തുടര്‍ന്നു."അന്നൊക്കെ രാത്രിക്കല്യാണങ്ങള്‍ പതിവായിരുന്നുട്ടോ..പിറ്റെ ദിവസമാണ്. ഞാന്‍ വടക്കെ കൂട്ടാല തറവാട്ടിലേക്ക് വന്നത്..വീക്കെയെന്‍ ജനിച്ച തറവാട്..അതിന്റെ ഏക അവകാശിയും അദ്ദേഹം തന്നെ"..അമ്മ തന്റെ ഓര്‍മ്മകള്‍ അയവിറക്കി കൊണ്ടിരിക്കെ ഇടക്കെപ്പോഴൊ കണ്ഠമിടറി കൊണ്ട് പറഞ്ഞു "അദ്ദേഹം ജനിച്ച വീട്ടില്‍ വെച്ചന്നെ മരണപ്പെടുകയും ചെയ്തു"..ഞാന്‍ പതുക്കെ ആശ്വാസ വാക്കുകളെ പരതി..പിന്നെ വികാരഭരിതമായ ആ നിമിഷത്തെ തീര്‍ത്തും മറച്ചു കൊണ്ടൊരു ചോദ്യം അമ്മക്ക് മുന്നില്‍ ഇട്ടു കൊടുത്തു.."അമ്മയെ പ്രണയപൂര്‍വം എന്താണു അദ്ദേഹം സംബോധന ചെയ്തിരുന്നത്?"...തലയാട്ടി തികച്ചും നിഷ്കളങ്കതയോടെ "എന്നെ  വേദാ ..വേദേ..വേദവതി എന്നൊക്കെ തന്ന്യാ വിളിച്ചിരുന്നത്"..എന്റെ അടുത്ത ചോദ്യത്തിനൊപ്പം വീണ്ടും അമ്മ വിവാഹത്തിന്റെ മധുവിധു നാളുകളിലേക്ക് തിരിച്ചു വന്നു."അദ്ദേഹം കവിതകളും പാട്ടുകളും ഇഷ്ടപ്പെട്ടിരുന്ന ആളായിരുന്നല്ലോ അമ്മക്ക് വേണ്ടി ഏതെങ്കിലും ഒരു പ്രത്യേക ഗാനമോ കവിതയോ മൂളാറുണ്ടായിരുന്നോ? " ...."അതെ കല്യാണനാളുകളില്‍ എപ്പഴും പാടുന്ന പാട്ടായിരുന്നു ചങ്ങമ്പുഴയുടെ രമണന്റെ വരികള്‍ .."കാനനഛായയിലാടു  മേയ്ക്കാന്‍ ഞാനും വരട്ടേയോ നിന്റെ കൂടെ എന്നിങ്ങനെ പാടിക്കൊണ്ടിരിക്കുമായിരുന്നു  .."ഇതു പറയുമ്പോള്‍ ആ മുഖം ഒന്നു കൂടെ പ്രകാശിച്ചു..മിഴികളെ മൂടിയ തിമിരത്തിന്റെ നേര്‍ത്ത പാളികളില്‍ അപ്പോഴും മിന്നിമറയുന്നുണ്ട് ഒരായിരം വര്‍ണ്ണങ്ങളില്‍ നെയ്ത പ്രണയസ്വപ്നങ്ങള്‍ ..


എപ്പോഴും റേഡിയോ ശ്രവിക്കുന്ന സ്വഭാവമുള്ളയാളാണ് വീകെയെന്‍ .റേഡിയോ സ്റ്റേഷന്‍ തുറന്നു പാതിരാവില്‍ അടക്കുന്നത് വരെ..എല്ലാ പരിപാടികളും കേള്‍ക്കുമത്രെ  ..ഇതിനിടയില്‍ രമ പറയുന്നുണ്ട് "അച്ചന്‍ വയലും വീടും എന്ന പരിപാടി കേട്ടിട്ടതില്‍ നിന്നുമുണ്ടായ നാട്ടറിവുകളില്‍ നിന്നാണു നെല്‍ വിത്തിനെ കുറിച്ചുള്ള കഥകളെഴുതിയത്."അതു പോലെ തന്നെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമാഗാനങ്ങളില്‍ ഒന്നായിരുന്നു ജാനകിയമ്മ പാടിയ പ്രിയ സുഹൃത്തും കവിയും സിനിമാഗാന രചയിതാവുമായ വയലാറിന്റെ പ്രശസ്ത വരികള്‍ "മഞ്ഞണി പൂനിലാവില്‍ പേരാറ്റിന്‍ കടവിങ്കല്‍ മഞ്ഞളരച്ച് വെച്ച് നീരാടുമ്പോള്‍ " പ്രായമായപ്പോള്‍ ചിരി തത്തിക്കളിക്കുന്ന ചുണ്ടിലെപ്പോഴുമുണ്ടായിരുന്ന ഒരു ഗാനശകലം ​."അതു പോലെ തന്നെ പരിണയം സിനിമയിലെ "പാര്‍വണേന്ദു മുഖി പാര്‍വതി "എന്ന ഗാനവും അച്ചനു വലിയ ഇഷ്ടമായിരുന്നു..എന്നാല്‍ ഇപ്പോഴത്തെ കവിതയില്ലാത്ത ഗാനങ്ങളെ വിമര്‍ശിക്കുകയും ചെയ്യുമായിരുന്നു.അച്ചന്റെ ഓര്‍മകളിലൂടെ ഒഴുകുമ്പോള്‍ രമയുടെ മുഖത്തും സന്തോഷത്തിന്റെ വേലിയേറ്റം .

ഇതിനിടയില്‍ അമ്മയോട് ഡല്‍ഹിയിലെ ജീവിതത്തെ കുറിച്ച് ഒന്നു പറയാമോ എന്നു ഞാന്‍ ചോദിച്ചു..പത്തു വര്‍ഷത്തിനു ശേഷമാണ്   ദേവസ്വം ബോര്‍ഡിലെ തന്റെ  ആദ്യ ഉദ്യോഗമുപേക്ഷിച്ച്‌ ഡല്‍ഹിയില്‍ ഇംഗ്ലീഷ് പത്രത്തിലെ ജോലിയില്‍ അദ്ദേഹം പ്രവേശിച്ചത്..പിന്നെ ഡല്‍ഹിയിലെ ആള്‍ ഇന്ത്യ റേഡിയോവിലും ജോലി നോക്കിയിട്ടുണ്ട്.അവിടെ വെച്ച് ഒ.വി .വിജയന്‍ ,എം മുകുന്ദന്‍ തുടങ്ങിയ സാഹിത്യകാരന്‍മാരുടെ സമകാലീനനായ് ഒരു ദശവല്‍സരം  കൂടി.കഴിഞ്ഞു..അന്നത്തെ ഒഴിവു ദിന വൈകുന്നേരങ്ങള്‍ വീകെയെന്നിന്റെ വീട് സാഹിത്യ സഭകളുടെ നിറസ്സാന്നിധ്യമായി മാറിയിരുന്നു.അതിഥിസല്കാരപ്രിയനായിരുന്ന അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ചെത്തുന്നവര്‍  വേദയുടെ കൈപ്പുണ്യത്തിന്റെ രുചിക്കൂട്ടുകള്‍ മനസ്സിലാക്കി നിത്യ സന്ദര്‍ശകരായി എത്തിയിരുന്നു പോലും ..മക്കള്‍ അന്നവിടെ പ്രൈമറി വിദ്യഭ്യാസം ചെയ്യുകയായിരുന്നു.മകള്‍ രഞ്ജനയും മകന്‍ ബാലചന്ദ്രനും ..പിന്നീട് തറവാട്ടിലേക്ക് മടങ്ങുമ്പോള്‍ തന്റെ തട്ടകം ഇതൊന്നുമല്ല എന്നു മനസ്സിലാക്കി സമ്പൂര്‍ണ്ണ എഴുത്തുകാരനായ് മാറുകയായിരുന്നു വടക്കേ കൂട്ടാല നാരായണന്‍ നായര്‍ എന്ന വി.കെ .എന്‍ ...തറവാട്ടില്‍ സ്ഥിരമാക്കിയതിനു ശേഷം സന്ദര്‍ശകരുടെ എണ്ണം കൂടിയതേയുള്ളൂ .ചുമരില്‍ കണ്ട ഒരു പഴയ ഫോട്ടൊ..വൈക്കം മുഹമ്മദ് ബഷീറും വി.കെ.എന്നും .അപ്പോഴാണു ഹാസ്യ സാമ്രാട്ടിന്റെ ബേപ്പൂര്‍ സുല്‍ത്താനുമായുള്ള ചങ്ങാത്തത്തെ കുറിച്ച്  അമ്മ വാചാലയായത്. "ഒരിക്കല്‍ ബഷീര്‍ വന്നിട്ട് മേശപ്പുറത്തൊന്നും വേണ്ട ഞങ്ങള്‍ക്കീ കോലായില്‍ മതി എന്നു പറഞ്ഞ്   ഇവിടെ തഴപ്പായ വിരിച്ചതില്‍ ഇരുന്നു ഞാനുണ്ടാക്കിയ സദ്യ ഉണ്ടിട്ടുണ്ട്."അഴികളിലൂടെ മഴത്തുള്ളികള്‍ വന്നു പതിക്കുന്ന ഇറയത്തെ നോക്കി ഒരു മന്ദസ്മിതത്തോടെ അമ്മ ഇരുന്നു..നര്‍മ്മവും തത്വവും വരികളിലൂടെ അനുവാചകനു വിളമ്പിയ രണ്ട് അക്ഷരസ്നേഹികള്‍ ..അവരുടെ സൌഹൃദം പക്ഷെ തങ്ങളുടെ രചനകളില്‍ പരസ്പ്പരം സ്വാധീനമുണ്ടാക്കിയിട്ടില്ല.ബഷീറിയന്‍ നര്‍മ്മ ശൈലിയില്‍ നിന്നും വേറിട്ടതാണ്. വീക്കെയെന്നിന്റെ ശൈലി..രണ്ടും വായനക്കാരന്‍ നെഞ്ചോട് ചേര്‍ത്ത് വെച്ചത് തന്നെ..രമ ചിരിച്ച് കൊണ്ട് പറയുന്നുണ്ട് വില്വാദ്രിനാഥനെ കാണാന്‍ വരുന്നവര്‍ വി.കെ എന്നിനെ കാണതെ പോകാറില്ല എന്നു ഇവിടങ്ങളില്‍ ഒരു പ്രയോഗം തന്നെയുണ്ട്..ഒരു കാലത്ത് ഈ മുറ്റം നിറയെ അച്ചനെ കാണാനെത്തുന്നവരുടെ തിരക്കായിരുന്നു. കരിയിലകള്‍ മഴ വെള്ളത്തില്‍ കുതിര്‍ന്നു കിടക്കുന്ന നടുമുറ്റത്തപ്പോള്‍ ഓണത്തുമ്പികള്‍ വട്ടമിടുന്നുണ്ടായിരുന്നു....



ഞാന്‍ അദ്ദേഹത്തിന്റെ രചനയുടെ രീതിയെ കുറിച്ചറിയാനാഗ്രഹിച്ചു. ആ നീണ്ട വരാന്തയുടെ അറ്റത്തെ ഒരെഴുത്ത് മേശയും കസേരയും നോക്കി അങ്ങോട്ട് വിരല്‍ ചൂണ്ടി അമ്മ പറഞ്ഞു തുടങ്ങി.." ചിലപ്പോള്‍ ഇവിടെ ഇരുന്നെഴുതും ..മിക്കവാറും എഴുത്തിനു തിരഞ്ഞെടുക്കുന്നത് മുകളിലത്തെ നിലയിലുള്ള മുറിയിലെ ഇടവഴിയിലേക്ക് തുറക്കുന്ന ജനലിനടുത്തിരുന്നാണ്.ആരെങ്കിലും അദ്ദേഹത്തെ കാണാന്‍ വരുന്നവരുണ്ടെങ്കില്‍ അവരെ കാണാന്‍ പാകത്തില്‍ ..കടലാസുകളില്‍ അവിടവിടെയായി മനസ്സിലുദിച്ച ആശയങ്ങളെ വിന്യസിക്കുന്നു..പിന്നീടെല്ലാം കൂടി അടുക്കി ചിട്ടപ്പെടുത്തുന്നു..ചില ദിവസങ്ങളില്‍ വല്ലാത്തൊരുല്‍ക്കണ്ഠയും നീരസവുമൊക്കെ പ്രകടിപ്പിക്കും ..വിചാരിച്ച രീതിയില്‍ പിടി തരാതെ വിരല്‍ തുമ്പിലെ അക്ഷരങ്ങള്‍ വഴുതി കളിക്കുമ്പോഴാണു അദ്ദേഹം അസ്വസ്ഥനാകുന്നത്.. എല്ലാം വരുതിയിലെത്തിയാല്‍ ആ മുഖം സന്തോഷം കൊണ്ട് പൂര്‍ണ്ണ ചന്ദ്രനെ വെല്ലും ..പിന്നെ സ്വത സിദ്ധ്മായ ശൈലിയില്‍ തന്റെ വേദയോട് പറയും ഹാവൂ  ഒന്നു ശര്‍ദ്ദിച്ച സുഖം ..ഇതു പറഞ്ഞ് അമ്മ പൊട്ടിച്ചിരിച്ചു..അമ്മക്കൊപ്പം എനിക്കും ചിരിയടക്കാനായില്ല. കാരണം അമ്മ അദ്ദേഹത്തിന്റെ വിശേഷങ്ങള്‍ പങ്ക് വെക്കുമ്പോഴൊക്കെ ആ അദൃശ്യ സാന്നിധ്യം എനിക്ക് മുന്നില്‍ ഒരു ചിരിയോടെ  ഇരിക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു..

നര്‍മ്മത്തിന്റെ താന്ത്രികന്‍ എപ്പോഴും അങ്ങനെയായിരുന്നുവോ..ഫലിതങ്ങള്‍ പറഞ്ഞ്..?"ഏയ് അല്ല..അങ്ങനെ എപ്പഴും തമാശകള്‍ പറയാറില്ല"...എഴുതുന്നത് അമ്മയെ കാണിക്കുകയോ വായിച്ചഭിപ്രായം പറയാന്‍ ആവശ്യപ്പെടുകയോ ചെയ്യാറുണ്ടായിരുന്നോ?"ഒരിക്കലും ഞാന്‍ അഭിപ്രായം പറയുകയോ എഴുത്തില്‍ ഇടപെടുകയോ ചെയ്തിട്ടില്ല.അതിനു മാത്രമുള്ള അറിവൊന്നും എനിക്കില്ല..ഇഷടമാണു അദ്ദേഹത്തിന്റെ രചനകളെ..എന്റെ തറവാട്ടിലും സാഹിത്യാഭിരുചിയുള്ളവരുണ്ട്.അനിയത്തിമാരായ മേതില്‍ നന്ദിനി ,മേതില്‍ രാജേശ്വരി അവരുടെ മകള്‍ മേതില്‍ ദേവിക ഇവരൊക്കേയും സാഹിത്യരംഗത്ത് തങ്ങളുടെ കഴിവുകള്‍ തെളിയിച്ചവരാണ്..പ്രശസ്ത എഴുത്തുകാരന്‍ മേതില്‍ രാധാകൃഷ്ണന്റെ മുത്തശ്ശിയും എന്റെ മുത്തശ്ശിയും സഹോദരിമാരായിരുന്നു"..മക്കളില്‍  ആര്‍ക്കെങ്കിലും സാഹിത്യ വാസനയുണ്ടോ?:ഒരു ദീര്‍ഘനിശ്വാസത്തിനു ശേഷം അമ്മ തുടര്‍ന്നു..മക്കള്‍ എഴുതിയിട്ടൊന്നുമില്ല..പക്ഷെ മകന്‍ ധാരാളം സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ആളായിരുന്നു ..വന്നാല്‍ ആ വിശേഷങ്ങളൊക്കെ അച്ചനെ ഒരു കഥ പറയുന്നത് പോലെ കേള്‍പ്പിക്കും ..പിന്നീട് അതൊക്കെ കഥകളാക്കിയിട്ടുമുണ്ട് അച്ചന്‍.. നല്ല ബുദ്ധിയുള്ള കുട്ടിയായിരുന്നു അവന്‍ .അച്ചനെപ്പോഴും മകനോട് എഴുതാന്‍ പറഞ്ഞ് പ്രോല്‍സാഹിപ്പിക്കുമായിരുന്നു..പക്ഷെ എന്തോ അവനെഴുതാന്‍ താല്പ്പര്യം കാണിച്ചിരുന്നില്ല"."നമത് വാഴ്വും കാലമും "അതിലെ തമിഴ് സംഭാഷണങ്ങളെല്ലാം തന്നെ അന്തരിച്ച മകന്‍ ബാലചന്ദ്രന്റെ സംഭാവനകളായിരുന്നു..ഒരു ഗദ്ഗദത്തോടെ അമ്മ ആ ഓര്‍മ്മകളെയൊക്കെ പെറുക്കി വെക്കുന്നുണ്ടായിരുന്നു.ഇതൊക്കെ കേട്ട് മകന്റെ ഭാര്യ രമ നിശ്ശബ്ദയായി അമ്മയെ നോക്കി നിര്‍വികാരതയോടെ ഇരുന്നു..ഒരു മഴക്കോളിന്റെ ലക്ഷന്ണങ്ങളോടെ പുറത്ത് ആകാശം മെല്ലെ ഇരുളാന്‍ തുടങ്ങിയിരിക്കുന്നു....തണുത്ത കാറ്റ് തൊടിയില്‍ നിന്നും ഞങ്ങള്‍ക്കിടയിലേക്ക് ആശ്വസിപ്പിക്കാനെന്ന പോലെ വീശിയെത്തി.

ഏതൊക്കെയോ ചിന്തകളില്‍ എല്ലാവരും മുങ്ങിത്താണ നിമിഷങ്ങള്‍ ..ഞങ്ങള്‍ക്കിടയില്‍ മൌനം ഘനീഭവിക്കുന്നുവെന്ന് തോന്നിയപ്പോള്‍ ഞാന്‍  വീണ്ടും ഹാസ്യചക്രവര്‍ത്തിയുടെ വിശേഷങ്ങളിലേക്ക് വന്നു.പരന്നു കിടക്കുന്ന തൊടിയിലേക്ക് നോക്കി ഞാന്‍ ചോദിച്ചു..അദ്ദേഹം കൃഷിയില്‍ തല്പ്പരനായിരുന്നുവോ?"അതെ അതൊക്കെ വല്യ ഇഷ്ടവും താല്പ്പര്യവുമുള്ളതുമായിരുന്നു.തന്നെയുമല്ല വീക്കെയെന്‍ ഒരു പ്രകൃതി സ്നേഹിയായിരുന്നു..പച്ചപ്പിനോടും ഫല വൃക്ഷങ്ങളോടും വല്ലാത്തൊരടുപ്പം ..അത്രയകലത്തല്ലാതെയുള്ള കുറ്റിക്കാട്ടിലെ അന്തേവാസികളായ മയിലുകള്‍ ചിലപ്പോഴൊക്കെ തൊടിയിലെ തെങ്ങിലേക്ക് പറന്നിറങ്ങുന്നതും കാത്ത് മുറ്റത്ത് നില്ക്കും ..നേരവും കാലവും നോക്കാതെ ചിലപ്പോള്‍ പ്രകൃതിയാസ്വാദനത്തിനിറങ്ങുമത്രെ..അമ്മ ഉല്‍സാഹത്തോടെ അദ്ദേഹത്തിന്റെ ഇഷ്ടങ്ങളെ വിവരിച്ച് കൊണ്ടിരുന്നു.അമ്മയോട് വല്ലാത്തൊരിഷ്ടമായിരുന്നു അദ്ദേഹത്തിന്..അതു പോലെ തന്നെ അമ്മയുണ്ടാക്കുന്ന ഭക്ഷണത്തോടും .ഭക്ഷണപ്രിയനായിരുന്ന ഭര്‍ത്താവിന്റെ ഇഷ്ടനിഷ്ടങ്ങള്‍ക്കൊത്ത് ഊട്ടിയിരുന്ന ഭര്‍തൃഭക്തയായിരുന്ന മേതില്‍ വേദവതി ഭര്‍ത്താവിന്റെ മറ്റൊരു സിദ്ധിയെ കുറിച്ച്  വാചാലയായി..വീക്കെയെന്നിനു ജ്യോതിഷത്തിലുള്ള പാണ്ഡിത്യം ..തന്റെ മരണദിവസം മുന്‍കൂട്ടി കണ്ട് മരിക്കുന്നതിന്റെ തലേ ദിവസം ഭാര്യയോട് ഒരു വിടവാങ്ങല്‍ നടത്തി.കലണ്ടറില്‍ 2004 ജനുവരി 25 എന്ന തിയതിക്ക് മേലെ ഒരു വട്ടമിട്ടു വെച്ചിരുന്നുവെന്ന് രമ അപ്പോള്‍ പറയുന്നുണ്ടായിരുന്നു ..2003 ഒക്ടോബറില്‍ അസുഖബാധിതനായ് പ്രശസ്ത ഡോക്ടര്‍ ഗംഗാധരന്റെ ചികില്‍സയില്‍ കഴിയുന്ന കാലം ..ഇടക്ക് പറയുമായിരുന്നുവത്രെ 2004 ജനുവരി 29 കഴിയണം എനിക്ക് .ആ ദശ കടന്നു കഴിഞ്ഞാല്‍ എനിക്ക് വളരെ നല്ല സമയമായിരിക്കും ,എന്നെ തേടി ഒരു പാട് പുരസ്കാരങ്ങളെത്തും എന്നു..2003 നവംബര്‍ മാസത്തില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മശക്തി അദ്ദേഹത്തോട് മെല്ലെ പിണക്കം കാണിക്കാന്‍ തുടങ്ങി..താനൊരെഴുത്തുകാരനായിരുന്നു എന്നു പോലും ഈ കാലയളവില്‍ മറന്നു..പക്ഷെ മരിക്കുന്നതിനു കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പഴയ ആരോഗ്യത്തിലേക്ക് തിരിച്ചെത്തിയെന്ന് തോന്നിപ്പിക്കയും ചെയ്തു അദ്ദേഹത്തിന്റെ പെരുമാറ്റങ്ങള്‍ .അപ്പോഴൊക്കെ കട്ടിലിനടുത്തുള്ള അലമാരയില്‍ വെച്ച തന്റെ പ്രിയപ്പെട്ട പുസ്തകങ്ങളെ നോക്കി എന്റെ പുസ്തകങ്ങള്‍ എന്നു പറയുമായിരുന്നു എന്നു അമ്മ പറയുമ്പോള്‍ വായന ശാലക്ക് സംഭാവന നല്കി ഒഴിഞ്ഞ ഒന്നു രണ്ട് തട്ടുകളില്‍ സ്ഥാനം പിടിച്ച കുറേ പഴയ ഫോട്ടോകളിലേക്ക് എന്റെ കണ്ണുകള്‍ തിരിഞ്ഞു..കൂട്ടത്തില്‍ ചുമരില്‍ തൂക്കിയ വി.കെ എന്‍ വേദവതി ദമ്പതികളുടെ ആദ്യകാലചിത്രം ...ശൈത്യം ഉറഞ്ഞു കിടക്കുന്ന അകത്തളത്തില്‍ ഇരുട്ട് അവിടവിടെയായ് ഉറക്കത്തിലാണെന്നു തോന്നി..വന്യമായൊരു നിശ്ശബ്ദത അവിടമാകെ തളം കെട്ടി നിന്നിരുന്നു..പുറത്തപ്പോഴേക്കും ഒരു ചെറിയ മഴ പെയ്ത് തോര്‍ന്നിരിക്കുന്നു..അകലത്തെവിടെ നിന്നോ മയിലിന്റെ ശബ്ദം നല്ല ഈണത്തില്‍ കേള്‍ക്കുന്നുണ്ടായിരുന്നു..എന്റെ മുഖത്തെ കൌതുകം കണ്ട് രമ പറഞ്ഞു ഇടവഴിക്കപ്പുറത്തെ പാടത്ത് മയിലുകള്‍ പീലി വിടര്‍ത്തി ആടാനെത്താറുണ്ടെന്നു..മഴമുകിലുകളെ കണ്ടാല്‍ ഉന്മാത്തരാകുന്ന മയിലുകളെ കുറിച്ച് ഞാനുമപ്പോള്‍ ഓര്‍ത്തു .കുറച്ച് ദിവസങ്ങളായി മഴ കുറവായിരുന്നു.പക്ഷെ ഇന്നങ്ങനെയല്ല ഇടക്കിടെ പെയ്യുന്ന മഴ വിടവാങ്ങിയിട്ടില്ല എന്നോര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു .

വി.കെ.എന്‍ സ്മാരകത്തെ കുറിച്ചായിരുന്നു പിന്നെ ഞങ്ങളുടെ സംഭാഷണം .അവിടേക്ക് കയറിച്ചെല്ലുമ്പോള്‍ തന്നെ കണ്ടിരുന്നു മുന്‍വശത്ത് പടിപ്പുരക്കരികിലായ് ഏകദേശം അവസാന മിനുക്കുകളില്‍ എത്തിയ വി.കെ എന്‍ സ്മാരകം ..അമ്മ അതിനെ കുറിച്ച് വിശദീകരിച്ച് തന്നു..ഏഴ് സെന്റ് സ്ഥലം ഞങ്ങളുടെ ഭാഗത്തു നിന്നും കൊടുത്തു..ബാക്കി കെട്ടിട നിര്‍മ്മാണമൊക്കെ സര്‍ക്കാരിന്റെ ചിലവില്‍ ആണ്.നടക്കുന്നത്.സാഹിത്യ ഗവേഷണത്തിനും പഠനത്തിനുമായിട്ടായിരിക്കും ആ സ്മാരകം പ്രവര്‍ത്തിക്കുക.മേയ് എട്ട് രണ്ടായിരത്തിപത്തില്‍ അന്നത്തെ നിയമസഭാസ്പീക്കര്‍ കെ.രാധാകൃഷ്ണന്‍  വിദ്യഭ്യാസ മന്ത്രി എം .എ .ബേബിയുടെ അധ്യക്ഷതയില്‍ ശിലാസ്ഥപനം നിര്‍വഹിച്ച സ്മാരകം 2013 ജനുവരി 25 വി.കെ എന്‍ ന്റെ ചരമവാര്‍ഷികത്തിനു ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കാനാണുദ്ദേശിച്ചിരിക്കുന്നത്..വീക്കെയെന്നിന്റെ പുസ്തകങ്ങളെ കുറിച്ചും അതിന്റെ പ്രസിദ്ധീകരണവകാശത്തെ കുറിച്ചുമുള്ള  എന്റെ ചോദ്യങ്ങളോട് അമ്മ പ്രതികരിച്ചു..ഇരുപത്തിരണ്ട് നോവലുകളും പത്തോളം ചെറുകഥാ സമാഹാരങ്ങളും പിന്നെ ചില ലേഖനങ്ങളും എഴുതിയിട്ടുള്ള അദ്ദേഹത്തിന് സാഹിത്യ അക്കാദമി അവാര്‍ഡുകളടക്കം പല പുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്..പ്രശസ്തരായ പബ്ലിക്കേഷന്‍സിന്റെ കീഴിലുള്ള വി.കെ എന്‍ കൃതികളുടെ റോയല്‍റ്റി കുറേക്കാലങ്ങളായി കിട്ടാറില്ലെന്നു അവര്‍ പറഞ്ഞു..പലരേയും സമീപിച്ചെങ്കിലും ഒന്നുകില്‍ കണക്ക് നോക്കിയിട്ടില്ല അതല്ലെങ്കില്‍ അദ്ദേഹമുള്ളപ്പോള്‍ തന്നെ മുന്‍കൂര്‍ കൊടുത്ത് തീര്‍ത്തു എന്നൊക്കെയുള്ള ന്യായവാദങ്ങളില്‍ മടുത്തിരിക്കയാണു ആ അമ്മയും മകളും .അവര്‍ പറയുന്നതനുസരിച്ച് നാലു പുസ്തകത്തിന്റെ കൂടെ പ്രസിദ്ധീകരണം ബാക്കിയുണ്ടായിരുന്നു അദ്ദേഹം വിട പറയുന്ന കാലത്ത്..പക്ഷെ ഇന്നും ഈ കുടുംബം അവര്‍ക്ക് കിട്ടേണ്ട അവകാശത്തിനു വേണ്ടി പരിതപിക്കുകയാണ്..ഇതെന്നോട് പറയുമ്പോള്‍ അമ്മയുടെ ആത്മഗതം "ആരും ചോദിക്കാനില്ലെങ്കില്‍ ഒന്നും കിട്ടില്ല.ഇപ്പൊ ഞങ്ങള്‍ക്കും ചോദിക്കാന്‍ വയ്യാതായി"...സത്യത്തില്‍ അവരുടെ ഈ അവസ്ഥയില്‍ വിഷമം തോന്നി..വേണ്ടപ്പെട്ടവര്‍ എന്തു കൊണ്ട് ഈ സാധുക്കളെ പരിഗണിക്കുന്നില്ല.അദ്ദേഹത്തിന്റെ സൃഷ്ടികളില്‍ നിന്നും ഇന്നും വരുമാനമുണ്ടാക്കുന്നവര്‍ ഈ വയോധികയേയും അവരുടെ വിധവയായ മരുമകളേയും മനഃപ്പൂര്‍വ്വം മറക്കുന്നതെന്തിനാണ്..പ്രതികരിക്കാനും പ്രശ്നങ്ങളുണ്ടാക്കാനും അറിയാത്ത നാട്ടിന്‍ പുറത്തെ നിഷ്കളങ്ക ജന്മങ്ങള്‍ ..സാമൂഹ്യ ഉല്പ്പത്തിഷ്ണുക്കളെന്നു അഭിമാനിച്ച് നടക്കുന്നവര്‍ ഇവരോട് ചെയ്യുന്ന ഈ ദയാരാഹിത്യത്തിനു ആ ഹാസ്യ രാജന്റെ ആത്മാവു ഒരിക്കലും പൊറുക്കില്ല..75 മത്തെ വയസ്സില്‍ അമ്പത് വര്‍ഷത്തെ തന്റെ ജീവിത പങ്കാളിയുടെ ഓര്‍മകളില്‍ കഴിയുന്ന ആ അമ്മക്ക് മുന്നില്‍ ഒരായിരം പ്രണമമര്‍പ്പിച്ച് ഞാനവിടെ നിന്നിറങ്ങുമ്പോള്‍ ആള്‍ക്കൂട്ടങ്ങള്‍ക്ക് നടുവിലെ ഒറ്റപ്പെടലിന്റെ തുരുത്തില്‍ കഴിയുന്ന ആ രണ്ട് വിധവകളെ ഓര്‍ത്ത് എന്റെ മനസ്സു നീറി ...

Monday 18 June 2012

അനുഭവങ്ങള്‍ .. കുഞ്ഞീവിയും ജിന്നും പിന്നെ ഞാനും :-



കുഞ്ഞീവിയും ജിന്നും പിന്നെ ഞാനും :-
================================

"അതേയ്..ഞാനൊരു കാര്യം പറയേണ്..ഇഞ്ഞിക്കിവടെ നിക്കാന്‍ പറ്റില്ലട്ടാ"....പകല്‍ മുഴുവന്‍ ഓഫീസിലെ കണക്കുകളോട് മല്ലടിച്ച് മാസാന്ത്യത്തിലെ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയപ്പോഴേക്കും വരാതിരിക്കട്ടെ എന്നു മനസ്സാ ആഗ്രഹിച്ച എന്റെ സന്തത ശത്രു മൈഗ്രേന്‍ ഇടത്തെ ചെന്നിയില്‍ തന്റെ ശൂലം കുത്തിയിറക്കി രസിക്കുന്നതും ആസ്വദിച്ച് ഞാനെന്റെ സ്വീകരണ മുറിയിലെ സോഫയില്‍ കുഷനില്‍ മുഖമമര്‍ത്തി ഇരിക്കുമ്പോഴാണ്. ഈ അപ്രതീക്ഷിത പ്രഖ്യാപനവുമായ് എന്റെ സഹായി കുഞ്ഞീവി അങ്ങോട്ട് വന്നത്..ഇതു കേട്ട് പെട്ടെന്നു തലയുയര്‍ത്തിയതും ചെന്നിയിലെ കുത്തിന്റെ ശക്തി കൂടിയതിനെ കൈകൊണ്ടമര്‍ത്തി ചോദ്യരൂപത്തില്‍ ഞാനവളെ ഒന്നു നോക്കി...തന്റെ പരുപരുത്ത ശബ്ദം ഉച്ചസ്ഥായിയിലാക്കി  കുഞ്ഞീവി  പറയാന്‍ തുടങ്ങി."ഇന്നോടാര്‍ക്ക ഇത്ര വിരോധം ..ഇപ്പൊ വന്നു വന്നു ഇന്റെ നിസ്കാരകുപ്പയവും മുസായബുമൊക്കെയാണ്..കേട് വരുത്തുന്നത്"..ഒരു ഞെട്ടലോടെ ഞാന്‍ ചോദിച്ചു.."ആരു കുഞ്ഞീവി..നിന്റെ സാധനങ്ങള്‍ ഇവിടെ ആരു നശിപ്പിക്കുന്നുവെന്നാണു പറയുന്നത്".ഞങ്ങളാരും അവളുടെ സാധനങ്ങളിരിക്കുന്ന മുറിയിലേക്ക് കയറാറില്ലല്ലോ എന്നു ചിന്തിച്ച് ഞാന്‍ ചോദിച്ചു. "ആരെയാ നീ സംശയിക്കുന്നത്."...ഇതു പറഞ്ഞ് തീരുമ്പോഴേക്കും കുഞ്ഞീവി തന്റെ നിസ്കാര കുപ്പായവും മുസായഫുമായി എന്റെയടുത്തേക്ക് വീണ്ടും വന്നു.നാലര അടി മാത്രം ഉയരമുള്ള അവളുടെ നീളമുള്ള നിസ്ക്കരകുപ്പായത്തിന്റെ അടിഭാഗം ഇത്തിരി കീറിയിട്ടുണ്ട്..നീളന്‍ കയ്യിന്റെ അറ്റവും പിഞ്ഞിയിട്ടുണ്ട്...അത്ര പഴക്കമില്ലാത്തൊരു കുപ്പയമാണിത്....മുസായഫ് സാധരണ പത്രക്കടലാസു കൊണ്ടാണു പൊതിഞ്ഞിരിക്കുന്നത്..കയ്യിലെ ജലാംശം പേജുകള്‍ മറിക്കുമ്പോള്‍ ഉണ്ടാകുന്ന പടരുന്ന മഷിയുടെ കരി പേജിന്റെ ധവളിമ കെടുത്തിയിരിക്കുന്നു...ഞാന്‍ സാവധാനത്തില്‍ കുഞ്ഞീവിക്ക് വിവരിച്ച് കൊടുത്തു.."ഇതാരും മനഃപൂര്‍വം കേട് വരുത്തിയിട്ടുള്ളതല്ല..നിന്റെ കാലിലും കയ്യിലും വുളു എടുക്കുമ്പോള്‍ പറ്റുന്ന നനവു മൂലമാണു കുപ്പായം പിഞ്ഞിയതും ഓതുന്ന നേരത്ത് കയ്യിലെ വിയര്‍പ്പ് മൂലം മുസായഫ് കേടാവുന്നതും ..ഇതു സര്‍വസാധാരണമാണു..ആര്‍ക്കും സംഭവിക്കാവുന്നത്"....ഞാനിതു പറഞ്ഞ് തീരുമ്പോഴേക്കും കണ്ണീരോടെ തുടങ്ങി വീണ്ടും ...

"അല്ല ഇവിടെ ജിന്നുണ്ട്..ഞാന്‍ ഉറങ്ങുമ്പൊ കാണലുണ്ട്.ഞാം പറയുമ്പൊ ഇങ്ങ വിശ്വസിക്കുല്ല..ഞാന്‍ മുമ്പും പറഞ്ഞണ്ട്..അന്നൊന്നും ഇങ്ങനെ മനുശ്യനെ എടങ്ങറാക്കേര്‍ന്നില്ല..ഇതിപ്പൊ..ഇങ്ങക്കറിയോ ഞാന്‍ രാത്രി  കഴുകി വെച്ച മിക്സിടെ സ്ക്രൂവൊക്കണ്ട് കാലത്തു നോക്കുമ്പൊ അഴിച്ചിട്ടിരിക്കണു..പിന്നെ അള്ളാന്തന്നെ ഞാന്‍ മുറുക്കി വെച്ച പ്രെശ്ശര്‍ കുക്കറ്ന്റെ പിടീണ്ട് അയ്യും കോലും വേര്‍തിരിച്ചിക്കണ്..ദോശചട്ടീടെ മൂട് അടിച്ച് പരത്തീട്ട്ണ്ട്.തന്നെല്ല എന്നും രാത്രി അടുക്കളയില്‍ ഞാനതു നടക്കുന്നതും ഓടൂന്നതും കാണാറുണ്ട്"..

ഒട്ടൊരു വിസ്മയവും അതിലേറെ തമാശയും എനിക്കത് കേട്ടപ്പോള്‍ തോന്നി..അടങ്ങി നില്ക്കാന്‍ വിസമ്മതിച്ച ചിരിയോടെ ഞാനത് പ്രകടമാക്കുകയും ചെയ്തു..രൂക്ഷമായെന്നെ ഒന്നു നോക്കിയിട്ട് കുഞ്ഞീവി വീണ്ടും കണ്ണടച്ചാല്‍ അടുക്കളയില്‍ നടമാടുന്ന ജിന്നിന്റെ ദുരുദ്ദേശങ്ങളില്‍ ആകുലയാവാന്‍ തുടങ്ങി..എല്ലാം  വെറും തോന്നലുകളാണെന്നെത്ര മനസ്സിലാക്കി കൊടുത്തിട്ടും  ഇതൊക്കെ ജിന്നിന്റെ വിളയാട്ടങ്ങളാണെന്ന തന്റെ നിഗമനത്തില്‍ ഉറച്ച് തന്നെ നില്ക്കുകയാണ്.അരമണിക്കൂറോളം നീണ്ട വാഗ്വാദങ്ങള്‍ എന്റെ മൈഗ്രേന്‍ കൂട്ടിയതും പോര എന്റെ സഹായി എന്നോട് മിണ്ടാതിരിക്കാനും തുടങ്ങി...

അത്താഴത്തിനു ശേഷം ഞാന്‍ വീടിനു ചുറ്റും പൊയൊന്നു നോക്കി..മുന്‍വശത്തേയും പിന്‍വശത്തേയും വാതിലുകള്‍ ഭദ്രമല്ലെ എന്നു ശ്രദ്ധിച്ചു....എന്റെ ഈ അമിതവും അസാധാരണവുമായ മുന്‍ കരുതലുകള്‍ കണ്ട് ഭര്‍ത്താവു  ചോദ്യചിഹ്നത്തോടെ വന്ന നേരത്ത് ഞാനദ്ദേഹത്തോടൊരു സംശയം ചോദിച്ചു.."അല്ല ജിന്നുകള്‍ ശരിക്കും മനുഷ്യനെ ഉപദ്രവിക്കുമോ."..ഇല്ലാത്ത ഗൌരവം നടിച്ച് അദ്ദേഹം പറഞ്ഞു നിന്റെ സ്വഭാവത്തിനു ഒരു പക്ഷെ അങ്ങനേയും പ്രതീക്ഷിക്കാം .ഈ തമാശയെ അതിന്റെ വഴിക്ക് വിട്ടു ഞാന്‍ പറയാന്‍ തുടങ്ങി.."ഞാനെന്റെ കാര്യമല്ല നമ്മുടെ കുഞ്ഞീവിയുടെ കാര്യമാണു പറയുന്നത്."....ഉയര്‍ന്ന ഗേറ്റും അതിലും പൊക്കമുള്ള മതിലും    ചൂണ്ടിക്കൊണ്ട് ഞാന്‍ വീണ്ടും എന്റെ ഭര്‍ത്താവിന്റെ ക്ഷമയെ പരീക്ഷിച്ചു..ഈ മതിലോ ഗേറ്റൊ ചാടി മനുഷ്യരോ അല്ലെങ്കില്‍ ജിന്നുകളൊ നമ്മുടെ വീട്ടിലേക്ക് കയറുമോ..ഇവളെന്താ ബുദ്ധിശൂന്യമായ് സംസാരിക്കുന്നതെന്ന സംശയം പ്രകടിപ്പിച്ച് അദ്ദേഹത്തിന്റെ മറുപടി."ആരെങ്കിലും നമ്മള്‍ പൂട്ടിയിരിക്കുന്ന മുന്‍ വാതില്‍ തുറന്നു കൊടുത്താല്‍ ചാടുന്നവര്‍ ആരായാലും വീട്ടിനുള്ളില്‍ കയറും "....ഉള്ളില്‍ തോന്നിയ ദേഷ്യത്തെ ഭരിച്ച വേവലാതിയോടെ ഞാന്‍ കുഞ്ഞീവിയുടെ അനുഭവങ്ങള്‍ അദ്ദേഹത്തിനു വിവരിച്ചു കൊടുത്തപ്പോള്‍ എന്നെ നോക്കി ഒരു പരിഹാസത്തോടെ ചിരിച്ചു കൊണ്ടദ്ദേഹം ചോദിച്ചു."നീയിതൊക്കെ വിശ്വസിക്കുന്നുണ്ടോ"..."എന്റെ അവിശ്വാസത്തേക്കാള്‍ കുഞ്ഞീവിയുടെ വിശ്വാസമാണിവിടെ പ്രധാനം" ..ഞാന്‍ പറഞ്ഞു.."എന്നാലും നിനക്ക് ജിന്നിവിടെ നില്ക്കുന്നു എന്നു തോന്നുണുണ്ടോ?"..ഈ സന്ദേഹത്തിന്റെ മുനമ്പില്‍ ആ സംഭാഷണത്തിനു തല്ക്കാലം ഞാനൊരു വിരാമമിട്ടു....ദേഹവും മനസ്സും ഒരു പോലെ അസ്വസ്ഥമായതു കൊണ്ടോ എന്തോ എനിക്കാ രാത്രിയില്‍ മുറ്റത്ത് നിന്നു കൊണ്ട് ജിന്നിനെ കുറിച്ച് സംസാരിക്കാന്‍ ഒരു സങ്കോചം തോന്നിയത് കൊണ്ട്പതുക്കെ ഞാന്‍ അകത്തെക്ക് വലിഞ്ഞു..

ഉറങ്ങാന്‍ കിടക്കുമ്പോഴും കുഞ്ഞീവിയുടെ മനോനിലയെ കുറിച്ചാണു ഞാന്‍ ആകുലതൊടെ ചിന്തിച്ചത്..പന്ത്രണ്ട് വര്‍ഷമായി അവര്‍ ഞങ്ങളോടൊപ്പം ..ഇതിനു മുന്‍പ് പത്തു കൊല്ലത്തോളം വേറൊരു വീട്ടില്‍ ഞങ്ങള്‍ താമസിക്കുമ്പോഴും ഈ ജിന്നിന്റെ കഥ ഞാന്‍ കേട്ടിട്ടുണ്ട്..രാത്രിയില്‍ അവളുടെ ദേഹത്തിനു മുകളിലൂടെ പാദങ്ങള്‍ തൊടുവിക്കാതെ നീങ്ങുന്ന വെളുത്ത നീളന്‍ വസ്ത്രം ..നിസ്കാരിച്ചിരിക്കുന്ന അവളുടെ അടുത്ത് വെള്ള ളോഹയണിഞ്ഞ് നിന്ന ജിന്ന്...വീട്ടിലാരുമില്ലാത്തപ്പോള്‍ അപസ്വരങ്ങളുണ്ടാക്കി പേടിപ്പിക്കുന്ന ജിന്ന്....അടുക്കളയിലെ മസാലപ്പൊടികളിലും അരിപ്പൊടിയിലും എന്തിനു ചോറു വെക്കുന്ന അരിയില്‍ വരെ  ഈര്‍ പ്പമുള്ള സ്പൂണിടുന്ന ജിന്ന്...രണ്ടോ മൂന്നോ മാസങ്ങള്‍ കൂടുമ്പോള്‍ ഈ ജിന്ന് വിശേഷം കുഞ്ഞീവിയെന്നോട് പറയാറുണ്ട്...അതൊക്കെ വെറും തോന്നലുകളാണെന്നു ഞാനെത്ര പറഞ്ഞാലും തന്റെ കണ്ണിനെയോ ചിന്തയേയോ അവിശ്വസിക്കാന്‍ അവള്‍ക്കാവില്ല ..ഇതിനിടയില്‍ നാട്ടില്‍ പോയ കുഞ്ഞീവിയേതോ മുസ്ലിയാരുടെ അടുത്ത് പോയപ്പോള്‍ ഇവളുടെ ജിന്നിനെ കുറിച്ചയാള്‍ പറഞ്ഞുവത്രെ.ജിന്നുകള്‍ അലയുന്ന സ്ഥലമാണതെന്നും  ആ വീട്ടില്‍ മുന്‍പ് ഒരു കടും മരണം നടന്നിട്ടുണ്ട് എന്നും അറിയിച്ചുവത്രെ....മരണത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ ഞാനവളെ തിരുത്തി..അറബികള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്നു പറഞ്ഞ്..പക്ഷെ പിന്നീട് വീടിന്റെ മുതലാളി അറബിയുടെ സഹായിയും വാടകപിരിക്കാന്‍ നടക്കുന്നവനുമായ ആളോട് ആത്മഹത്യയെ കുറിച്ച് എന്റെ ഭര്‍ത്താവു ചോദിച്ചപ്പോള്‍ അയാളും അതു സമ്മതിച്ചു..വര്‍ഷങ്ങള്‍ക്ക് മുന്പ് ആ വീട്ടിലെ മനോരോഗിയായിരുന്ന അറബി ആത്മഹത്യ ചെയ്തിട്ടുണ്ടെന്നു..ഒരമ്മയും മകനും മാത്രമായിരുന്നു അവിടുത്തെ താമസക്കാര്‍ ..പിന്നീട് ഈ വീട് ഇപ്പോഴത്തെ ഉടമസ്ഥനു വില്ക്കുകയായിരുന്നു..അവിടെ താമസമാക്കി ഏകദേശം അഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണു ഞാനീ വിവരം അറിയുന്നത്.ഇതിനിടയില്‍ ഒരിക്കല്‍ പോലും അസാധാരണമായ് എനിക്കൊന്നും അവിടെ അനുഭവപെട്ടിട്ടില്ല..പക്ഷെ കുഞ്ഞീവിയുടെ മുസ്ലിയാര്‍ ഇതറിഞ്ഞത് എന്നില്‍ ഇപ്പോഴും ദുര്‍ഗ്രഹമായ് നില്ക്കുന്നു..
ആ വീടിനു തൊട്ടപ്പുറത്ത് ഈന്തപ്പനകള്‍ തിങ്ങി നില്ക്കുന്ന ഒരു തോട്ടമാണ്..ഉച്ച നേരത്തും അവിടെ ഇരുട്ടായിരിക്കും ..ഞങ്ങളുടെ വില്ലയുടെ മതിലിനപ്പുറമാണീ സ്ഥലം ..കുഞ്ഞീവിക്ക് ജിന്നുകളുടെ സംഗമ സ്ഥലം അതാണെന്ന് സംശയം തോന്നിയതില്‍ കുറ്റം പറയാനാവില്ല..അങ്ങോട്ട് നോക്കുന്ന ആര്‍ക്കും എന്തോ ഒരു ദുരൂഹത മയങ്ങുകയാണവിടെ എന്നു തോന്നും ..ആ കാലത്ത് മകന്‍ ഒരു നായയെ വീട്ടില്‍ വളര്‍ത്തിയിരുന്നു.കാസ്പെര്‍ എന്നു പേരുള്ള ഒരു ജെര്‍മ്മന്‍ ഷെപ്പേര്‍ഡ്...അതിന്റെ കൂട് ഈ മതിലിന്നരികിലായാണുള്ളത് ..രാത്രി നേരത്ത് ഇവനെ കൂട്ടില്‍ നിന്നും പുറത്തേക്ക് വിടും ..ചില പാതിരാത്രികളില്‍ ഇവന്‍ വീടിനു ചുറ്റും വല്ലാത്തൊരു മോങ്ങലോടെ ഓടുന്നത് കേള്‍ക്കാറുണ്ട്..കുഞ്ഞീവിയുടെ നിരീക്ഷണത്തില്‍ അതു ജിന്നിനെ കണ്ടോടുന്നതാണ്. ഞാന്‍ പറയാറുണ്ട് മതിലിനു മുകളില്‍ ഇരുന്നു ഇവനെ വെറി പിടിപ്പിക്കുന്ന ഏതെങ്കിലും പൂച്ചയെ കണ്ടിട്ടാവും അതെന്നു..ഇത് കേള്‍ക്കുമ്പോള്‍ കുഞ്ഞീവിയുടെ മുഖം വീര്‍ക്കും ..അവള്‍ പറയുന്നതൊന്നും എനിക്ക് വിശ്വാസമില്ലെന്നു പറഞ്ഞ് സങ്കടപ്പെടും ..ഇങ്ങനെയൊക്കെ ജിന്നു പലതരത്തില്‍ കുഞ്ഞീവിയുടെ ജീവിതത്തില്‍ വന്നിരുന്നെങ്കിലും ഒരു വര്‍ഷമായ് ഞങ്ങള്‍ താമസിക്കുന്ന ഈ വീട്ടിലെ ജിന്നു കുറച്ച് കൂടി സജീവവും ശല്യവുമായാണല്ലോ സൌഹാര്‍ദ്ദം കാണിക്കുന്നത് എന്നു കൌതുകത്തോടെ ഊറി വന്ന ചിരിയെ അടക്കി ഞാന്‍ ചിന്തിച്ചു..അടുക്കളയിലേക്ക് ജനലില്‍ കൂടെ മതിലിന്നപ്പുറത്തെ വഴിവിളക്കിന്റെ പ്രകാശത്തില്‍ മുറ്റത്തെ ആര്യവേപ്പിന്റെ ചില്ലകളും യൂക്കാലി മരത്തിന്റെ ഇലകളും കാറ്റിലുലയുന്നതിന്റെ നിഴല്‍ കുഞ്ഞീവിയുടെ മുറിയുടെ വാതില്‍ പാളിയിലൂടെത്തി നോക്കുന്നതിനെ ജിന്നിന്റെ നൃത്തമായ് കാണുന്നതാവും അവള്‍ എന്ന സമാധാനത്തില്‍ ഞാനീ ജിന്നിനെ തളച്ചു .പക്ഷെ ഇതൊക്കെ എങ്ങനെ വിശദീകരിച്ചാലും കുഞ്ഞീവിക്ക് ആശ്വാസമേകുന്ന ഒന്നാവില്ല..ഒരിക്കലെന്നോട് ജിന്നിന്റെ വിളയാട്ടത്തെ അവള്‍ ഉപമിച്ചത് ജിംബൂബയോടായിരുന്നു..അന്നു സത്യത്തില്‍ അതാരാണെന്നെനിക്ക് മനസ്സിലായില്ല..പിന്നെ നയത്തിലവളോട് ചോദിച്ചപ്പോഴാണ്.അതു അലവുദ്ദീന്റെ അദ്ഭുത വിളക്കില്‍ നിന്നും വരുന്ന ഭൂതമാണെന്ന് പറഞ്ഞത്..കുഞ്ഞീവി അവളുടെ ഒഴിവ് വേളകള്‍ ആനന്ദകരമാക്കുന്നത് അടുക്കളയില്‍  സ്ഥാപിച്ചിട്ടുള്ള റ്റിവിയില്‍ ഏഷ്യാനെറ്റ് എന്ന ചാനല്‍ മാത്രം കണ്ടുകൊണ്ടാണ്..അതിലെ എല്ലാ സീരിയലുകളും കഥാപാത്രങ്ങളും അവള്‍ക്ക് മനഃപ്പാഠമാണ്..

അലസമായ മനസ്സിന്റെ വികലമായ ഭാവനകളാണിതെന്നും നിനക്കിവിടെ നില്ക്കാന്‍ ഇഷ്ടമുണ്ടെങ്കില്‍ മാത്രം നിന്നാല്‍ മതിയെന്നുമൊക്കെ എനിക്ക് പറയാം.. പക്ഷെ ഞാനിതൊക്കെ കണ്ടില്ലെന്നു വെച്ച് എനിക്കുള്‍ക്കൊള്ളാനാവാത്ത അവളുടെ അന്ധവിശ്വാസങ്ങളെ ഇടക്കൊക്കെ ശരിയാകാം എന്നു സമ്മതിക്കുന്നതിനു കാരണം ചില മാനുഷിക പരിഗണന കൊണ്ടു മാത്രമാണ്..കുഞ്ഞീവി ഞങ്ങളുടെ വീട്ടിലേക്ക് ഒരംഗമായ് വരുന്നതിനു മുന്‍പ് അവളനുഭവിച്ച മാനസികവ്യഥകള്‍ ഇത്തരം സ്പര്‍ദ്ധകളെ മാറ്റി വെപ്പിച്ച് അവളോടുള്ള എന്റെ ദീനാനുകമ്പ വര്‍ദ്ധിപ്പിക്കുന്നതിനുള്ള കാരണമായ്....ബുദ്ധി ഇത്തിരി പിന്നോക്കമാണെങ്കിലും ആള്‍ മിടുക്കിയാണ്.കല്യാണം കഴിഞ്ഞ് ഒരു കുഞ്ഞുണ്ടായതിനു ശേഷം സ്വന്തം അനിയത്തിയുമായ് ഓടിപ്പോയ ഭര്‍ത്താവില്‍ നിന്നും തന്റേടത്തോടെ വിവാഹമോചനം നേടി സ്വയം അധ്വാനിച്ച് വീട് പുലര്‍ത്തുകയും  മകനെ വളര്‍ത്തി വലുതാക്കുകയും ഞങ്ങളുടെ സഹായത്തോടെ ജോലിയോട് കൂടിയ വിസയില്‍ ഗള്‍ഫിലേക്ക് കൊണ്ടു വരികയും അവനു ഇരുപത്തിമൂന്നു വയാസാവുമ്പോഴേക്ക്കും വിവാഹം കഴിപ്പിക്കുകയും ചെയ്തു ജീവിത സമരങ്ങളെ ഒറ്റക്ക് തന്നെ നേരിട്ട കുഞ്ഞീവി  ;ഇനിയൊരു പുരുഷനേയും തന്റെ കൂടെ വാഴിക്കില്ല എന്നുറക്കെ പ്രഖ്യാപിച്ച് ലോകത്തെ മൊത്തം പുരുഷന്മാര്‍ക്കും ഊരു വിലക്ക് ഏര്‍പ്പെടുത്തിയ പഠിപ്പോ പത്രാസോ ഇല്ലാത്ത കുഞ്ഞീവിയുടെ മനഃസ്ഥൈര്യത്തെ ഞാനദ്ഭുതത്തോടെ കണ്ടു.പുരുഷന്മാരെ തീണ്ടപ്പാടകലത്തില്‍ നിര്‍ത്തി തലങ്ങും വിലങ്ങും കത്തിയെറിയുന്ന ഫെമിനിസ്റ്റാണവളെന്നെനിക്ക് തോന്നാറുണ്ട്..യൌവനത്തില്‍ ഭര്‍ത്താവിന്റെ സുരക്ഷിതത്വവും പരിലാളനയും നിഷേധിക്കപ്പെട്ട ഒരു സ്ത്രീയുടെ മനസ്സിന്റെ അഗാധതയില്‍ മയങ്ങുന്ന അവളുടെ കാമനകള്‍ .. കണ്ണീര്‍ പുഴകളുടെ ഉറവയായ റ്റെലിവിഷന്‍ സീരിയലുകളിലെ സ്ത്രീ കഥാപാത്രങ്ങളുടെ വികാരവിചാരങ്ങളോട് തന്റെയുള്ളിലെ സ്ത്രീയെ താദാത്മ്യം ചെയ്യാന്‍ തുനിയുന്നതിന്റെ മങ്ങിയ പ്രതിഫലനമാകാം ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്നു തോന്നുന്ന മിഥ്യാധാരണയെന്ന മനസ്സിന്റെ പ്രതിഭാസത്തില്‍ കിടന്ന് മധ്യവയസ്സ് കഴിഞ്ഞ കുഞ്ഞീവി ഉഴലുന്നത്...നാട്ടിലേക്ക് പോകാനിഷ്ടമില്ലാത്ത കുഞ്ഞീവി ഇടക്കൊക്കെ ഞങ്ങളുടെ സഹതാപം പിടിച്ച് പറ്റാന്‍ നടത്തുന്ന ഇത്തരം ശ്രമങ്ങളെ ഞാന്‍ മനഃപ്പൂര്‍വ്വം വകവെച്ച് കൊടുക്കുന്നു..തന്റെ കയ്യില്‍ നിന്നും പറ്റുന്ന എല്ലാ അബദ്ധങ്ങളും അറിഞ്ഞോ അറിയാതെയോ അവള്‍ ജിന്നിന്റെ തലയില്‍ കെട്ടി വെച്ച് ആ ജിന്നു അവളെ ഇവിടെ നിന്നും നാടു കടത്താന്‍ നടത്തുന്ന ശ്രമങ്ങളാണിതൊക്കെയെന്നു ഞങ്ങളെ ബോധ്യപ്പെടുത്തുകയാണു ഇതിലൂടെ. മനുഷ്യന്റെ ഇത്തരം മാനസികവ്യാപാരങ്ങള്‍ അവരുടെ മനോനിലയില്‍ മാത്രമല്ല ചിലപ്പോഴൊക്കെ സ്ഥിരം ഇതു തന്നെ കേള്‍ക്കുന്നവരുടെ മാനസിക സന്തുലിതാവസ്ഥയെ നിര്‍വീര്യമാക്കി അവരുടെ ക്ഷമയേയും കെടുത്തുന്നു..ഒരു വേള അവരും ചിന്തിച്ച് പോകും ദൃഷ്ടികള്‍ക്ക് മുന്നില്‍ വരാത്ത ജിന്നുകള്‍ നമുക്ക് മുന്നില്‍ സ്വൈര്യ വിഹാരം നടത്തുന്നു എന്നു പ്രത്യേകിച്ചും ജിന്നുകള്‍ക്ക് പേരുകേട്ട ഈ മരുഭൂമിയില്‍ .......